Thursday 19 October 2023 02:33 PM IST

വീടിനകത്തു പലയിടങ്ങളിലായി മുഴുനീളത്തിൽ കണ്ണാടി; വീടിനു വലുപ്പം തോന്നിപ്പിക്കും ടെക്നിക്! അറിയാം കോംപാക്ട് വീടുകളെ കുറിച്ച്..

Delna Sathyaretna

Sub Editor

ASIF6879-HDR

നോക്കെത്താത്ത, കണ്ണെത്താത്ത, ക യ്യെത്താത്തത്ര വലുപ്പമുള്ള വീടുകൾക്കു പകരം ഇപ്പോൾ പലരും തിരഞ്ഞെടുക്കുന്നതു കോംപാക്ട് വീടുകളാണ്. ഒാരോ മുക്കും മൂലയും പോലും വൃത്തിയുള്ള, താമസിക്കുന്നവർ തമ്മിൽ സ്നേഹത്തിന്റെ ഇഴയടുപ്പമുള്ള കുഞ്ഞൻ വീട്. തിരക്കുകൾക്കിടയിലും നന്നായി പരിപാലിക്കാൻ കഴിയുന്നതാണ് ഈ വീടുകളുടെ ഏറ്റവും വലിയ ഗുണം.

കുഞ്ഞൻ വീടുകൾ എപ്പോഴും ഭംഗിയായി ഒരുക്കിയിടാൻ സ്മാർടായ ചില വഴികളുണ്ട്. സ്ഥലപരിമിതി ഒരു പ്രശ്നമേ ആകാതെ, മനസ്സിനൊത്ത രീതിയിൽ കോംപാക്ട് വീട് സുന്ദരമാക്കാം.

ബങ്ക് ബെഡ്

ബങ്ക് ബെഡുകളും മർഫി ബെഡുകളും കുട്ടികളുടെ മുറിയിൽ നൽകാം. ചുവരിനോടു ചേർന്നു രണ്ടു തട്ടുകളായുള്ള ബെഡ് ആണ് ബങ്ക് ബെഡ്. ഇതിനോടു ചേർന്നു തന്നെ കുട്ടികളുടെ വാർഡ്രോബോ ലൈബ്രറിയോ നൽകാം. ചുവരിൽ നിന്നു തൂക്കിയിടുന്ന അല്ലെങ്കിൽ ചുവരിൽ അലമാരയ്ക്കൊപ്പം മടക്കി വയ്ക്കാവുന്ന തരത്തിലുള്ള ബെഡ് ആണ് മർഫി ബെഡ്. ഒന്നിൽ കൂടുതൽ കുട്ടികൾ ഒരു മുറി ഉപയോഗിക്കുമ്പോൾ തറയിൽ പരമാവധി സ്ഥലം ലാഭിക്കാൻ ഇതു സഹായിക്കും.

ASIF6857

ബേ വിൻഡോ

ജനാലകളുടെ താഴെയായി സ്റ്റോറേജ് ഒരുക്കാം. സ്റ്റോറേജിന്റെ മുകൾവശം സീറ്റായും ഉപയോഗിക്കാം. ജനാലയിലൂടെ കാഴ്ചകൾ കണ്ടു സ്വസ്ഥമായിരിക്കാനുള്ള ഫേവറിറ്റ് സ്പോട്ടാകും ഇവിടം.

ഉപയോഗിക്കാം വെർട്ടിക്കൽ സ്പേസ്

സ്ഥലപരിമിതിയെന്ന പ്രശ്നം മറികടക്കാൻ ചുവരുകൾ പ രമാവധി ഉപയോഗിക്കുകയാണു വേണ്ടത്.

മിക്ക വീടുകളുടെയും അടുക്കളയിലെ ഷെൽഫിൽ നോക്കൂ. ഷെൽഫിന്റെ ഉയരത്തിന്റെ പകുതിമാത്രം ഉയരമുള്ള ബോട്ടിലുകളാകും അതിൽ ഉണ്ടാകുക. ബാക്കിയാകുന്ന ഉയരം പകുത്തു മറ്റൊരു അറയാക്കാം.

ചുവരുകളിൽ നീളത്തിലുള്ള സ്റ്റോറേജ് റാക്ക് ഒരുക്കാം. സാധനങ്ങൾ വലിച്ചു വാരിയിടാതെ ഒതുക്കി വയ്ക്കാനും മുറിക്കു വലുപ്പം തോന്നിക്കാനും ഇതു സഹായിക്കും. ഈ ചുവരലമാരകളുടെ വാതിൽ മനോഹരമാക്കാം. അധികം ഭാരമില്ലാത്ത പെയിന്റിങ്ങോ മറ്റു വാൾ സ്റ്റിക്കറുകളോ കൊടുക്കാം. ട്രെയിൻ കംപാർട്ട്മെന്റിലെ െബർത് പോലെ ചുവരിനോടു ചേർത്തു മടക്കാവുന്ന കട്ടിലും മേശയും ഒരുക്കാം.

ASIF6895

പല ഉപയോഗങ്ങളുള്ള ഫർണിച്ചർ

ട്രാൻസിഷനൽ ഫർണിച്ചറാണു കുഞ്ഞൻവീടുകൾക്ക് ഏ റ്റവും നല്ലത്. കട്ടിലായും സോഫയായും ഉപയോഗിക്കാവുന്ന ഫർണിച്ചർ, ചുവരിൽ ചേർത്തു മടക്കാവുന്ന മേശയായും സ്റ്റോറേജായും ഉപയോഗിക്കാവുന്നവ, വാക് വേ ക ൺസോളായും സീറ്റായും ചെരിപ്പുകളുടെ സ്റ്റോറേജായും ഉപയോഗിക്കാവുന്ന ഫർണിച്ചർ, ലിഫ്റ്റ് അപ് ബെഡ് അല്ലെങ്കിൽ ഡ്രോയറുകളുള്ള കട്ടിൽ എന്നിവയൊക്കെ സ്ഥലം ലാഭിക്കാൻ സഹായിക്കുന്ന നല്ല മാർഗങ്ങളാണ്.

സ്റ്റോറേജ് എപ്പോഴും സ്മാർട്ടായി

സ്ഥലപരിമിതിയുള്ള വീടുകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് സാധനങ്ങളെല്ലാം ഒതുക്കി വയ്ക്കാനുള്ള സ്റ്റോറേജ് ബുദ്ധിപൂർവം ഒരുക്കാനാണ്. തറയുടെ ഭാഗം കഴിയുന്നത്ര തുറസ്സായിടാം. ക്ലീനിങ് എളുപ്പമാകാൻ ഇതു സഹായിക്കും.

കട്ടിലിന്റെയും സോഫയുടെയും മറ്റും അടിഭാഗം സ്റ്റോറേജാക്കാം. ചുവരിനോടു ചേർന്ന് ഇൻബിൽറ്റ് മേശ, കുഞ്ഞു സ്റ്റാൻഡുകൾ എന്നിവയൊക്കെ ഒരുക്കാം. അടുക്കളയിൽ പാത്രങ്ങളെല്ലാം വയ്ക്കാനുള്ള കബോർഡും ബെഡ്റൂമിലെ വാർഡ്രോബും ക്രിയാത്മകമായി ചിന്തിച്ചു സ്ഥലനഷ്ടം വരാത്ത രീതിയിൽ പണിയണം.

അറിയാം ഡീ ക്ലട്ടറിങ്

ഏറെക്കാലമായി ഉപയോഗിക്കാത്ത സാധനങ്ങൾ എന്നെങ്കിലുമൊരിക്കൽ ഉപയോഗം വരാൻ സാധ്യതയുണ്ടെന്ന പേരിൽ സൂക്ഷിച്ചു വയ്ക്കുന്നത്  ഒഴിവാക്കാം.  വീട്ടിൽ ഓരോ വസ്തുക്കൾ വയ്ക്കുമ്പോഴും സ്വയം ചോദിക്കുക; ‘ഇതിവിടെ ആവശ്യമുണ്ടോ? ഇതിനെക്കാൾ കൂടുതൽ ആ വശ്യമുള്ള മറ്റെന്തെങ്കിലും ഇവിടെ വയ്ക്കാനുണ്ടോ?’

അത്യാവശ്യമാണെന്നു ബോധ്യമുള്ള സാധനങ്ങൾ മാത്രം വീട്ടിൽ വയ്ക്കാം. ഉപേക്ഷിക്കാൻ തീരെ മനസ്സില്ലാത്ത സാധനങ്ങൾ, കണ്ണെത്താത്ത സ്റ്റോറേജ് എവിടെയെങ്കിലുമൊരുക്കി അതിൽ സൂക്ഷിക്കാം.

ASIF6923-HDR

നിറങ്ങൾ നൽകുമ്പോൾ

വീടിനകത്തു പലയിടങ്ങളിലായി മുഴുനീളത്തിൽ കണ്ണാടി നൽകുന്നതു വീടിനു വലുപ്പം തോന്നിപ്പിക്കും. ഇടുങ്ങിയ സ്ഥലമാണെന്ന പ്രതീതി മാറും. ചുവരിന്റെ മുഴുവൻ പൊക്കത്തിൽ അതായത് ഏകദേശം ഒൻപതടിയോ അതിൽ കൂടുതലോ ഉയരത്തിൽ കർട്ടനിടുന്നതു മുറിക്കു വലുപ്പം തോന്നിപ്പിക്കും. ആക്സന്റ് ചുവര് നൽകുന്നതും നല്ലതാണ്. ഇരുണ്ടനിറങ്ങൾ നൽകിയാൽ വിശാലത കുറവേ തോന്നിക്കൂ. അതുകൊണ്ട് PU പെയിന്റ് പോലെ കഴുകിത്തുടയ്ക്കാവുന്ന തരത്തിലെ ഇളം നിറങ്ങൾ നൽകാം.

വിവരങ്ങൾക്കു കടപ്പാട് : സോണിയ ലിജേഷ്, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര

Tags:
  • Vanitha Veedu