Monday 06 September 2021 04:24 PM IST

വീട് മൊത്തം സോളറിൽ! 2950 ചതുരശ്രയടിയിൽ ഒരുങ്ങിയ വീടിന് കന്റെംപ്രറി ഡിസൈനിന്റെ ഭംഗിയും

Sunitha Nair

Sr. Subeditor, Vanitha veedu

solar 4

കൊച്ചി ഇടപ്പള്ളിയിലെ നെല്ലിശേരി വീടിനൊരു പ്രത്യേകതയുണ്ട്. 2950 ചതുരശ്രയടിയിലുള്ള ഈ വീട് പ്രവർത്തിക്കുന്നത് സോളറിലാണെന്നതു തന്നെ! മൂന്ന് കിലോവാട്ട് സോളർ യൂണിറ്റിൽ നിന്നാണ് വീട്ടിലേക്കുള്ള മുഴുവൻ വൈദ്യുതിയും ഉൽപാദിപ്പിക്കുന്നത്. മാത്രമല്ല, ഭംഗിയിലും നെല്ലിശേരി വീട് മുന്നിൽത്തന്നെ.

solar7

പോൾ ഫ്രാൻസിസിനും മകൻ ഡെൽജോയ്ക്കും വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. കൃത്യമായി പഠിച്ചതിനു ശേഷമാണ് വീടുപണിയാൻ ഇറങ്ങിത്തിരിച്ചത്. കന്റെംപ്രറി ഡിസൈൻ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. വീടിനു മുന്നിലും വശങ്ങളിലുമായി നാല് കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം നൽകിയിട്ടുണ്ട്.

solar2

താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ്, അടുക്കള, കിടപ്പുമുറി എന്നിവയും മുകളിലെ നിലയിൽ ലിവിങ് ഏരിയ, രണ്ട് കിടപ്പുമുറികൾ, രണ്ട് ബാൽക്കണി എന്നിവയുമാണുള്ളത്. പ്രധാന വാതിലും ജനലും തേക്കിൽ പണിതു. കിടപ്പുമുറികളുടെ വാതിലുകളെല്ലാം കംപ്രസ്ഡ് വുഡ് കൊണ്ടാണ്. മുൻവാതിലൊഴിച്ച് പുറത്തേക്കുള്ള മറ്റ് വാതിലുകളെല്ലാം സുരക്ഷയെ കരുതി സ്റ്റീൽ ഡോർ ആണ്. ജനലുകളും ബാൽക്കണിയുടെ സ്ളൈഡിങ് വാതിലുകളും യുപിവിസി കൊണ്ടാണ്.

solar8

എല്ലാ മുറികളിലും ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്. സാനിറ്ററി, ഇലക്ട്രിക്, പ്ലമിങ് ഉൽപന്നങ്ങളെല്ലാം ഗുണനിലവാരമുള്ളവ തിരഞ്ഞെടുത്തു. സ്റ്റെയർകെയ്സ് കോൺക്രീറ്റിലല്ല നിർമിച്ചത്. മൈൽഡ് സ്റ്റീൽ ഫ്രെയിമിൽ തേക്കിൻ തടി പാകി യിരിക്കുകയാണ്. റെയിലിങ് അലുമിനിയം - ഗ്ലാസ് കോംബിനേഷനിലാണ്. വെന്റിലേഷനിൽ ശ്രദ്ധിച്ചിട്ടുള്ളതിനാൽ പകൽ ഇവിടെ ലൈറ്റിടേണ്ട ആവശ്യമില്ല. സ്റ്റെയറിനു മുകളിലെ സ്കൈലൈറ്റ് ഓപനിങ്ങും വീടിനുള്ളിൽ നിറയെ വെളിച്ചം ഉറപ്പാക്കുന്നു.

solar5

വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന്. കിടപ്പുമുറികളിൽ മാറ്റ് ഫിനിഷ് ടൈൽ ഉപയോഗിച്ചു. വാട്ടർപ്രൂഫ് മറൈൻ പ്ലൈകൊണ്ടാണ് കിച്ചൻ കാബിനറ്റും വാഡ്രോബുകളും. ബ്രൗൺ, വെള്ള, ഗ്രേ എന്നീ നിറക്കൂട്ടാണ് ഇൻറീരിയറിൽ പൊതുവെ ഉപയോഗിച്ചിരിക്കുന്നത്. നീല, പിങ്ക്, ചുവപ്പ് എന്നിവയുടെ സാന്നിധ്യവും ഇടയ്ക്ക് കാണാം.

solar9

മക്കളുടെ മുറികളിൽ അവരുടെ പേരിന്റെ ആദ്യാക്ഷരം ഡിസൈൻ ആയി നൽകിയിട്ടുണ്ട്. മാസ്റ്റർ ബെഡ് റൂമിൽ വോക്ക് ഇൻ വാഡ്രോബും ബേ വിൻഡോയും ഒരുക്കി. മാലിന്യ നിർമാർജനത്തിനുള്ള സംവിധാനവും ഉണ്ട്.

solar6
Tags:
  • Vanitha Veedu