Friday 23 September 2022 05:25 PM IST

വീടുവയ്ക്കുമ്പോൾ എന്നും വീട്ടിലുള്ളവരെ ഓർക്കാറുണ്ടോ? ഇതാ, എല്ലാവരെയും തൃപ്തിപ്പെടുത്തിയ ട്രെഡീഷനൽ വീട്

Sunitha Nair

Sr. Subeditor, Vanitha veedu

sa1 വീടിന്റെ പുറംകാഴ്ച

ദുബായിൽ ജോലി ചെയ്യുന്ന പി.എം. വിജയകുമാരനും അനിതയും സ്വന്തം നാടായ പെരിന്തൽമണ്ണയിൽ വിശ്രമജീവിതം ചെലവിടാനായാണ് പുതിയ വീടു വച്ചത്. അതിനനുസരിച്ചാണ് ആർക്കിടെക്ട് സന്ധ്യ വീട് രൂപകൽപന ചെയ്തതും. കേരളീയ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ഇണങ്ങുന്ന ഡിസൈനാണ് 3000 ചതുരശ്രയടിയിലുള്ള ഈ വീടിന്.

പൊതുവേ ആളുകൾ ജോലിസംബന്ധമായി പുറത്തായതിനാൽ പകൽ വീട്ടിൽ അധികം കാണില്ല. എന്നാൽ വിശ്രമജീവിതം നയിക്കുന്നവരാകുമ്പോൾ വീട്ടിലാകും അധിക സമയവും ചെലവിടുന്നത്. ഇതു മനസ്സിൽ വച്ചാണ് സന്ധ്യ വീടിന്റെ ഡിസൈൻ നിർവഹിച്ചത്. പൊതുഇടങ്ങൾക്ക്് കൂടുതൽ പ്രാധാന്യം നൽകി. കിടപ്പുമുറികൾ കിടക്കാൻ വേണ്ടി മാത്രം എന്ന നയം കൈക്കൊണ്ടു. ലാൻഡ്സ്കേപ്പിനെ പൊതുഇടങ്ങളുടെ ഭാഗമാക്കിയതുവഴി അവിടെ കൂടുതൽ നേരം മടുപ്പില്ലാതെ ചെലവഴിക്കാനും ആസ്വദിക്കാനും സാധിക്കുന്നു. ഫോർമൽ ലിവിങ്, ഡൈനിങ് എന്നിവിടമാണ് വീടിന്റെ ഹൃദയം. അടുക്കളയിൽ നിന്ന് ഓപനിങ് വഴി ഇവിടവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

വീടിനു മുന്നിൽ വലിയ അപാർട്മെന്റുണ്ട്. അവിടെ നിന്ന് ഇവിടേക്ക് കാഴ്ചയെത്തും. അതുകൊണ്ട് വീടിന്റെ മുൻഭാഗത്തിന് അധികം പ്രാധാന്യം നൽകിയില്ല. പകരം ഡൈനിങ് ഏരിയയെ ശ്രദ്ധാകേന്ദ്രമാക്കി. ഡൈനിങ്ങിൽ നിന്ന് സ്ലൈഡിങ് വാതിൽ വഴി ലാൻഡ്സ്കേപ്പിലേക്കിറങ്ങാം. പ്രകൃതിഭംഗി ആസ്വദിക്കാൻ സാധിക്കുന്ന ഡൈനിങ്ങും അവിടെനിന്നുള്ള വരാന്തയുമാണ് വീട്ടുകാരുടെ ഇഷ്ടയിടം.

sa2 ഡൈനിങ്ങിൽ നിന്നുള്ള വരാന്ത

വീടു കെട്ടിയത് ചെങ്കല്ല് കൊണ്ടാണ്. പുറമേക്കുള്ള ചുമരിന്റെ ഒരു ഭാഗം തേക്കാതെ നിലനിർത്തി. മേൽക്കൂരയിൽ കുറച്ചു ഭാഗമേ വാർത്തിട്ടുള്ളൂ. ബാക്കിയിടങ്ങളിൽ മെറ്റൽ ഫ്രെയിമിൽ ഓട് വിരിച്ചു. കാർപോർച്ചിനും വീടിനും മുകളിലായുള്ള മുഖപ്പുകൾ വീടിന് കേരളീയ തനിമയേകുന്നു.

ഫർണിച്ചർ, സീലിങ് എന്നിങ്ങനെ പലയിടങ്ങളിൽ തടി ഉപയോഗിച്ചിട്ടുണ്ട്. വീട്ടുകാരുടെ കൈയിലുണ്ടായിരുന്ന കുറച്ച് ഫർണിച്ചർ ഒഴിച്ച് ബാക്കിയെല്ലാം തേക്കിൽ പുതിയതായി പണിയിച്ചു. ജനലുകളും വാതിലുകളുമെല്ലാം തേക്കു കൊണ്ടാണ്.

തടിയും ജയ്സാൽമീറും കൊണ്ടാണ് സ്റ്റെയർകെയ്സ്. അടുക്കളയിലെ കാബിനറ്റും കിടപ്പുമുറികളിലെ വാ‍ഡ്രോബുമെല്ലാം തേക്കിന്റെ നാച്വറൽ ഫിനിഷിലാണ്. താഴെയും മുകളിലുമായി നാല് കിടപ്പുമുറികളാണ്. അവ വളരെ ലളിതമായാണ് സജ്ജീകരിച്ചിരിക്കുന്നത്.

sa3 വിജയകുമാരനും കുടുംബവും, അടുക്കളയിൽ നിന്ന് ഡൈനിങ്ങിലേക്കുള്ള കാഴ്ച

വീട്ടുകാർക്ക് അവരുടെ പഴയ തറവാടിന്റെ ഓർമകളുണർത്തുന്ന വീട് വേണമെന്നായിരുന്നു ആഗ്രഹം. ഒപ്പം ആധുനിക സൗകര്യങ്ങൾ വേണമെന്നും. ഈ രണ്ട് ആഗ്രഹങ്ങളും ഇവിടെ സാധിച്ചിട്ടുണ്ട്.