Tuesday 09 July 2019 06:39 PM IST : By സ്വന്തം ലേഖകൻ

വേഗത്തിൽ പൂവിടും ‘ഡച്ച് മാൻസ് പൈപ്പ് വൈൻ’; വള്ളിച്ചെടികളുടെ സംഘത്തിലേക്ക് പുതിയ അതിഥിയെത്തി!

gargen-wine-plant

ആകർഷകമായ പൂക്കൾ നിറഞ്ഞ വള്ളിച്ചെടികൾ ഉദ്യാനത്തെ ആകർഷകമാക്കും. മതിൽ, കമ്പിവേലി, ട്രെല്ലി തുടങ്ങി ഉദ്യാനത്തിന്റെ ഭാഗങ്ങൾ മോടിയാക്കാൻ  പലതരം വള്ളിച്ചെടികളെ കൂട്ടു പിടിച്ചാൽ മതി. ഗാർഡൻ ഹട്ടിന്റെയും പർഗോളയുടെയും മേൽക്കൂരയ്ക്ക് ഹരിതഭംഗി നൽകാനും വള്ളിച്ചെടികൾ പടർത്തി വിട്ടാൽ മതി. വേഗത്തിൽ വളരുന്ന നിത്യഹരിത പ്രകൃതമുള്ള ഇനങ്ങളാണ് എല്ലാക്കാലത്തും  തണലും ഭംഗിയും ഒരുപോലെ പ്രദാനം  ചെയ്യുക. ഞാന്നു കിടക്കുന്ന പൂക്കൾ വിരിയുന്ന വള്ളിച്ചെടി പടർത്തിയ  പർഗോളയുടെ ഭംഗി ഒന്നു േവറെ തന്നെയാണ്. പല നിറത്തിലെ വള്ളിച്ചെടികൾ െകാണ്ട് ഉദ്യാനം ഇങ്ങനെ ഭംഗിയായി അലങ്കരിക്കാനാകും. ഇങ്ങനെ ഉ ദ്യാനത്തിൽ അഴക് വിടർത്തും വള്ളിച്ചെടികളുടെ ഗണത്തിലേക്കു പുതുതായെത്തിയ ചെടിയാണു ഡച്ച് മാൻസ് പൈപ്പ് വൈൻ. നല്ല വലുപ്പത്തിൽ, കണ്ണിനു കൗതുകമുണർത്തും  പൂക്കളാണ് ഈ വള്ളി പുഷ്പിണിയിൽ ഉണ്ടാകുക. ഉദ്യാനത്തിനു വേറിട്ട ഭംഗിയേകും ഡച്ച് മാൻസ് പൈപ്പ് വൈനിന്റെ പരിപാലനരീതിയെക്കുറിച്ച് അറിയാം.

അലങ്കാരമാകും വള്ളിച്ചെടി

നാടൻ ഔഷധച്ചെടിയായ കരളയത്തിന്റെ ജനുസ്സിൽപ്പെടുന്ന അലങ്കാര ഇനമാണ് ഈ പൂച്ചെടി. വളഞ്ഞ കുഴലിന്റെ ആകൃതിയിലുള്ള വാദ്യോപകരണത്തോട് രൂപസാദൃശ്യമുള്ള വലിയ പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു കാണാൻ  പ്രത്യേക അഴകാണ്. ഒരടിയോളം നീളമുള്ള പൂവിന്റെ വലിയ വായ് ഭാഗത്തിനാണു കൂടുതൽ ഭംഗി. തവിട്ടു നിറമുള്ള വായ് ഭാഗത്ത് നിറയെ വരകളും പുള്ളികളും കാണാം. പൂവിന്റെ ഉള്ളിലേക്കു മഞ്ഞ നിറമാണ്. നിത്യഹരിത പ്രകൃതമുള്ള വള്ളിച്ചെടിയിൽ ഹൃദയാകൃതിയിലുള്ള ഇലകൾ തിങ്ങിനിറഞ്ഞാണ് ഉണ്ടാകുക. അത്ര ബലമില്ലാത്ത നേർത്ത തണ്ടുകൾ പ്രതലത്തിൽ വേഗം പടർന്നു കയറും.

 കേരളത്തിലെ കാലാവസ്ഥയിൽ മഴക്കാലം കഴിഞ്ഞാൽ ഈ വള്ളിച്ചെടി സമൃദ്ധമായി പുഷ്പിക്കും. അത്ര മൂപ്പാകാത്ത കമ്പ് നട്ട് ചെടി വളർത്തിയെടുക്കാം. കമ്പ് മുറിച്ചു നട്ടു വളർത്തിയെടുത്ത തൈകളാണ് വിപണിയിലും ലഭിക്കുക. നേരിട്ടു വെയിൽ കിട്ടുന്നയിടത്ത് നട്ടാൽ ൈപപ്പ് വൈൻ ചെടി നന്നായി പൂവിടും.

പരിപാലനരീതി

നടീൽ മിശ്രിതത്തിൽ ഉണങ്ങിയ ചാണകപ്പൊടിയോ മണ്ണിര കംപോസ്റ്റോ വളമായി ചേർക്കാം. മിശ്രിതത്തിൽ ചികിരിച്ചോറ് ചേർക്കുന്നത് ഈർപ്പം നിലനിർത്താൻ ഉപകരിക്കും. പടർത്തി കയറ്റുവാൻ ഉദ്ദേശിക്കുന്ന പ്രതലത്തിലേക്കു ചെടി  വളർന്നു കയറാൻ വേണ്ട സൗകര്യമൊരുക്കണം.  ഇതിനു വേണ്ടി പുതുതായി ഉണ്ടായി വരുന്ന നാമ്പുകൾ തണ്ടായി ഉപയോഗിച്ചിരിക്കുന്ന തണ്ടിലേക്കോ വള്ളിയിലേക്കോ ചുറ്റിക്കൊടുക്കുന്നത് നല്ലതാണ്.

പൂമൊട്ട് വിരിയാൻ നാല് – അഞ്ച് ദിവസം  കാലതാമസമെടുക്കും. അനുകൂല കാലാവസ്ഥയിൽ പൂക്കൾ മൂന്ന് നാല് ദിവസം കൊഴിയാതെ നിൽക്കും. ഉയർന്ന പ്രതലത്തിലേക്കു പോലും  പടർന്നു കയറാൻ കഴിവുള്ള പൈപ്പ് വൈൻ നട്ടിരിക്കുന്നിടത്ത് അധികസമയം ജലം തങ്ങി നിന്നാൽ ഇലകൾ കൂട്ടത്തോടെ പൊഴിയാനിടയുള്ളതിനാൽ നന കരുതലോെടയാവണം. ശരിയായ രീതിയിൽ പരിപാലിച്ചാൽ വേഗത്തിൽ വളരുകയും  പൂവിടുകയും ചെയ്യുന്ന ഈ വള്ളിച്ചെടി ഉദ്യാനത്തിന് എന്നും അഴകേകും.

വിവരങ്ങൾക്കു കടപ്പാട്: ജേക്കബ് വർഗീസ് കുന്തറ, റിട്ട. അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, കൊച്ചി

Tags:
  • Gardening
  • Vanitha Veedu