Tuesday 07 March 2023 11:43 AM IST

മുടി കൊഴിച്ചില്‍ തടയുന്നതിനും തിളങ്ങുന്ന ചർമ്മത്തിനും പ്രോട്ടീൻ ലഡു, വിമൻസ് ഡേ സ്പെഷൽ റെസിപ്പി!

Liz Emmanuel

Sub Editor

ladooo35

തിരക്കു പിടിച്ച ജീവിതത്തിൽ സ്ത്രീകൾ പലപ്പോഴും മറക്കുന്നത് അവരെ തന്നെയാണ്. വീട്ടിലെയും ഓഫീസിലെയും കാര്യങ്ങൾക്കിടയിൽ അവർക്കായി മാറ്റി വയ്ക്കാൻ സമയം ഇല്ലാതെ പോകുന്നു. പലപ്പോഴും പലനേരങ്ങളിലെയും ഭക്ഷണം പോലും ഒഴിവാക്കുന്നു. എന്നാൽ ഇനി ആ സങ്കടം വേണ്ട. ഇതാ നിങ്ങൾക്കായി ഈസി പ്രോട്ടീൻ ലഡു റെസിപ്പി. ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിച്ചാൽ നിങ്ങൾക്കാവശ്യമായ എല്ലാ എനർജിയും ലഭിക്കും. തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

പ്രോട്ടീൻ ലഡു

1.വെളുത്ത എള്ള് – അരക്കപ്പ്

ഫ്ലാക്സ് സീഡ് – ഒരു കപ്പ്

ബദാം – അരക്കപ്പ്

മെലൺ സീഡ് – അരക്കപ്പ്

2.വെള്ളം – കാല്‍ കപ്പ്

ശർക്കര – ഒരു കപ്പ്

3.ഏലയ്ക്കപ്പൊടി – ഒരു ചെറിയ സ്പൂൺ

4.നെയ്യ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ ഒന്നാമത്തെ ചേരുവ വെവ്വേറെ ചൂടാക്കി തണുക്കാൻ മാറ്റി വയ്ക്കുക.

∙തണുത്ത ശേഷം മിക്സിയിൽ നന്നായി പൊടിച്ചു വയ്ക്കണം.

∙ഒരു പാനിൽ രണ്ടാമത്തെ ചേരുവ ചേർത്തു പാനി തയാറാക്കുക.

∙ഒരുനൂൽ പരുവമാകുമ്പോൾ അരിച്ചെടുക്കുക.

∙മറ്റൊരു പാനിലേക്ക് ശർക്കരപാനി ഒഴിച്ചു തിളയ്ക്കുമ്പോൾ ഏലയ്ക്കപ്പൊടിയും ഒന്നാമത്തെ ചേരുവ പൊടിച്ചതു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

∙നെയ്യ് ചേർത്തു വീണ്ടും ഇളക്കി യോജിപ്പിക്കണം.

∙പാനിന്റെ വശങ്ങളിൽ നിന്നും വിട്ടു വരുന്ന പരുവമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്കു മാറ്റുക.

∙കൈയിൽ നെയ്യ് തടവി ചെറു ചൂടോടെ ഉരുട്ടിയെടുക്കാം.

∙വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം.

Tags:
  • Desserts
  • Pachakam
  • Snacks