Saturday 07 March 2020 02:43 PM IST

‘എല്ലുകൾ നുറുങ്ങിയപ്പോഴും നിവർന്നു നിന്നവൾ’; ദീനക്കാരിയല്ല പാത്തു, ധീര!

Binsha Muhammed

fathima-asla

നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി... ഫാത്തിമ അസ്‍ലയുടെ ഫെയ്സ്ബുക്ക് വാളിലെഴുതിയ വരികൾ എത്രയോ ശരിയാണ്. കാറും കോളും കരിമേഘങ്ങളും എത്രയോ വട്ടം അവളുടെ ജീവിതത്തിന് മേൽ പെയ്തിറങ്ങി. അടുക്കിപ്പെറുക്കി വച്ച സ്വപ്നങ്ങളെ ശാരീരിക പരിമിതി നിർദാക്ഷിണ്യം കടപുഴക്കി. അപ്പോഴും ആ മുഖത്തെ പുഞ്ചിരി മാത്രം പെയ്തൊഴിയാതെ അങ്ങനെ നിന്നു. സ്വപ്നങ്ങളെ ഇല്ലാതാക്കാൻ വിധി പലകുറിയെത്തി. അപ്പോഴും അവൾ ഒന്നുമറിയാതെ പുഞ്ചിരിച്ചു. ആ പുഞ്ചിരി കണ്ട് അവളെ നോവിച്ചു മടുത്ത വിധി അകലേക്കെവിടെയോ നാണിച്ചകന്നു പോയി.

നിവർന്നൊന്നു നിൽക്കാനാകില്ല. ഒരടി മുന്നിലേക്കെടുത്തു വച്ചാൽ മതി എല്ലുകൾ പൊടിഞ്ഞിറങ്ങും. അതു നൽകുന്ന വേദന ഫാത്തിമയ്ക്കും ഫാത്തിമയുടെ പടച്ചോനും മാത്രമറിയുന്ന സത്യം. ‘വയ്യാത്ത കുട്ടിയെന്ന’ മേൽവിലാസക്കാരി ഡോക്ടർ കുപ്പായം ഖൽബിൽ തയ്ച്ചു തുടങ്ങിയപ്പോഴേ ചോദ്യമെത്തി. ‘ഇതൊക്കെ നിന്നെക്കൊണ്ട് കൂട്ടിയാ കൂടോ പാത്ത്വേ...’ ആ ചോദ്യത്തേക്കാളും വലിയ വേദന കൊടുത്ത വിധി അതിനേയും മറക്കാൻ ശീലിപ്പിച്ചു.

fathima-asla

ദുഃഖവും ദുരിതവും കൂടപ്പിറപ്പിറപ്പാക്കിയ പാത്തു പ്രതിബന്ധങ്ങൾക്കു മേലെ ചവിട്ടി നടന്ന കഥയാണിത്. പരീക്ഷണങ്ങൾക്കു മുന്നിൽ പകച്ചു പോകുന്ന പെൺമനസുകൾക്ക് പെണ്ണൊരുത്തി വഴികാട്ടിയായ കഥ. മനസാന്നിദ്ധ്യമുണ്ടെങ്കിൽ ഏതു വേദനയേയും അതിജയിക്കമെന്ന് തെളിയിച്ച നിശ്ചയദാർഢ്യത്തിന്റെ കഥ. വീൽചെയറിൽ നിന്നും നിവർന്നു നിന്ന് പോരാടുന്ന അസ്‍ല ഫാത്തിമയെന്ന അതിജീവനത്തിന്റെ കഥ വനിത ഓൺലൈൻ വായനക്കാർക്കായി...

സ്വന്തം കാലിൽ പാത്തു

ഒന്നു പിച്ചവയ്ക്കാൻ എത്രയോ വട്ടം കൊതിച്ചവളാണ് ഞാൻ. അങ്ങനെ ചെയ്തപ്പോഴൊക്കെ വിധി എനിക്ക് കുറിച്ചിട്ടത് മാസങ്ങൾ നീളുന്ന തടവറയാണ്. ശരീരഭാരം താങ്ങാനാകാതെ തുടയെല്ല് പൊട്ടി കട്ടിലിൽ ഒരേ കിടപ്പ്. പ്രാഥമികാവശ്യങ്ങൾക്കു പോലും മറ്റുള്ളവരുടെ സഹായം തേടണം. പക്ഷേ സ്വന്തം കാലിലുള്ള ഈ നിൽപ്പില്‍ ഞാനൊരു സാധാരണ ജീവിതം സ്വപ്നം കാണുന്നുണ്ട്. എനിക്കും മറ്റുള്ളളരെ പോലെ ജീവിക്കാൻ കഴിയും– ഫാത്തിമ പറഞ്ഞു തുടങ്ങുകയാണ്.

fath

ഇക്കാലയളവിൽ മൂന്ന് സർജറികളാണ് കഴിഞ്ഞത്. അതു കഴിഞ്ഞതോടെ വോക്കറിന്റെ സഹായത്തോടെ മെല്ലെ മെല്ലെ നടക്കാമെന്നായി. ഒത്തിരി ദൂരത്തേക്ക് പോകാനാകില്ലെങ്കിലും സമീപ ഭാവിയിൽ എല്ലുകൾക്ക് ബലം ലഭിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരുപാടു പേരുടെ ദുആയും (പ്രാർത്ഥന) സഹായവുമാണ് എനിക്കീ മാറ്റം തന്നത്. കാരണം എന്നെ ചികിത്സിക്കാനോ പഠിപ്പിക്കാനോ ഉള്ള സാമ്പത്തിക സ്ഥിതിയൊന്നും കുടുംബത്തിനില്ല. ഉപ്പ അബ്ദുൾ നാസറിനും എന്നെപ്പോലെ എല്ലു പൊടിയുന്ന രോഗമാണ്. എന്റെ അത്രയും സീരിയസ് അല്ലെങ്കിലും ജോലിക്കൊന്നും പോകാനാകില്ല. പരാധീനതകൾക്കിടയിൽ ഡോക്ടറാകാൻ കൊതിച്ചപ്പോഴും എല്ലാവരും കൂടെ നിന്നു. പണമില്ലാത്തവളുടെ പകൽ സ്വപ്നം എന്നു പറയാതെ എന്നെ പഠിപ്പിച്ചു. ചികിത്സാ സഹായം വേണ്ടപ്പോഴൊക്കെ ഓടിയെത്തി. എല്ലാവരോടുമുള്ള നന്ദി പറഞ്ഞാൽ തീരില്ല. നിങ്ങളുടെ പ്രാർത്ഥനയുണ്ടെങ്കിൽ ഞാൻ ജീവിതം തിരിച്ചു പിടിക്കും. പൂർണ ആരോഗ്യത്തോടെ.

വേദനിപ്പിക്കുന്ന നോട്ടങ്ങൾ

സഹതാപക്കമ്മിറ്റിക്കാർ പറയും പോലെ ഞാൻ ‘ദീനക്കാരിയാണെന്ന’ ബോധ്യം എനിക്കുണ്ട്. പക്ഷേ അതിന്റെ പേരിൽ കണ്ണീരും കിനാവുമായി ജീവിക്കാൻ എനിക്ക് മനസില്ലായിരുന്നു. പക്ഷേ വേദനകളെ മറികടന്ന് ജീവിക്കാൻ ഇറങ്ങിത്തിരിച്ചവളെ വികലാംഗയാക്കിയ ചിലരുണ്ട്. എൻട്രൻസും കഴിഞ്ഞ് എംബിബിഎസിന് ഇറങ്ങിത്തിരിച്ചപ്പോൾ ‘വയ്യാത്ത കുട്ടിയാണ്, നിനക്ക് ഇതിനൊന്നും കഴിയില്ല എന്ന് പറഞ്ഞ് ആട്ടിയിറക്കിയവരുണ്ട്. മെഡിക്കൽ ബോർഡ് പ്രതിനിധികളിൽ നിന്നും ഞാൻ അന്നു കേട്ടതാണ് ഏറ്റവും വലിയ വേദന. അതിലും വലിയ വെല്ലുവിളിയൊന്നും പടച്ചോൻ എനിക്ക് തന്നിട്ടില്ല. പക്ഷേ അങ്ങനെ പറഞ്ഞവർക്കു മുന്നിൽ നല്ല മാർക്ക് വാങ്ങി തിരികെയെത്തി സ്റ്റെതസ്കോപ്പും തൂക്കി നടക്കുമ്പോൾ എന്തെന്നില്ലാത്തൊരു സുഖമുണ്ട്. നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ലെന്ന് പറഞ്ഞവരുടെ മുന്നിൽ ഇങ്ങനെ നട്ടെല്ല് നിവർ‌ത്തി നിൽക്കാൻ കഴിയുന്നില്ലേ...അതിലും വലുത് എന്ത് വേണം. പിന്നെ മറ്റൊരു വിഭാഗമുണ്ട്. എന്റെ വേദന കാര്യമാക്കാതെ ഞാൻ നടന്നു പോകുമ്പോൾ ചിലർ ഭൂമി ഇടിഞ്ഞു വീണ മാതിരി താടിക്കു കൈയ്യും കൊടുത്ത് എന്നെ നോക്കി നിൽപ്പായിരിക്കും. എന്തോ വിചിത്ര ജീവിയെ നോക്കും പോലെ. ആ കാഴ്ച നൽകുന്ന അസ്വസ്ഥത പറഞ്ഞറിയിക്കാനാകില്ല. കോട്ടയം ഹോമിയോ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയാണ് ഞാനിപ്പോൾ. ഉപ്പയാണ് എനിക്കൊപ്പം സഹായത്തിനുള്ളത്.

സ്വപ്നങ്ങളിലുണ്ടൊരു നിക്കാഹ്

ആർക്കും ബാധ്യതയാകണമെന്ന് അന്നും ഇന്നും കരുതിയിട്ടില്ല. അതേസമയം തന്നെ മറ്റൊരാളുടെ കൂട്ടില്ലാതെ അധികകാലം ഇങ്ങനെ പോകാനാകില്ലെന്നും ഉത്തമ ബോധ്യമുണ്ട്. എന്റെ വേദനകളെ മനസിലാക്കുന്ന...ഞാന്‍ ബാധ്യതയാകുമെന്ന് കരുതാത്ത ഒരാൾ ജീവിതത്തിലേക്ക് വന്നാല്‍ ഇൻഷാ അല്ലാഹ് സ്വീകരിക്കും. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് പലരും വരുന്നുണ്ട്. പക്ഷേ പിജി കൂടി കഴിഞ്ഞിട്ട് മതിയെന്നാണ് തീരുമാനം. പിന്നെ കുഞ്ഞുനാൾ തൊട്ട് ആശുപത്രിയായിരുന്നു എന്റെ സെക്കൻഡ് ഹോം. ഒരുപാടു പേരുടെ വേദന കണ്ടിട്ടുണ്ട്, അടുത്തറിഞ്ഞിട്ടുണ്ട്. അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും പ്രചോദനം നൽകാനും കഴിയുന്ന ഒരു മോട്ടിവേഷണൽ സ്പീക്കറാകണമെന്ന സ്വപ്നവും ബാക്കി. ഇത്രയും തന്ന പടച്ചോന്‍ അതും തരും. ഉറപ്പ്– ഫാത്തിമ പറഞ്ഞു നിർത്തി.