യു കെ നഴ്സിങ് നിയമം തെറ്റായി വ്യാഖ്യാനിച്ചു യുകെയിൽ ജോലി വാഗ്ദാനം. മലയാളികൾ ആയ ഡോ.അജിമോൾ പ്രദീപും ഡോ. ഡില്ല ഡേവിസും ചേർന്ന് ദീർഘകാലം യുകെയിൽ സേവനം ചെയ്ത നഴ്സുമാർക്ക് സംരക്ഷണം ലഭിക്കാൻ നേടിയെടുത്ത നിയമങ്ങളെ ആണ് നാട്ടിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
യു കെ നഴ്സിങ് നിയമം തെറ്റായി വ്യാഖ്യാനിച്ചു യുകെ യിൽ ജോലി വാഗ്ദാനം ചെയ്തു നഴ്സിങ് വിദ്യാർത്ഥികളെ കബളിപ്പിക്കുന്നവരെ കരുതിയിരിക്കണം എന്ന് നാട്ടിൽ നിന്നുള്ള യുകെ നഴ്‌സിങ് അപേക്ഷകരെ അറിയിക്കുകയാണ് യുകെ മലയാളി നഴ്‌സ് അജിമോൾ പ്രദീപും ഡോ. ഡില്ല ഡേവിസും. ഇരുപത്തിരണ്ട് വർഷം യു കെയിൽ നഴ്‌സ് ആയി പ്രവർത്തിച്ച ഡോ.അജിമോൾ പ്രദീപ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ അവയവദാന കോ ഓർഡിനേറ്റർ ആയി ചെയ്ത സാമൂഹ്യ സേവനങ്ങൾക്ക് എലിസബത്ത് രാജ്ഞി യിൽ നിന്നും ബ്രിട്ടീഷ് എമ്പയർ പുരസ്‌കാരം നേടിയ വ്യക്തിയാണ്.
ഇരുപത്തി രണ്ടു വർഷമായി വർഷമായി യുകെയിൽ ഗവേഷക ആണ് ഡോ. ഡില്ല ഡേവിഡ്. യുകെയിൽ ദീർഘകാലമായി ജോലി ചെയ്തിട്ടും രജിസ്ട്രേഷൻ ലഭിക്കാത്ത നഴ്സുമാരുടെ സ്ഥിതി മനസിലാക്കി അവരെ സംരക്ഷിക്കുന്നതിനായാണ് ഡോ.അജിമോൾ പ്രദീപും ഡോ.ഡില്ല ഡേവിസും ചേർന്ന് നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിലിനോട് നിയമ പുനർവിചിന്തനം ആവശ്യപ്പെട്ടതും ദീർഘകാല സേവനം ചെയ്തവർക്ക് രജിസ്ട്രേഷൻ നടപ്പിലാക്കൽ നടപടികൾക്ക് തുടക്കമിട്ടതും.
യുകെ നഴ്‌സിങ് സംബന്ധിച്ച് അജിമോളും ഡില്ലയും പറയുന്ന വിവരങ്ങൾ ഇങ്ങനെയാണ്. "എം എസ് സി നഴ്സിങ് കഴിഞ്ഞ ശേഷം പോലും യു കെ യിൽ രജിസ്ട്രേഷൻ ലഭിക്കാതെ ഒരുപാട് മലയാളി നഴ്സിങ് വിദ്യാർഥികൾ തുടരുന്നുണ്ട് എന്ന അറിവ് ആണ് എന്നെയും ഡില്ലയെയും അന്വേഷണത്തിന് പ്രേരിപ്പിച്ചത്. തുടക്കത്തിൽ പരിചയക്കാരോട് ചോദിച്ചു. സാവധാനം പരസ്പരം പറഞ്ഞും അറിഞ്ഞും ഒരുപാട് നഴ്‌സുമാർ ഞങ്ങളെ സമീപിച്ചു. അവരിൽ പലരും രജിസ്ട്രേഷൻ ഇല്ലാതെ വർഷങ്ങൾ ആയി യുകെയിൽ ജോലി ചെയ്യുന്നവർ ആയിരുന്നു. പലരും എം എസ് സി വരെ കഴിഞ്ഞവർ. രജിസ്ട്രേഷൻ ലഭിക്കാത്തതിനാൽ വളരെ താഴ്ന്ന ശമ്പളത്തിൽ ഉയർന്ന തസ്തികകളിലേക്ക് വളരാനാകാതെ ഇവർ ജോലി ചെയ്യുകയാണ്. അവരുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരം ചൂഷണം ചെയ്യപ്പെടുകയാണ്.
ഇവർക്ക് രജിസ്ട്രേഷൻ ലഭിക്കാത്തതിന് കാരണം ഇംഗ്ലീഷ് പ്രവീണ്യം അളക്കുന്ന പരീക്ഷയായ ഐ ഇ എൽ ടി എസ് സ്കോർ കുറഞ്ഞുപോകുന്നതാണ് എന്ന് മനസിലായി. വളരെ ഉയർന്ന സ്കോർ ആണ് നഴ്സിങ്ങിന് രെജിസ്ട്രേഷൻ ലഭിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ളത്. പ്രശ്നം മനസിലായതോടെ യുകെയിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ലഭിക്കാൻ ചില നിർദേശങ്ങൾ യുകെ നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിലിന് മുന്നിൽ ഞങ്ങൾ അവതരിപ്പിച്ചു. ഇതിൽ പൊതു അഭിപ്രായ സർവ്വേ നടത്താൻ തീരുമാനമായി.
യുകെയിൽ ഇപ്പോൾ ജോലി ചെയ്യുന്ന, ഐ ഇ എൽ ടി എസ് സ്കോറിൽ കുറവ് ഉള്ള നഴ്‌സുമാരുടെ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ യോഗ്യത, യുകെ യിലെ സേവന വർഷങ്ങൾ, ജോലി നൽകിയിരിക്കുന്നു സ്ഥാപനത്തിൽ നിന്നുള്ള എംപ്ലോയർ റഫറൻസ് ലെറ്റർ എന്നിവ പരിഗണിച്ചു അവർക്ക് രെജിസ്ട്രേഷൻ ലഭ്യമാക്കണം എന്നായിരുന്നു ആവശ്യം. ഇതിന്മേൽ ഒരു പൊതു അഭിപ്രായ സർവ്വേ എൻ എം സി നടത്തി. അതിന്റെ ഫലം ആയുള്ള മാറ്റം 2022 സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ വരും. കുറഞ്ഞത് ഒരു വർഷമെങ്കിലും യു കെയിൽ സേവനം അനുഷ്ഠിച്ചവർക്കേ എംപ്ലോയർ റഫറൻസ് ലെറ്ററിന് അപേക്ഷിക്കാൻ സാധിക്കൂ.
നഴ്‌സുമാർക്ക് ഇപ്പോൾ നേടേണ്ടതിനേക്കാൾ അര മാർക്ക് കുറവേ ഉള്ളുവെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ഇപ്പോൾ വേണ്ടത് ഐ ഇ എൽ ടി എസ് സ്കോർ 7 ആണ്. പുതിയ മാറ്റം അനുസരിച്ചു 6.5 സ്കോർ ഉള്ള, ഒരു വർഷം യുകെ സേവനം പൂർത്തിയാക്കിയ നഴ്സുമാർക്ക് രജിസ്ട്രേഷൻ മറ്റു ഘടകങ്ങൾ ഉപയോഗപ്പെടുത്താം. ഈ നിർദേശം നഴ്സുമാരെ സംബന്ധിച്ചുള്ള നയം മാറ്റത്തിനു വഴിവച്ചാൽ ഇനി വരുന്ന നഴ്‌സുമാരിൽ കുറഞ്ഞ സ്കോർ (6.5) നേടുന്നവർക്കും ഒരു വർഷത്തെ രജിസ്ട്രേഷൻ ഇല്ലാത്ത സേവനത്തിനു ശേഷം ഈ ആനുകൂല്യം ലഭിക്കും.
ഈ അറിയിപ്പിനെ തെറ്റായി വ്യാഖ്യാനിച്ചു ഇനി ഐ ഇ എൽ ടി എസ് സ്കോർ ഇല്ലാതെ തന്നെ യുകെ യിൽ നഴ്‌സ് ആകാം എന്നാണ് നാട്ടിൽ പ്രചരിപ്പിക്കുന്നത്. അതിനായി യുകെ പ്രവേശനം ആഗ്രഹിക്കുന്ന നഴ്സുമാരിൽ നിന്ന് വലിയ തുകയും ഏജൻസികൾ ഈടാക്കുന്നു. മുൻപ് ഉണ്ടായിരുന്ന ഐ ഇ എൽ ടി എസ് സ്കോർ കുറഞ്ഞതിന്റെ ഗുണം ലഭിക്കുമെങ്കിലും ഐ ഇ എൽ ടി എസ് പരീക്ഷ കൂടാതെ യു കെ പ്രവേശനം സാധ്യമല്ല എന്ന് നാട്ടിലുള്ളവർ അറിയുകയും ശരിയായ മാർഗത്തിലൂടെ മാത്രം യു കെ നഴ്സിങ് ജോലി നേടിയെടുക്കണം എന്നുമാണ് ഞങ്ങൾക്ക് അറിയിക്കാനുള്ളത്. "