Wednesday 06 February 2019 12:06 PM IST

തേങ്ങാപ്പുരയിലെ പ്രേതവും പ്രഭുവിന്റെ കൊട്ടാരവും! ഗുരുവായൂരപ്പൻ കോളേജിലെ ചില ‘അഡാറ് വിശേഷങ്ങൾ’

Nithin Joseph

Sub Editor

guru-1 ചിത്രങ്ങൾ– അരുൺ പയ്യടിമീത്തൽ

ബാഹുബലിയിയുടെ എൻട്രി സീൻ മനസ്സിൽ സങ്കൽപ്പിക്ക്യ. ഇനി ആ ബാക്ഗ്രൗണ്ട് മ്യൂസിക് മനസ്സിൽ ആവാഹിച്ചിട്ട് ഒന്നങ്ങട് നോക്ക്വ. ‘ഹൈസ, ദുദ്രസ്സാ... ഹൈസർവത്ര സമുദ്രസ്സ...’ ക്യാംപസിന്റെ എല്ലാമായ ‘ഗുപ്താസി’ന്റെ റോയൽ എൻട്രി ആണ് കാണുന്നത്. ജിപ്സിയിലും ബുള്ളറ്റിലുമൊക്കെയായി രാജകീയപ്രൗഢിയിൽ ക്യാംപസിനെ വലംവച്ചുള്ള സ്‌റ്റൈലൻ എഴുന്നള്ളത്ത്.

ഏതു കോളജ് സിനിമയിലും കാണുന്നതുപോലെ മൂന്നു നാല് ഗ്യാങ്സ്, അവർ തമ്മിൽ അടി....ഇതൊന്നും കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പൻ ങേ..ഹേ... ഇവിടെ എപ്പോഴും ഒരൊറ്റ ഗ്യാങ്ങേ ഉണ്ടാകാറുള്ളൂ. എല്ലാ വർഷവും ഒരൊറ്റ ഗ്യാങ്. പക്ഷേ, അതൊരു ഒന്നൊന്നര മാസ് ഗ്യാങ്ങാണ് കേട്ടോ. ഗ്യാങ്ങിലെ മെംബേഴ്സ് എന്നു പറഞ്ഞാൽ അവസാനവർഷ വിദ്യാർഥികളെല്ലാവരുമാണ്.

‘പേര് കേട്ടിട്ട് ഞെട്ടേണ്ട. ഇവിടം ഭരിക്കുന്ന ഗ്യാങ്സിനെല്ലാം പണ്ടേ തന്നെ ആന്റിക് പേരുകളാണ്. രൗദ്രാസ്, ബ്രഹ്മാസ്, ക്ഷത്രിയാസ് ഇതൊക്കെയായിരുന്നു പഴയ ഗ്യാങ്സ്. ‘പഴമയുടെ പെരുമയാണ് ചങ്ങായീ, ഗുരുവായൂരപ്പന്റെ പ്രൗഢി. ഈ വർഷം ആ പെരുമ ഗുപ്താസിന് സ്വന്തം.’

ക്യാംപസിന്റെ സ്വന്തം ജിമ്മൻ മിഥുൻ ഞരമ്പൊക്കെ വലിഞ്ഞുമുറുകി ആവേശത്തിലങ്ങനെ പറയുകയാണ്.

‘‘ഗുപ്താസ് ആരെന്ന് അറിയണമെങ്കിൽ ക്യാംപസിലാകമാനമുള്ള വൻമരങ്ങളോട് ചോദിക്കൂ, മഹാൻമാരുടെ കാൽപാട് പതിഞ്ഞ നടപ്പാതയോടും മതിൽകെട്ടിനോടും ചുവരുകളോടും ചോദിക്കൂ. അവിടെയുണ്ട് ഉത്തരം. കാരണം, മരത്തിലും മതിലിലും ചുവരിലുമെല്ലാം പെയിന്റുകൊണ്ട് എഴുതിയിരിക്കുന്നത് ഒരേയൊരു പേര്, ഗുപ്താസ്.’’

ഓരോ വർഷവും ക്ലാസ് തീരുമ്പോൾ അധികാരകൈമാറ്റം നടക്കും. കോളജ് ഡേയ്ക്ക് പടിയിറങ്ങുന്ന ഗ്യാങ് മുദ്രാവാക്യങ്ങളും ആഘോഷവുമായി എത്തും. ഓപ്പൺ സ്‌റ്റേജിന്റെ ചുമരിൽനിന്ന് ഗ്യാങ്ങിന്റെ പേര് മായ്ചുകളഞ്ഞിട്ട് പുറത്തേക്ക്. ഈ സമയം അടുത്ത വർഷത്തെ ഗ്യാങ് ക്യാംപസിനെ വലംവച്ച് സ്‌റ്റേജിലേക്ക്. പിന്നെ, നല്ല കളർഫുൾ പട്ടാഭിഷേകമാണ്. ഹൈസ... ദുദ്രസ്സ...

guru-2

തേങ്ങാപ്പുരയിലെ പ്രേതം

‘എല്ലാം കുറച്ച് ഫ്ലാഷ്ബാക്കിലേക്ക് പോട്ടെ. ക്യാംപസ് മുഴുവൻ കോളജ് ഡേയുടെ ആവേശത്തിൽ വിജൃംഭിച്ചു നിൽക്കുകയാണ്. പെട്ടെന്നതാ ഒരു നിലവിളി, ‘അയ്യോ, ഓടിവായോ, പ്രേതം.’ കരച്ചിൽ തേങ്ങാപ്പുരയിൽനിന്നായതുകൊണ്ട് സംഗതി ഉഡായിപ്പല്ല. തേങ്ങാപ്പുരയിൽ പ്രേതബാധയുണ്ടെന്ന് ആർക്കാ അറിയാത്തത്.’

കോളജിന്റെ ബെസ്റ്റ് ആക്ടർ ഗോകുലാ ണ് പ്രേതകഥ വിവരിക്കുന്നത്.

‘ഏതെങ്കിലും കോളജിൽ തേങ്ങാപ്പുരയുണ്ടോയെന്ന് ചോദിക്കുന്ന ടീംസിനോട് പറഞ്ഞേക്കാം, ഇവിടത്തെ കെമിസ്ട്രി ഡിപാർട്മെന്റിന്റെ പേരാണ് ‘തേങ്ങാപ്പുര’. വർഷങ്ങൾക്കു മുൻപാണ് ഇവിടെ ആദ്യമായി പ്രേതബാധ കണ്ടത്. രാത്രിയിൽ അതുവഴി നടന്നപ്പോൾ വരാന്തയിൽ ആകെയൊരു പുകമറ. അതിനിടയിലൂടെ അവ്യക്തമായിട്ട് ഒരു രൂപം ഹിയർ ആൻഡ് ദെയർ ഉലാത്തുന്നു. ദൃക്സാക്ഷി അവിടുന്നോടിയ ഓട്ടം നിന്നത് അടുത്ത പഞ്ചായത്തില്‍. പിന്നെയിങ്ങോട്ട് വർഷംതോറും ആരെങ്കിലും തേങ്ങാപ്പുരയിൽ പ്രേതത്തെ കാണും, പേടിച്ചോടും. തെക്കിനിയിലെ തമിഴത്തിയെപ്പോലെ ചുരുളഴിയാത്ത രഹസ്യമായി ഇന്നും തുടരുന്നു, തേങ്ങാപ്പുരയിലെ പ്രേതം.

guru-4

പ്രഭുവിന്റെ കൊട്ടാരം

ഒരു പേരിൽ എന്തിരിക്കുന്നുവെന്നാണ് പണ്ട് പ്രാഞ്ചിയോട് പുണ്യാളൻ ചോദിച്ചത്. പക്ഷേ, ഗുരുവായൂരപ്പൻ കോളജിലെ മെയിൻ അട്രാക്‌ഷൻ പേരുകളാണ്. പേരുകളുടെ കഥ കേൾക്കണേൽ ‘പ്രഭുവിന്റെ കൊട്ടാര’ത്തിലേക്കു വിട്ടോ. നെറ്റി ചുളിക്കേണ്ട പഹയാ. വർഷങ്ങളായിട്ട് കോളജിലെ കാന്റീൻ നടത്തുന്നത് പ്രഭു എന്നപ്രഭാകരൻചേട്ടനാണ്. അതുകൊണ്ട് കാന്റീന് പിള്ളേര്‍ ഇട്ട പേര് ‘പ്രഭുവിന്റെ കൊട്ടാരം’. കഥയും കേട്ട് കൊട്ടാരത്തിലെ പള്ളിവടയും പള്ളിച്ചായയും കുടിക്കാൻ ബഹുരസം.

‘അതേയ്, കൊട്ടാരത്തിൽ വന്നിട്ട് മുട്ട പഫ്സ്, ചിക്കൻ ബിരിയാണി, ആനമുട്ട ബുൾസൈ എന്നൊന്നും ഓർഡർ ചെയ്തേക്കരുത്. This കൊട്ടാരം is strictly vegetarian.’ ഒറ്റയിരുപ്പിന് രണ്ട് പരിപ്പുവട അകത്താക്കീട്ട് മാഗസിൻ എഡിറ്റർ അഖിലയുടെ warning.

guru-5

പ്രേമിക്കാനൊരു പഞ്ചാരമുക്ക്

ഇന്റർവെല്ലിന് ഇരുപത് മിനിറ്റ് മുൻപേ അവൻ ക്ലാസ്സിൽനിന്ന് ചാടി. ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം തിരികെ വച്ചിട്ട് മടങ്ങുകയാണ് അവൾ. മെയിൻ ബ്ലോക്കിനു മുന്നിലെ വളവിലെത്തിയതും ഇരുവരുടെയും വേഗത കുറഞ്ഞു. നേരെനിന്ന കൃഷ്ണമണികൾ കണ്ണിന്റെ കോണിലേക്ക് തെന്നിമാറി. പൊഴിഞ്ഞുവീണ ഇലകൾക്കു മീതെ, കുളിരേകുന്ന തണലിനു കീഴെയിട്ട ബെഞ്ചിൽ അവർ തോളുരുമ്മി ഇരുന്നു. അൽപം പ്രണയസല്ലാപം നടത്താനുള്ള ഈ ഇടമാണ് ‘പഞ്ചാരമുക്ക്.’

‘എൻ.സി.സിയിലുള്ള കുട്ടികൾ ഷൂട്ടിങ് പ്രാക്ടീസ് നടത്തിയിരുന്ന സ്ഥലമാണ് ‘വെടിമറ’. ഒരിക്കൽ പരിശീലനത്തിനിടെ ആരുടെയോ കയ്യിലിരുന്ന് തോക്ക് അറിയാതെ പൊട്ടിയതോടെ പരിശീലനത്തിന് ഫുൾസ്‌റ്റോപ്പ്. കൂട്ടം കൂടാൻ, സൊറ പറയാൻ, പിറന്നാളുകാർക്ക് പണി കൊടുക്കാൻ, പ്രേമിക്കാൻ അങ്ങനെ എന്തിനുമേതിനും ഓടിയെത്താവുന്നൊരിടമാണ് കൈലാസം. നൊസ്റ്റാൾജിയയുടെ സ്മാരകശിലയാണ് ഈ പുൽമേട്. വെള്ളനിറത്തിലുള്ള പുല്ല് തഴച്ചുവളർന്നു നിൽക്കുന്നിടം വൈകുണ്ഠം. സീനിയേഴ്സിന് മാത്രമായി ഒത്തുകൂടാനും സൊറ പറയാനുമുള്ള പടവുകള്‍ക്ക് പേര് ‘സെക്കൻഡ് സ്‌റ്റെപ്പ്’.

guru-3

മുടിയരായ പുത്രൻമാർ

യുവകോമളൻമാരിൽ ഏറ്റവും നീളമുള്ള മുടി ആർക്കാണെന്ന് കണ്ടുപിടിച്ചാലോ? ഇന്റർവെല്ലിന് ചായ കുടിക്കാൻ ചാടിയ ടീംസിനെ കയ്യോടെ പിടിച്ചപ്പോൾ ലിസ്റ്റ് കിട്ടി. ഫിസിക്സ് ഡിപാർട്മെന്റിലെ ഗൗതം, മാത്‌സിലെ കിരൺ, ബി.കോമിലെ നന്ദു, ഹിസ്റ്ററിയിലെ സുബ്ജിലാൽ... പക്ഷേ, മുടിയുടെ നീളം അളന്നാൽ മൂന്നാം വർഷ ബി.കോമിലെ അനന്ദു ഗോപിനാഥാണ് ഗുരുവായൂരപ്പൻ കോളജിന്റെ ‘മുടിയൻ നമ്പർ 1’.

ഒന്നര വർഷമായി അനന്ദു മുടിയിൽ കത്രിക വച്ചിട്ട്. പഠനം കഴിഞ്ഞ് ജോ ലിക്കുള്ള ഓ ട്ടം തുടങ്ങുമ്പോൾ മുടിവളർത്ത ലിന് കർട്ടനി ടുമെന്ന് അനന്ദുവിന്റെ പ്രഖ്യാപനം.

guru-6

പെരുമയുടെ പ്രതിമകൾ

‘സാക്ഷാൽ എസ്.കെ.പൊറ്റെക്കാട്ട് പഠിച്ച ക്യാംപസാണ്. വെറുതേ രാവിലെ മുതൽ വൈകുന്നേരം വരെ നീളൻബെഞ്ചിൽ കുത്തിയിരുന്ന് പഠിച്ചിട്ട് പോകാനുള്ള ഇടമല്ല. ഗേറ്റ് കടക്കുന്ന നേരംതൊട്ട് ഫുൾ പോസിറ്റീവാണ് ചങ്ങായ്. അതിങ്ങനെ മുഴുവനായി ഫീൽ ചെയ്യണം.

കോളജിന്റെ ഗേറ്റ് കടന്ന് കയറി വന്നപ്പോൾ ഒരു വമ്പൻ പ്രതിമ കണ്ടില്ലേ, നിവർത്തിയ പുസ്തകത്തിനു മുന്നിൽ വിളക്കും കത്തിച്ചിരിക്കുന്ന ആ സ്ത്രീയുടെ പേരാണ് ‘ചിന്താശിൽപം.’ മുപ്പതടി വലുപ്പമുണ്ട് ശിൽപത്തിന്. കേരളത്തിലെ ഏറ്റവും വലിയ ക്യാംപസ് ശിൽപമാണത്.

വീണ്ടും മുന്നോട്ട് പോകുമ്പോൾ അടുത്ത ശിൽപം. അകത്തേക്ക് വരുന്നവരോട് ‘കേറിവാടാ മക്കളേ’ന്നും പഠിച്ചിറങ്ങുന്നവരോട് ‘പോയിട്ട് വാടാ പിള്ളേരേ’ന്നും കയ്യുയർത്തി സലാം പറയുന്ന അഭിവാദനശിൽപം. കോളജിലെ ചെറിയ ഉരുളൻകല്ലുകൾ പെറുക്കിയെടുത്തുണ്ടാക്കിയതാണ്. കല്ലുകൾ ശേഖരിച്ചതും ഇവിടത്തെ വിദ്യാർഥികൾ തന്നെ.

കോളജിന്റെ മുന്നിലെ മരച്ചുവട്ടിൽ ശാന്തനായി ധ്യാനം ചെയ്യുന്ന ബുദ്ധനുണ്ട്. മുൻപ് ഇതേ സ്ഥാനത്ത് മറ്റൊരു ബുദ്ധപ്രതിമയായിരുന്നു. കുറച്ച് വർഷം മുൻപ് ആരോ ആ പ്രതിമയുടെ തല തകർത്തു. പകരം പണിത പുതിയ ബുദ്ധനാണ് ഇപ്പോഴുള്ളത്. കുറച്ചകലെ, നാണംകൊണ്ട് തുടുത്തുനിൽക്കുന്ന ശിൽപമാണ് ദാവണിക്കാരി.

കാഴ്ചകളൊക്കെ കണ്ട്, ഇപ്പോൾ നമ്മൾ നടക്കുന്ന ഈ വഴിയില്ലേ, അതിനുമുണ്ട് ഒരു കഥ പറയാൻ. പണ്ട് പൂർവകാല വിദ്യാർഥികൾ നാടകം കളിച്ച് സ്വരുക്കൂട്ടിയ പൈസകൊണ്ട് പണിത വഴിക്ക് അവരിട്ട പേര്, ‘കാഞ്ചനസീത റോഡ്.’