Friday 17 November 2023 10:38 AM IST

‘എന്നെങ്കിലും ഒരിക്കൽ കണ്ണിലെ വെളിച്ചം തിരികെ വരുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ ആ ശ്രമങ്ങൾ എല്ലാം വെറുതെയായി...’: വിധിയോട് പോരാടി ഫെബിൻ

V R Jyothish

Chief Sub Editor

febin-mariyam

‘‘ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങൾ കാണാനോ സ്പർശിക്കാനോ കഴിയില്ല. അ വ ഹൃദയം കൊണ്ട് അനുഭവിക്കണം.’’

ഹെലൻ കെല്ലർ

ഒരുേവള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും’ എന്നല്ലേ കവിവചനം. പെയ്തു തോരാത്ത മഴയില്ലാത്തതുപോലെ എല്ലാ ഇരുട്ടും കാലം കഴിയുമ്പോൾ വെളിച്ചമാകും. ഞാൻ പഠിച്ച തിരുവനന്തപുരം വിമൻസ് കോളജിൽ ഫിലോസഫി അധ്യാപികയായി വരുമ്പോൾ മനസ്സിൽ ഉൾവെളിച്ചം നിറയുകയാണ്.

പത്തനംതിട്ട മാക്കാംകുന്നാണ് എന്റെ പിതാവ് കെ. ജോ ൺ ജോസഫിന്റെ സ്വദേശം. കൂട്ടാണിക്കൽ കുടുംബം. അമ്മ ലിസി കുഞ്ചാക്കോ. അമ്മയുടെ വീട് പത്തനംതിട്ട തന്നെ നരിയാപുരത്ത്. എനിക്കൊരു സഹോദരിയുണ്ട്. ഫ്ലെമിൻ. ഡന്റിസ്റ്റാണ്. അച്ഛന്റെ അമ്മയുടെ പേരാണ് മറിയം. അങ്ങനെയാണ് എന്റെ പേര് ഫെബിൻ മറിയം ജോസ് എന്നാകുന്നത്. സൗദിയിലെ കമ്പനിയിൽ ഫിനാൻഷ്യൽ കൺട്രോളറാണ് അച്ഛൻ. അമ്മ വീട്ടമ്മയും. ഞങ്ങൾ ജനിച്ചതും പന്ത്രണ്ടാംക്ലാസുവരെ പഠിച്ചതും സൗദിയിെല ദമാമിലാണ്.

ഗൾഫ് യുദ്ധകാലത്തു മാതാപിതാക്കൾ സൗദിയിലായിരുന്നു. അമ്മ പറഞ്ഞ സംഭവമാണ്. യുദ്ധം കഴിഞ്ഞു കുറച്ചുനാൾ കഴിഞ്ഞപ്പോൾ യുദ്ധകാലത്തെ ഗൾഫിനെക്കുറിച്ച് ഒരു പരമ്പര പത്രത്തിൽ അച്ചടിച്ചു വന്നു. അതിൽ ഫെബിൻ എന്നും ഫ്ലെമിൻ എന്നും പേരുള്ള ഇരട്ടസഹോദരിമാരായ രണ്ടു കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഒരു സ്റ്റോറി ഉണ്ടായിരുന്നു. അതുവായിച്ചപ്പോൾ അമ്മയ്ക്കു തോന്നി ജനിക്കാൻ പോകുന്നതു പെൺകുഞ്ഞുങ്ങളാണെങ്കിൽ ഇതേ പേരുക ൾ ഇടണമെന്ന്. അങ്ങനെയാണു മൂത്തമകളായ ഞാൻ ഫെബിനായത്. ഇതൊരു അറബി പദമാണ്. സന്തോഷം എന്നാണു വാക്കിന്റെ അർഥം. ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയിരിക്കാനാണു ശ്രമിക്കുന്നത്. ജീവിതത്തിന്റെ പകുതിവഴിയിൽ കാഴ്ച പോയപ്പോഴും ഞാൻ അ ങ്ങനെ തന്നെ ആഗ്രഹിക്കുന്നു.

ഗൾഫിലെ കുട്ടിക്കാലത്തു സംഭവബഹുലമെന്നു പറയാൻ ഒന്നുമില്ല. പഠനത്തിൽ മാത്രം ശ്രദ്ധയുള്ള ഒരു കുട്ടി. പിന്നെ, നന്നായി വായിക്കുമായിരുന്നു. പ്രത്യേകിച്ചും ക്ലാസിക്സ്. ചാൾസ് ഡിക്കൻസിന്റെ പുസ്തകങ്ങളൊക്കെ കുട്ടിക്കാലത്തേ വായിച്ചു തീർത്തു.

ഹയർസെക്കൻഡറിക്ക് ബയോമാത്‌സ് ആയിരുന്നു വിഷയം. അതു നല്ല മാർക്കു വാങ്ങി പാസ്സാകണം. അതിനുശേഷം തൃശൂരിൽ പി.സി. തോമസ് മാഷിന്റെ എൻട്രൻസ് കോച്ചിങ് സെന്ററിൽ േചരണം. എൻട്രൻസ് എഴുതണം. ഐഎഎസ്സിനു പരിശീലനം നേടണം എന്നൊക്കെയായിരുന്നു ആഗ്രഹം. നാട്ടിലേക്കു പോരുന്നതിനു മുൻപാണുചിക്കൻപോക്സിനുള്ള പ്രിവന്റീവ് വാക്സീൻ എടുത്തത്. അതിനു ശേഷം ശക്തമായ ക്ഷീണം അനുഭവപ്പെട്ടു. കാഴ്ച മങ്ങാൻ തുടങ്ങി. ഞാൻ വെന്റിലേറ്ററിലായി. പക്ഷേ, അസുഖം എന്താണെന്നു തിരിച്ചറിയുന്നില്ല.

പിന്നെ, മൂന്നു വർഷം എന്റെ മാതാപിതാക്കൾ എനിക്കു വേണ്ടി കരഞ്ഞും പ്രാ‍ർഥിച്ചും ആശുപത്രി കയറിയിറങ്ങി. ഒടുവിൽ അപൂർവരോഗമായ ഗില്ലൻബാരി സിൻഡ്രം എ ന്ന രോഗാവസ്ഥ ആണെന്നു തിരിച്ചറിഞ്ഞു.

നാഡീവ്യവസ്ഥയെ ബാധിക്കുന്ന മാരകമായ അണുബാധയാണു ഗില്ലൻബാരി സിൻഡ്രം. കൃത്യസമയത്തുള്ള രോഗനിർണയം വളരെ നിർണായകമാണ്. എനിക്ക് ഒപ്റ്റിക് നാഡിവ്യവസ്ഥയിലായിരുന്നു അണുബാധ. അതാണു കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. കൃത്യസമയത്തുരോഗം കണ്ടുപിടിച്ചിരുന്നെങ്കിൽ കാഴ്ചശക്തി നഷ്ടമാകാതിരിക്കും എന്നാണു പറയുന്നത്. എന്തോ എന്റെ കാര്യത്തിൽ വിധി അതിനു അനുവദിച്ചില്ല. ഇപ്പോൾ പൂജ്യം ശ തമാനമാണ് എന്റെ കാഴ്ചശേഷി.

മൂന്നു വർഷം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിൽ ഞാ ൻ ജീവിതത്തിലേക്കു കാഴ്ചയില്ലാതെ തിരിച്ചുവന്നു. 15 വർഷമായി ഇരുട്ടിന്റെ കൂട്ടിലായിട്ട്. എങ്കിലും ഒാരോ ദിവസവും വെളിച്ചമുള്ളതാക്കാൻ ശ്രമിക്കുന്നു.

വെളിച്ചം തിളങ്ങിയ തീരുമാനം

പഠനം വീണ്ടും തുടങ്ങണം എന്നാണു ചികിത്സ കഴിഞ്ഞു വന്നയുടൻ എടുത്ത തീരുമാനം. ഹയർ സെക്കൻഡറിക്കുസയൻസ് വിഷയങ്ങളായിരുന്നല്ലോ. പ്രാക്റ്റിക്കൽ ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ടു കാരണം അതുപേക്ഷിക്കേണ്ടി വന്നു. ഓപ്പൺ സ്കൂൾ വഴി സൈക്കോളജിയും സോഷ്യോളജിയും ഉൾപ്പെട്ട ഹ്യൂമാനിറ്റീസ് തിരഞ്ഞെടുത്തു. അമ്മ പാഠഭാഗങ്ങൾ വായിച്ചുതരും. ഞാൻ കേട്ടിരിക്കും. അങ്ങനെയായിരുന്നു പഠനം.

പിന്നീട് എനിക്കൊരു കാര്യം മനസ്സിലായി കാഴ്ചപരിമിതിയുള്ളതുകൊണ്ട് എല്ലാം ഓർത്തിരിക്കാൻ ശ്രമിക്കുന്നതുകൊണ്ടാകും ഓർമശക്തി കൂടി വരുന്നു. നല്ല മാർക്കോടെ പ്ലസ് ടു പാസ്സായി. പിന്നീടു ഞങ്ങൾ കേരളത്തിലേക്കു വന്നു. പഠനമായിരുന്നു ലക്ഷ്യം. ഡിഗ്രിക്കു ചേരാൻ തീരുമാനിച്ചു. സൈക്കോളജി പഠിക്കാനായിരുന്നു ഇഷ്ടം. അവിടെയും പ്രാക്റ്റിക്കൽ വില്ലനായി.

കാഴ്ച പരിമിതിയുള്ളവർക്ക് പ്രാക്റ്റിക്കൽ ചെയ്യുന്നതു പ്രായോഗികമല്ല. അങ്ങനെ തിരുവനന്തപുരം വിമൻസ് കോ ളജിൽ ഫിലോസഫി വിദ്യാർഥിയായി. അവിടെ ഇംഗ്ലിഷ് ഡിപ്പാർട്മെന്റിലെ സജീവ് സാമുവൽ സാറും ഹിസ്റ്ററിയിലെ എം.എം. ഖാൻ സാറുമാണ് ഫിലോസഫി തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിച്ചത്. വലിയ താൽപര്യത്തോടെയല്ലെങ്കിലും ഫിലോസഫിക്കു ചേർന്നു. വിദ്യാഭ്യാസബന്ദ് നടന്ന ദിവസമാണു ഞാൻ വിമൻസ് കോളജിൽ ആദ്യമായി ക്ലാസ്സിനെത്തുന്നത്. അന്നു ധനലക്ഷ്മി എന്ന സുഹൃ ത്തിനെ കിട്ടി. പിന്നെ, ഡിപ്പാർട്ട്മെന്റിലെ ഡോ. ആർ. ല ക്ഷ്മി ടീച്ചറെയും മിനിബാബു ടീച്ചറെയും നസ്‌നീൻ സാറി െനയും കിട്ടി. അങ്ങനെ അധ്യാപകരും സഹപാഠികളുമൊക്കെ പ്രിയപ്പെട്ടവരായി. ക്രമേണ ഞാൻ കോളജിനെ ഇഷ്ടപ്പെട്ടു തുടങ്ങി.

കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ ബിഎ പാസ്സായി. അവിടെതന്നെ എം എയ്ക്കു ചേർന്നു. എംഎയ്ക്കും ഒന്നാം റാങ്ക് കിട്ടി. യുജിസിയുടെ യോഗ്യതാ പരീക്ഷ പാസായി. 2018 മുതൽ ഗവേഷണം ആരംഭിച്ചു. 2023-സെപ്തംബർ 15 ന് എന്റെ കോളജിൽ തന്നെ അധ്യാപികയായി തിരിച്ചു വന്നു.

febin അച്ഛൻ ജോണ്‍ ജോസ്, സഹോദരി ഫ്ലമിന്‍ അമ്മ ലിസി എന്നിവർക്കൊപ്പം ഫെബിൻ (ഫയൽ ചിത്രം)

വിഫലമായ പ്രതീക്ഷകൾ

കാഴ്ച നഷ്ടമായെങ്കിലും ആദ്യം എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കൽ എനിക്കു കാഴ്ച തിരിച്ചു കിട്ടുമെന്ന്. കുറേ കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി. വെറുതെ പ്രതീക്ഷിച്ച് എന്തിനാണു ജീവിതത്തിൽ വീണ്ടും ഇരുട്ടു നിറയ്ക്കുന്നതെന്ന്. ഞാനിപ്പോൾ ചികിത്സയൊന്നും എടുക്കുന്നില്ല. പഴയ കാഴ്ചകളൊക്കെ തന്നെയാണ് എന്നെ ഇപ്പോഴും നയിക്കുന്നത്. വീട്ടിൽ ബുദ്ധിമുട്ടി ല്ലാതെ നടക്കാൻ കഴിയും. രൂപങ്ങൾ പഴയതായി മനസ്സിലുണ്ട്. എന്റെ മനസ്സിൽ അച്ഛനും അമ്മയും വയസ്സാകുന്നില്ല. അവർക്ക് ഇപ്പോഴും ചെറുപ്പമാണ്. എന്റെ സഹോദരി, അവളിപ്പോഴും മനസ്സിൽ കുട്ടിയാണ്. പകുതി വഴിക്കു കാഴ്ച പോയതു കൊണ്ടുള്ള ഗുണങ്ങൾ.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് കാഴ്ച പരിമിതർക്കു വേണ്ടി പ്രവർത്തിക്കുന്ന ലോകപ്രശസ്തയായ ടിഫാനി ബ്രാറിനെ പരിചയപ്പെട്ടതാണ്. ജ്യോതിർഗമയ എന്ന പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് അവരെ പരിചയപ്പെട്ടത്. ലാപ്ടോപ്പ്, മൊബൈൽ തുടങ്ങിയവ ഉപയോഗിക്കാൻ എന്നെ പ്രാപ്തയാക്കിയത് ടിഫാനിയാണ്. ഞാൻ സിനിമ കാണാറുണ്ട്. ‘2018’ ആണ് അവസാനം ക ണ്ട സിനിമ. ശബ്ദത്തിലൂടെ ദൃശ്യങ്ങൾ ഞാൻ മനസ്സിൽ കണ്ടാസ്വദിക്കും.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മഴ എന്ന സിനിമ കണ്ടതിനുേശഷമാണു മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ വായിക്കുന്നത്. എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ആ കഥ. എന്തുകൊണ്ടാണ് ആ കഥ എനിക്ക് ഇത്രയും പ്രിയപ്പെട്ടതായതെന്ന് അറിയില്ല. എത്ര ആലോചിച്ചിട്ടും എനിക്കതു മനസ്സിലാകുന്നില്ല. പലർക്കും നഷ്ടങ്ങളാണല്ലോ ജീവിതം. ചിലർക്കു പ്രണയം നഷ്ടമാകും. ചിലർക്ക് അവരുടെ വെളിച്ചം നഷ്ടമാകും. ബന്ധങ്ങൾ നഷ്ടമാകും. ഉറ്റവരും ഉടയവരും നഷ്ടമാകും. എനിക്ക് എന്റെ കാഴ്ചയുടെ നീലാംബരിയാണു നഷ്ടമായത്.

പുതിയ ജീവിത സ്വപ്നങ്ങൾ

ഒരിക്കൽ വീട്ടുകാർ എന്നോടു ചോദിച്ചു. വിവാഹപ്രായമാകുന്നു. ഞാൻ പറ‍ഞ്ഞു; ജീവിതത്തിൽ കുറച്ചുകൂടി െവളിച്ചമുണ്ടാവട്ടെ! ഇപ്പോൾ പഠനത്തിന്റെ ഒരു ഘട്ടം കഴിഞ്ഞു. ജോലിയായി. ജീവിതത്തിലേക്ക് കുറച്ചുകൂടി വെളിച്ചം കടന്നുവന്നു. വിവാഹത്തിന് ഞാൻ സമ്മതം മൂളി. ആലോചനകൾ നടക്കുന്നു. അതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

എന്റെ രോഗത്തെ കുറവായി ഞാൻ കാണുന്നില്ല. പകരം ലോകത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണാനുള്ള ഉ പകരണമായി കരുതുന്നു. ഗാന്ധിജി പറഞ്ഞിട്ടുണ്ട്; ‘കാഴ്ചയില്ലാത്തവരല്ല യഥാർഥ അന്ധതയുള്ളവർ, ചെയ്യുന്ന തെ റ്റുകൾ തിരിച്ചറിയാൻ കഴിയാത്തവരാണ്.’ അന്ധമാകാതിരിക്കട്ടെ നമ്മുെട സമൂഹം.

മെന്റൽ ഇൻസൈറ്റ്

കാഴ്ചശേഷി നഷ്ടപ്പെട്ട ശേഷം ഞാൻ കൂടുതൽ വായിച്ചത് ഹെലൻ കെല്ലറുെട പുസ്തകങ്ങളാണ്. ഓരോ വായനയും കൂടുതൽ കൂടുതൽ പ്രകാശം മനസ്സിലേക്കു കടത്തിവിടുന്നുണ്ട് ആ പുസ്തകങ്ങൾ എല്ലാവരും പറയുന്നത് എന്റെ ജീവിതം എഴുതണമെന്നാണ്.

ഓർമയിൽ അതെല്ലാം കുറിച്ചു വച്ചിട്ടുണ്ടു ഞാ ൻ. രണ്ടു ഭാഗങ്ങളുള്ള ഒരു ആത്മകഥ. കാഴ്ചയുടെ ലോകം പതിനേഴാം വയസ്സുവരെ. പിന്നീടുള്ള കാഴ്ചയില്ലാത്ത കാലം. ‘മെന്റൽ ഇൻസൈറ്റ്’ എന്നൊരു തലക്കെട്ട് ഞാൻ തീരുമാനിച്ചിട്ടുണ്ട്.

വി.ആർ. ജ്യോതിഷ്

ഫോട്ടോ: അരുൺ സോൾ