Friday 30 October 2020 02:18 PM IST

രസകരങ്ങളായ മലയാളം പോഡ്‌കാസ്റ്റുകൾ ; പല പ്ലാറ്റ്ഫോമുകളിലായി അരബിന്ദ്

Rakhy Raz

Sub Editor

aravind

മലയാളം പോഡ്കാസ്റ്റുകളുടെ ലോകം വികസിച്ചു വരുന്നതേയുള്ളു. മലയാളം പോഡ്കാസ്റ്റിൽ തന്റേതായ ഇടം നേടിയ അപൂർവം മലയാളികളിൽ വ്യത്യസ്തനാണ് അരബിന്ദ് ചന്ദ്രശേഖർ. വെറും വാചകത്തിനുപരി വ്യത്യസ്തമായ വിഷയങ്ങൾ ഗൗരവത്തോടെ പഠിച്ച് മികച്ച രീതിയിൽ, മലയാളത്തിൽ കേൾക്കാൻ അവസരമൊരുക്കുകയാണ് അരബിന്ദ് ചന്ദ്രശേഖറിന്റെ ലക്ഷ്യം. ‘പോഡ്കാസ്റ്റ്സ് ബൈ അരബിന്ദ് ചന്ദ്രശേഖർ ’ എന്ന പേര് സെർച്ച് ചെയ്താൽ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്ന് അരബിന്ദിന്റെ പോഡ്കാസ്റ്റുകൾ ലഭ്യമാകും.

കേൾക്കുന്നവർക്ക് ഒട്ടും ബോറടിക്കാത്ത വിധത്തിൽ ചിലപ്പോൾ ലളിതവും ചിലപ്പോൾ ആഴള്ളതുമായ വിഷയങ്ങൾ അരബിന്ദ് കൈകാര്യം ചെയ്യുന്നു. എസ്പിബി, എപിജെ അബ്ദുൾകലാം , ബാലഭാസ്ക്കർ എന്നിവരുടെ അനുസ്മരണ എപ്പിസോഡുകളും ഏറെപ്പേരുടെ അഭിനന്ദനം നേടി. മലയാള സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച രസകരമായ കവിതകളും പാട്ടുകളും, ഉൾപ്പെടുത്തി തയാറാക്കിയ എപ്പിസോഡ് സൂപ്പർ ഹിറ്റ് ആയി.

പോഡ്കാസ്റ്റ്സ് ബൈ അരബിന്ദ് ചന്ദ്രശേഖർ

‘‘ ഏതെങ്കിലും വിഷയത്തിൽ വെറുതേ അറിവ് പകരുകയല്ല, ഒരു വിനോദത്തിന്റെ അനുഭവം സമ്മാനിച്ചു കൊണ്ട് അത് ചെയ്യാനാണ് എനിക്കിഷ്ടം. എന്റെ പോഡ്കാസ്റ്റുകളിൽ അതിഥികളുണ്ടാകും, ഗാനങ്ങളുണ്ടാകും, എന്റെ അനുഭവങ്ങളും ഉണ്ടാകും. നമ്മുടേതായ അനുഭവങ്ങൾ പോഡ്കാസ്റ്റുകൾക്ക് പ്രത്യേകമായൊരു ഐഡന്റിറ്റി നൽകും. ഉദാഹരണത്തിന് എപിജെ അബ്ദുൾ കലാമിന്റെ അഞ്ച് പ്രോഗ്രാമുകൾ ഞാൻ മാനേജ് ചെയ്തിട്ടുണ്ട്. അതിന്റെ അനുഭവം എന്റേത് മാത്രമാണ്.’’ അരബിന്ദ് പറയുന്നു. കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ് അരബിന്ദ്..

‘‘ മുൻപൊക്കെ ഒരാൾ ഒരു പ്രൊഫഷൻ തെരഞ്ഞെടുത്താൽ അതിൽ മാത്രമേ നിൽക്കാനാകൂ എന്ന സ്ഥിതി ഉണ്ടായിരുന്നു. ഇപ്പോൾ അതല്ല. പ്രൊഫഷനൊപ്പം പാഷനും സ്വന്തമാക്കാം.’’ എന്ന് അരബിന്ദ്.

‘‘ വായന എനിക്ക് ചെറുതിലേ ശീലമായിരുന്നു. കൂടുതലും മലയാളം പുസ്തകങ്ങൾ ആണ് വായിച്ചിരുന്നത്. വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കുന്നതും ശീലമായിരുന്നു. എഴുതുക എനിക്കൽപം പ്രയാസമാണ്. അതിനാൽ മനസിൽ തോന്നുന്നത് റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. മാധ്യമ പ്രവർത്തനം എനിക്കിഷ്ടമുള്ള മേഖലയായിരുന്നു. ഇവന്റ് മാനേജ്മെന്റ് മേഖലയിലാണ് ചുവടുറപ്പിച്ചതെങ്കിലും . ഏതെങ്കിലും വിഷയത്തിൽ സംസാരിച്ച് ഓഡിയോ റോക്കോർഡ് ചെയ്ത് സുഹൃത്തിനയക്കുന്ന പതിവ് ഉണ്ടായിരുന്നു. ഇങ്ങോട്ടും അയക്കും. ലോക്ക് ഡൗൺ ആയപ്പോഴാണ് ഈ പരിപാടി അല്പം സീരിയസ് ആയി ചെയ്താലോ എന്ന് ആലോചിക്കുന്നത്.’’

പോഡ്കാസ്റ്ററാണ് പുതിയ യു ട്യൂബർ

യു ട്യൂബിൽ ആകെ തിക്കും തിരക്കുമാണ് എന്നതും അരബിന്ദ് പോഡ്കാസ്റ്റിലേക്ക് ആകർഷിക്കപ്പെടാൻ കാരണമായി. യു ട്യൂബിനോടൊപ്പം തന്നെ പോഡ്കാസ്റ്റുകളും ഇപ്പോൾ ഹിറ്റായി വരികയാണ്. കാരണം ഡ്രൈവ് ചെയ്യുന്നതിനും, വ്യായാമം ചെയ്യുന്നതിനുമിടയ്ക്ക് സമയം നഷ്ടപ്പെടുത്താതെ അറിവ് നേടലും ആസ്വാദനവും സാധ്യമാകുന്നത് ആളുകൾക്ക് ഇഷ്ടമാണ്. ഇഷ്ടപ്പെട്ടത് ഇഷ്ടമുള്ള സമയത്ത് കേൾക്കാം എന്ന ഗുണം റേഡിയോയെ അപേക്ഷിച്ച് പോഡ്കാസ്റ്റുകൾക്കുണ്ട്. യു ട്യൂബ് പോലും പലരും ഓഡിയോ മാത്രമായി കേൾക്കുക പതിവായതോടെ പോഡ്കാസ്റ്റുകളെ ആളുകൾ സ്നേഹിച്ചു തുടങ്ങി.

‘‘രണ്ടു വർഷമായി പോഡ്കാസ്റ്റുകൾ കേൾക്കുന്ന പതിവ് ഞാൻ തുടങ്ങിയിരുന്നു. ബിബിസി ന്യൂസ്, ടെഡെക്സ് ടോക്ക് തുടങ്ങിയവയുടെ പോഡ്കാസ്റ്റുകൾ. അവയ്ക്ക് ഏറെ ശ്രോതാക്കളുണ്ട്. ഗൗരവമുള്ള വിഷയങ്ങൾക്കായി പലരും ആശ്രയിക്കുന്നത് ഇംഗ്ലീഷ് പോഡ്കാസ്റ്റുകളെയാണ്. ഏത് കാര്യവും മാതൃഭാഷയിൽ കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്നതിന് പ്രത്യേകതയുണ്ട്. നല്ല പോഡ്കാസ്റ്റുകൾ മലയാളത്തിൽ ലഭ്യമായാൽ ആളുകൾ അത് കേട്ടു തുടങ്ങും എന്ന് എനിക്ക് ഉറപ്പായിരുന്നു.’’

‘‘ആദ്യം ഫോണിന്റെ വോയിസ് റെക്കോർഡർ ഉപയോഗിച്ചായിരുന്നു പോഡ്കാസ്റ്റ് ചെയ്തത്. പിന്നീട് മനസിലായി അതിനായി പ്രത്യേക ആപ്പുകൾ ലഭ്യമാണ് എന്ന്. ഇന്ന് നല്ല മൈക്കും മറ്റ് എഡിറ്റിങ് സൗകര്യങ്ങളും എനിക്കുണ്ട്. പരിപാടിയുടെ 95 ശതമാനവും ഞാൻ തന്നെയാണ് എഡിറ്റ് ചെയ്ത് ചെയ്യുന്നത്. അപൂർവമായി സങ്കീർണമായ മ്യൂസിക് മിക്സിങ് വേണമെങ്കിൽ മാത്രം പുറത്തു നിന്നും ടെക്നിക്കൽ സഹായം എടുക്കും.’’

ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ ഇരുപത്തിയാറ് എപ്പിസോഡുകൾ അരബിന്ദ് ചെയ്തു കഴിഞ്ഞു. ‘‘ആഴ്ചയിൽ ഒരു പോഡ്കാസ്റ്റേ ജോലിക്കിടയിൽ ചെയ്യാൻ സാധിക്കൂ. കാരണം നല്ല റിസർച്ച് ആവശ്യമാണ് ഇതിന്. നൽകുന്ന വിവരങ്ങളിൽ തെറ്റ് വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്.’’

പോഡ്കാസ്റ്റുകൾക്കുണ്ട് പല പ്ലാറ്റ്ഫോമുകൾ

വളർന്നു വരുന്ന മേഖല ആയതിനാൽ മിക്ക ആപ്ലിക്കേഷനുകളും പോഡ്കാസ്റ്റ് സൗകര്യം നൽകുന്നുണ്ട്. ഗൂഗിൾ, ആങ്കർ, ആപ്പിൾ, സ്പോട്ടിഫൈ തുടങ്ങി ഏത് പ്ലാറ്റ്ഫോമുകളിലും നമ്മുടെ പോഡ്കാസ്റ്റ് സൗജന്യമായി അപ്‌ലോഡ് ചെയ്യാനാകും.

‘‘ തുടങ്ങിയ സമയത്ത് ഞാൻ എന്റെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ഗൂഗിളിലും ആങ്കറിലുമൊക്കെ ഞാൻ അപ് ‌ലേഡ് ചെയ്ത് ലിങ്ക് അയച്ചു കൊടുത്തു. ആദ്യം ആളുകൾക്ക് മനസിലായില്ല ഇത് കേൾക്കാനുള്ളതാണ് എന്ന്. ഇപ്പോൾ എന്റെ പേര് സെർച്ച് ചെയ്ത് പല പ്ലാറ്റ് ഫോമുകളിൽ നിന്നും കേൾക്കുന്നവരുണ്ട്. കൂടുതലും യുഎസ്, യുകെ മലയാളികളാണ്. അവരുടെ മലയാളം ടൈം നിറയ്ക്കാൻ കഴിയുന്നു എന്ന് പ്രതികരിച്ചവരുണ്ട്. യുകെയിൽ നിന്നുള്ള ദമ്പതികൾ എനിക്ക് വോയിസ് റെസ്പോൺസ് തന്നത് അവർ അവരുടെ ജോലിയ്ക്കു പോകുന്ന കാർ യാത്രയിലാണ് എന്റെ പോസ്കാസ്റ്റ് കേൾക്കുന്നത് എന്നായിരുന്നു. ഇത്തരം റെസ്പോൺസ് സന്തോഷം തരുന്നതാണ്. കാരണം ഇത് എന്റെ പാഷനാണ്.’’

ഭാവിയിൽ ടെലിവിഷൻ രംഗത്തെപ്പോലെ പോഡ്കാസ്റ്റ് പ്ലാറ്റ്ഫോമിൽ പുതിയ സീരീസ് തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ് അരബിന്ദ്. വിവിധ രംഗത്തെ പ്രഗത്ഭരായ മലയാളികളെ അതിഥികളായി പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും അത് നടത്തുക.