നേരം പോകാൻ പസിലിനോളം നല്ല പോം വഴിയില്ല. പക്ഷേ, ബസ് കാത്തിരുന്നു മുഷിയുമ്പോഴും ക്യു നിന്ന് വലയുമ്പോഴും പസിൽ എങ്ങനെ കിട്ടാനാണ്? പസിലും പോക്കറ്റിൽ ഇട്ടോണ്ട് നടക്കാൻ പറ്റുമോ എന്ന ചോദ്യത്തിന് ഇതാ മോതിരം പോലെ മിന്നുന്ന ഉത്തരം. ഒരു പസിൽ മോതിരം വാങ്ങി വിരലിൽ ഇട്ടോളൂ..
ബോർ അടിക്കുന്ന അവസരങ്ങളെ ഇനി മോതിരപ്പസിൽ കളിച്ചു വരുതിയിലാക്കാം.
ആലുവ കിഴക്കേ കടുങ്ങല്ലൂർ സ്വദേശി വിനോദ് പടിയത്ത് ആണ് ഈ മോതിരത്തിന്റെ നിർമാതാവ്. ഇരുപത്തിയഞ്ചു കൊല്ലം ആയി വിനോദ് സ്വർണപ്പണി ചെയ്തു തുടങ്ങിയിട്ട്.
‘‘സുഹൃത്തായ ജ്വല്ലറി ഉടമ ഒരു ദിവസം എന്നെ തേടി വന്നു. അഴിഞ്ഞുപോയ പസിൽ മോതിരം തിരികെ മോതിരമാക്കി കൊടുക്കാൻ പറ്റുമോ എന്നറിയാനാണ് വന്നത്. അദ്ദേഹം ഗൾഫിൽ നിന്നും വാങ്ങിയത് ആയിരുന്നു ആ മോതിരം. 25 വർഷത്തെ പരിചയത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു മോതിരം ഞാൻ കണ്ടത്. ഇരുപത് മിനിറ്റ് സമയം എടുത്ത് ഞാൻ അത് ശരിയാക്കി.’’
മോതിരം തിരികെ വാങ്ങാൻ വന്ന സുഹൃത്തിനോട് രണ്ടു ദിവസത്തേക്ക് മോതിരം കയ്യിൽ വയ്ക്കാൻ അനുവദിക്കുമോ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
‘‘ഈ രണ്ടു ദിവസം മോതിരം ശരിക്കും നോക്കി പഠിച്ചു. മോതിരം തിരികെ കൊടുത്തശേഷം വെള്ളിയിൽ അതുപോലെ നിർമിച്ചു. ഞാൻ കണ്ട മോതിരത്തിന് നാല് ചുറ്റേ ഉണ്ടായിരുന്നുള്ളു. അത് എട്ടെണ്ണമാക്കിയാണ് ഞാൻ ചെയ്തത്. മോതിരം ശരിയായി വന്നു."
ഇതു കണ്ട മറ്റൊരു സുഹൃത്ത് സ്വർണത്തിൽ ഇതുപോലെ ഒരെണ്ണം വിനോദിനെക്കൊണ്ട് ചെയ്യിപ്പിച്ചു. അതും വിജയകരമായി. പറഞ്ഞറിഞ്ഞു പലരും മോതിരത്തിന് ഓർഡർ നൽകി. ഇപ്പോൾ അമ്പതോളം മോതിരങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു വിനോദ് . സുഹൃത്തുക്കൾ വഴി അറിഞ്ഞാണ് ഓർഡറുകൾ വരുന്നത്. സുഹൃത്ത് വഴി തന്നെ സൗത്ത് ആഫ്രിക്കയിൽ നിന്നും 13 മോതിരങ്ങളുടെ ഓർഡർ കിട്ടി.
ഇപ്പോൾ എച്ച് ഡി എഫ് സി ബാങ്കിൽ ഗോൾഡ് അപ്പ് റൈസറായി ജോലി ചെയ്യുകയാണ്. അച്ഛൻ രവീന്ദ്രനാഥ് ഇപ്പോൾ ഇല്ല. അമ്മ സരളയ്ക്കും വിനോദിന്റെ ഭാര്യ നിനയ്ക്കും മകൻ ദേവനന്ദനും വിനോദിന്റെ കലാവിരുതിൽ അഭിമാനമാണ്. ആലുവ സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് സിഎസ്‌ഐ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി ആണ് ദേവനന്ദൻ. നിന ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു.
ജോലി കഴിഞ്ഞെത്തിയാൽ വിനോദ് ഓർഡർ വർക്കുകൾ ചെയ്യും. ‘‘സ്ഥിരം ചെയ്യുന്ന സ്വർണ പണികൾ അല്ലാതെ വരുന്ന ഡിസൈനുകളോട് എനിക്ക് എന്നും കൗതുകം ആയിരുന്നു. മനസിലെ ആശയങ്ങൾ സ്വർണപ്പണി ചെയ്യിക്കാൻ വരുന്നവരോട് പങ്കു വയ്ക്കും. അവരിൽ പലരും അതു ചെയ്യാൻ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്ത് കണ്ട ഏറ്റവും രസകരമായ വർക്ക് പസിൽ മോതിരം ആയിരുന്നു.
അത്ര എളുപ്പം അല്ല ഈ പസിൽ മോതിരത്തെ വരുതിയിലാക്കാൻ. പക്ഷേ, പഠിച്ചെടുത്താൽ ഈ ആഭരണം നല്ല ഒരു വിനോദോപാധി കൂടിയാണ്’’ വിനോദ് പറയുന്നു.