‘ഇസ്രയേൽ – ഗാസ യുദ്ധം കടുക്കുന്നു’ എന്ന വാർത്താ തലക്കെട്ടിന്റെ ഭാരം ഇങ്ങു കേരളത്തിലെ വീടുകളുടെയും തളർത്തി. മലയാളികളായ ആയിരക്കണക്കിനു സ്ത്രീകളാണ് ഇസ്രയേലിലുള്ളത്. ഇവരിൽ അധികവും തദ്ദേശവാസികളെ പരിപാലിക്കുന്ന കെയർ ഗിവേഴ്സായി ജോലി ചെയ്യുന്നവരാണ്. വെടിയൊച്ചയും റോക്കറ്റുകൾ പൊട്ടിത്തെറിക്കുന്ന കാഴ്ചയുമൊന്നും മേഖലയിൽ ജീവിക്കുന്നവർക്കു പുതുമയുള്ള കാര്യമല്ല. കനത്ത സുരക്ഷാവലയത്തിലാണു ജീവിതം എന്നു നാട്ടുകാരെ പോലെ അവിടെ ജോലിക്കു ചെന്ന മലയാളികളും വിശ്വസിച്ചു. ഒക്ടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തോടെ ആ വിശ്വാസം തകർന്നു.
ഇസ്രയേലിലും ഗാസയിലും നൂറുകണക്കിനാളുകളാണു മരിച്ചുവീണത്. ദിനം പ്രതി രൂക്ഷമാകുന്ന മനുഷ്യക്കുരുതി. ഇസ്രയേലിലെ യുദ്ധഭൂമിയിൽ നിന്നും മലയാളിയായ രേവതി പങ്കുവച്ച അനുഭവം...
ബുള്ളറ്റ് തുളഞ്ഞു കയറിയ കാഴ്ചകൾ– രേവതി
തീവ്രവാദി ആക്രമണം നടന്ന പിറ്റേദിവസം അറിയിപ്പു വന്നു. 72 മണിക്കൂറിലേക്കുള്ള അവശ്യസാധനങ്ങൾ കരുതിവയ്ക്കണം എന്ന്. ഞാൻ പരിപാലിക്കുന്ന അമ്മയെയും കൂട്ടി സൂപ്പർമാർക്കറ്റിലേക്ക് ഇറങ്ങി. എന്നും വൈകുന്നേരം നടക്കാൻ പോയിരുന്ന വഴിയിൽ അന്നു ക ണ്ട കാഴ്ച കരളിൽ കൊണ്ടു. വഴി നീളെ ബുള്ളറ്റുകൾ തുളഞ്ഞുകയറിയ കാറുകളാണ്. വീടുകളുടെ വാതിലിലും മതില്‍കെട്ടിലും ബുള്ളറ്റ് ഏൽപ്പിച്ച പാടുകൾ. തലേന്നു നടന്ന വെടിവയ്പ്പിന്റെ ബാക്കിപത്രം.
കുട്ടികളുടെ സൈക്കിൾ ബെല്ലിന്റെ ശബ്ദവും ആളുകളുടെ കളിചിരികളും നിറഞ്ഞിരുന്ന വഴിയോരം നിശബ്ദമാണ്. ഓരോ ചുവടും ഭീതിയോടെയാണു നടന്നത്. ഏതെങ്കിലും മറവിൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടാകുമോ? തോക്കുമായി അവർ മുന്നിലേക്കു ചാടി വീഴുമോ?’’ ആദ്യമായല്ല രേവതി യുദ്ധനിഴൽ വീണ ഇസ്രയേലിൽ. കോട്ടയം ഉഴവൂരിൽ നിന്നു രേവതി ഇസ്രയേലിൽ എത്തുന്നത് 2021 ഏപ്രിലിലാണ്.
‘‘മേയ് മാസത്തിൽ യുദ്ധം ആരംഭിച്ചു. ഞാൻ നോക്കുന്ന അമ്മയുടെ മൂത്ത മകൻ ആർമിയിലാണ്. അദ്ദേഹം വ ന്നു സാഹചര്യം മനസ്സിലാക്കി തന്നതിനൊപ്പം ധൈര്യവും തന്നു. സൈറന്റെയും ആകാശത്തു മിസൈൽ പൊട്ടുന്നതിന്റെയും ശബ്ദം മാത്രമായിരുന്നു ഞങ്ങൾക്കു രണ്ടാഴ്ചയോളം നീണ്ട യുദ്ധം. ഇത്തവണ പക്ഷേ, ഹമാസ് തീവ്രവാദികൾ നുഴഞ്ഞുകയറി മുന്നിൽ കാണുന്നവരെയെല്ലാം കൊല്ലുന്നുവെന്നൊക്കെ കേട്ടപ്പോൾ പേടിയായി.
ഞാൻ വന്നതു മുതൽ ഈ വീട്ടുകാരോടൊപ്പമാണ്. ഒ ക്ടോബർ ഏഴു വരെ ഈ വീടിന്റെ പ്രധാനവാതിൽ പൂട്ടിയിടാറില്ലായിരുന്നു. നുഴഞ്ഞുകയറ്റക്കാരെ ഭയന്ന് അന്നുമുതൽ വാതിൽ പൂട്ടിത്തുടങ്ങി.
ഞാൻ താമസിക്കുന്ന നെറ്റിവോട്ടിൽ നിന്നു കാറിൽ സ ഞ്ചരിച്ചാൽ 15 മിനിറ്റ് ദൂരമേ ഉള്ളൂ ഗാസയിലേക്ക്. അലേർട്ട് സോണിലുള്ള സ്ഥലമാണിത്. തീവ്രവാദികളെത്തി ഇവിടുത്തെ ആളുകളെ കുത്തിപരിക്കേൽപിക്കുന്നതും വെടി വച്ചുവീഴ്ത്തുന്നതും ഇടയ്ക്കു സംഭവിക്കാറുണ്ട്. അതൊന്നും നാട്ടിൽ വാർത്തയാകാറില്ലെന്നു മാത്രം. ആദ്യ ദിവസങ്ങളിൽ സൈറൻ മുഴങ്ങുന്നതിനു കണക്കുണ്ടായിരുന്നില്ല. പതിയെ ശാന്തമാകുമെന്നാണു പ്രതീക്ഷ.
സുരക്ഷയുടെ ധൈര്യം
ഹെലികോപ്റ്ററുകൾ സദാ പട്രോളിങ് നടത്തുന്നുണ്ട്. ഇവിടേക്കു കൊണ്ടുവന്ന ഏജൻസി വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. ഹെൽപ് ലൈന്‍ നമ്പറുകളിൽ വിളിച്ചാൽ സേവനങ്ങൾ വീട്ടിലെത്തും. അടുത്ത ഫ്ലൈറ്റിനു കയറിപ്പോരുമോ എന്നു ചോദിക്കുന്നവരോടു പറയട്ടെ. സ്ത്രീകൾക്കു വളരെ സുരക്ഷിതമായ രാജ്യമാണ് ഇസ്രയേൽ. ശനിയാഴ്ചകളിൽ കൂട്ടുകാരോടൊത്ത് ടെൽ അവീവില്‍ പോകാറുണ്ടായിരുന്നു ഞാൻ. ദൂരം കൂടുതലായതിനാൽ തിരികെ വരാൻ വൈകും. മോശം കമന്റോ തുറിച്ചുനോട്ടമോ ഇല്ലാതെ നാട്ടിൽ ഒരു സ്ത്രീക്കു രാത്രിയിൽ പുറത്തിറങ്ങാനാകുമോ ?
കുടുംബാംഗത്തോടെന്ന പോലെയാണു വീട്ടുകാരുടെ പെരുമാറ്റം. ഇവിടുത്തെ പൗരന്മാർക്കു നൽകുന്ന അതേ സംരക്ഷണം തന്നെ സർക്കാർ ഞങ്ങൾക്കും നൽകുന്നു. മ ക്കൾ നാട്ടിലാണു പഠിക്കുന്നത്. പ്ലസ് വൺകാരൻ ധാർമിക്കിനും എട്ടാം ക്ലാസ്സുകാരി ആവണിക്കും എന്റെ സുരക്ഷിതത്വത്തെക്കുറിച്ചു വ്യക്തമായ ബോധ്യമുണ്ട്.’’