Saturday 18 September 2021 04:30 PM IST

‘ഒന്നിച്ചു ശ്രമിച്ച ജോലികളെല്ലാം കിട്ടി; വേറിട്ടു ശ്രമിച്ചതാകട്ടേ പല കാരണങ്ങളാൽ മുടങ്ങി’: കാഴ്ചയിലും പഠനത്തിലും ജോലിയിലും ഒരുപോലെ തിളങ്ങി മീനുവും മീരയും

Rakhy Raz

Sub Editor

teenbjbjugggg77rr ഫോട്ടോ : ശ്യാംബാബു

ഇരട്ടക്കുട്ടികൾ ഒരു പോലെയിരിക്കുന്നതിൽ അതിശയിക്കാനില്ല. പക്ഷേ, മീനുവിന്റെയും മീരയുടെയും കാര്യം നോക്കിയാൽ ഇങ്ങനെയുമുണ്ടോ ഇരട്ടകൾ എന്നു കണ്ണു തള്ളും. പഠിച്ച വിഷയവും പഠിപ്പിന്റെ നിലവാരവും ജോലിയും അടക്കം ജീവിതം തന്നെ അണുവിട വ്യത്യാസമില്ല ഈ ഇരട്ടപ്പെൺകുട്ടികൾക്ക്. സ്കൂൾകാലം മുതൽ ക്ലാസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ മാറി മാറി നേടിയ മീരയും മീനുവും ഇപ്പോൾ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇംഗ്ലിഷ് സാഹിത്യ വിഭാഗത്തിൽ അധ്യാപകരാണ്.

‘‘ക്ലാസ്സെടുക്കാൻ പോകുമ്പോൾ കുട്ടികൾ ആദ്യം വളരെ കൺഫ്യൂസ്ഡ് ആയിരുന്നു. രാവിലെ വന്ന മിസ് തന്നെ ഉച്ചയ്ക്ക് വേഷം മാറി വരുന്നതു പോലെയാണ് അവർക്ക് തോന്നുന്നത്. ഞങ്ങൾക്ക് രണ്ടു പേർക്കും ഒരേ ക്യാബിനായിരുന്നപ്പോൾ കസേര അടയാളം വ ച്ചാണ് കുട്ടികൾ കണ്ടുപിടിക്കുന്നത്. ചിലപ്പോൾ ഞങ്ങൾ മാറിയിരുന്നാൽ കുട്ടികൾ വന്ന് പരാതി പറയും, ‘കഷ്ടപ്പെടുത്തല്ലേ ടീച്ചർ’ എന്ന്. ഇടനാഴിയിലും സ്റ്റാഫ് റൂമിലുമൊക്കെ കുട്ടികൾക്ക് ഞങ്ങളെ തമ്മിൽ മാറും. ഒരാളോട് പറഞ്ഞതിന്റെ ബാക്കി അടുത്തയാളോടു ചോദിക്കും. വിഷ് ചെയ്യുമ്പോൾ പേര് മാറും. അങ്ങനെ കൺഫ്യൂഷൻ കഥകൾ പറഞ്ഞാൽ തീരില്ല’’ എന്ന് പറഞ്ഞു ചിരിക്കുന്നു മീരയും മീനയും.

‘‘കാഴ്ചയിൽ ഒരുപോലെയുള്ള ഇരട്ടകളെ ഐഡൻറിക്കൽ ട്വിൻസ് എന്നാണ് പറയാറ്. കഴിവിലും ഒരുപോലെയായവരെ എന്തു പറയണമെന്ന് അറിയില്ല’’ എന്ന് അച്ഛനമ്മമാർ.

scan0012

അമ്മയ്ക്കറിയാം രണ്ടുപേരെയും

റസ്റ്ററന്റ് ഉടമയായ ബാബു രാജേന്ദ്രന്റെയും യോഗ തെറപ്പിസ്റ്റായ മായയുടെയും മക്കളാണ് മീനുവും മീരയും. സ്കാനിങ് അത്ര പോപ്പുലർ അല്ലാത്ത കാലത്ത് മീനുവും മീരയും പുറത്തെത്തുന്നതു വരെ മായയ്ക്ക് മനസ്സിലായില്ല ഇരട്ടകളായിരിക്കും എന്ന്.  കുഞ്ഞുങ്ങളെ കയ്യിലേക്ക് കിട്ടിയപ്പോൾ മായ ശരിക്കും ഞെട്ടി. രണ്ടാളുണ്ടെന്നത് മാത്രമ ല്ല, അവർ തിരിച്ചറിയാൻ വയ്യാത്തത്ര ഒരു പോലെ.

‘‘പക്ഷേ, അമ്മയല്ലേ ഞാൻ. അൽപ സമയംകൊണ്ട് തിരിച്ചറിയാൻ പഠിച്ചു. പിന്നീട് ഒരുപോലെ ഉടുപ്പിടുവിക്കുമ്പോഴും ഒരു പോലെ പൊട്ട് തൊടുവിക്കുമ്പോഴും ഓടിക്കളിക്കുന്നതിനിടക്കു പോലും എനിക്ക് അവരെ തമ്മിൽ തെറ്റിയില്ല.’’ മായ പറയുന്നു.

ഡൽഹിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മാനേജരായിരുന്ന അച്ഛൻ ബാബു രാജേന്ദ്രൻ ഭാര്യയുടെ പ്രസവത്തോടടുപ്പിച്ചാണ് ജോലി ഉപേക്ഷിച്ച് നാട്ടിൽ ബിസിനസ് തുടങ്ങുന്നത്. ‘‘ചെറുപ്പം മുതലേ അവർക്ക് മറ്റു കൂട്ടുകാരോടെന്നതിനെക്കാൾ അവരുടെ തന്നെ കൂട്ടിനോടായിരുന്നു പ്രിയം. എന്തു ചെയ്യുമ്പോഴും രണ്ടാളും ഒപ്പം കാണും. എന്തും പരസ്പരം പങ്കുവയ്ക്കും. എപ്പോഴും സന്തോഷത്തോടെയിരിക്കും.’’

twinnn55ffggvgtyjy

വായിച്ചു തീർത്ത ലൈബ്രറികൾ

‘‘വായനയോടുള്ള ഇഷ്ടം രണ്ടുപേർക്കും ഉള്ളതുകൊണ്ട് ചെറുപ്പത്തിൽ തന്നെ ലൈബ്രറിയിൽ കൊണ്ടു പോകുമായിരുന്നു. മീര ഒരു പുസ്തകമെടുക്കുന്നതിന് പുറകേ മീനുവും ചെന്ന് പുസ്തകമെടുക്കുമ്പോൾ ലൈബ്രേറിയ ൻ ചോദിക്കും, രണ്ടു പുസ്തകം കുട്ടി ഒരേ സമയം വായിക്കാൻ പോകുവാണോ ?’’ അച്ഛൻ ഓർത്തു.

‘‘വായിച്ചു ശീലിക്കട്ടേ എന്നു വിചാരിച്ച് ലൈബ്രറിയി ൽ കൊണ്ടുപോയ ഞങ്ങൾ താമസിയാതെ കുഴങ്ങി. ദിവസങ്ങൾ കൊണ്ട് ലൈബ്രറിയിലെ മിക്ക പുസ്തകങ്ങളും വായിച്ചു തീർക്കും. പിന്നെ, പുതിയ പുസ്തകങ്ങൾക്കായി അ ടുത്ത ലൈബ്രറി തേടിപ്പിടിക്കണം.  ദൂരെയുള്ള ലൈബ്രറികളിൽ പോലും ഞങ്ങൾ അംഗങ്ങളായി.

 അന്ന് ആലപ്പുഴയിലായിരുന്നു താമസം. അവിടെ ഞ ങ്ങൾക്ക് പ്രിയപ്പെട്ട രണ്ട് ടീച്ചേഴ്സ് ഉണ്ടായിരുന്നു. സുഷമ ടീച്ചറും ദാമോദരൻ പിള്ള സാറും. സുഷമ ടീച്ചർ കുട്ടിക്കാലത്തേ നന്നായി പഠിക്കാൻ പ്രചോദനമായി. ട്യൂഷനായാണ് ദാമോദരൻ പിള്ള സാറിന്റെയടുത്ത് എത്തുന്നത്. സാറാണ്  ഇംഗ്ലിഷ്  ഗ്രാമർ തെറ്റു  കൂടാതെ പ്രയോഗിക്കാനുള്ള പ്രാവീണ്യം ഉണ്ടാക്കിക്കൊടുത്തത്. പത്താം ക്ലാസ് കഴിഞ്ഞപ്പൊ ‘നിങ്ങൾ ഇംഗ്ലിഷ് ഭാഷയിൽ മിടുക്കികളായി വ രുമെന്ന് ’സാർ അനുഗ്രഹിച്ചു പറഞ്ഞു. അത് സത്യമായി.’’

ആലപ്പുഴ ചിന്മയ സ്ക്കൂളിലായിരുന്നു മീനുവും മീരയും എൽകെജി മുതൽ പഠനം.‘‘ഒരാൾക്ക് ഫസ്റ്റ് ആണെങ്കി ൽ അടുത്തയാൾക്ക് സെക്കൻഡ് ഉണ്ടാകും. ഒന്നും രണ്ടും സ്ഥാനങ്ങൾ പരസ്പരം മാറുന്നതിൽ അവർക്ക് പരാതിയില്ല. രണ്ടാളും മത്സരിച്ചു പഠിക്കും.’’ എന്ന് അമ്മ മായ.

‘‘ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു രസമുണ്ടായി.  പാട്ടു മത്സരത്തിൽ മീരയ്ക്ക് ഒന്നാം സ്ഥാനം കിട്ടി. പ്രൈസ്  ഡിസ്ട്രിബ്യൂഷന് പെട്ടെന്ന് അവർ തീരുമാനിച്ചു ഫസ്റ്റ് കി ട്ടിയ കുട്ടിയെക്കൊണ്ട് സ്റ്റേജിൽ പാടിക്കാം എന്ന്. ടീച്ചർ  മീരയാണെന്ന് കരുതി എന്നെ വിളിച്ച് സ്റ്റേജിൽ കയറ്റി പാട്ട് പാടാൻ പറഞ്ഞു. മീരയെ അമ്മ പാട്ട് പഠിപ്പിക്കുന്നതു കേട്ട് ഞാനും പഠിച്ചിരുന്നു. അതുകൊണ്ട് പറഞ്ഞപടി ഞാനങ്ങ് പാടി. പക്ഷേ, പാട്ട് കുളം ആയി. ഇതാണോ ഫസ്റ്റ് കിട്ടിയ കുട്ടിയുടെ പാട്ട് എന്ന് വേദിയിലിരുന്നവർ അതിശയിച്ചു കാണും.’’ പഠിത്തത്തിൽ ഒരുപോലെ ആണെങ്കിലും പാട്ടിൽ താനത്ര പോര എന്നു മീനു.

feedrftfygtwimss

‘‘കാക്കനാട് ആദർശ വിദ്യാലയത്തിൽ കംപ്യൂട്ടർ മാത്‌സ് മെയിൻ എടുത്തു പ്ലസ് ടുവും ഡിസ്റ്റിങ്ഷനോടെ പാസായി. അപ്പോഴേക്കും ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറിയിരുന്നു. ആ സമയത്താണ് ഇംഗ്ലിഷ് ആണ് ഇഷ്ടവിഷയം എന്നു തോന്നിത്തുടങ്ങിയത്.

ഇംഗ്ലിഷ് എടുത്താൽ കഥയും കവിതയും ലേഖനങ്ങളും ഒക്കെ വായിക്കാം. എൻജിനീയറിങ് ആണെങ്കിൽ പഠനവും ഇഷ്ടവും രണ്ടാകും. അതിനാൽ പഠിത്തക്കാർ പൊതുവേ എടുക്കുന്ന എൻജിനീയറിങ് വിട്ട് ഇംഗ്ലിഷ് ബിരുദം പഠിക്കാൻ തീരുമാനിച്ചു.

പലരും അതൊരു നല്ല തീരുമാനമായി അംഗീകരിച്ചില്ല. പക്ഷേ, ഞങ്ങൾക്ക് സംശയമുണ്ടായിരുന്നില്ല. ബിഎ ഇംഗ്ലിഷ് ഡിസ്റ്റിങ്ഷനോടെ പാസായി.

ഒരേ വേദിയിൽ നിന്ന് അംഗീകാരം

ബിരുദാനന്തര ബിരുദം പുറത്തെ യൂണിവേഴ്സിറ്റിയിൽ ചെയ്യണം എന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് സെന്റ് തെരേസാസിൽ ഞങ്ങളുടെ സീനിയർ ആയിരുന്ന മഞ്ജിമ ചേച്ചി ഹൈദരാബാദ് യൂണിവേഴ്സിറ്റിയെക്കുറിച്ച് പറയുന്നത്. ചേച്ചി അപ്പോൾ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ  പഠിക്കുകയായിരുന്നു.

സെൻട്രൽ യൂണിവേഴ്സിറ്റികളിൽ വളരെ കുറച്ച് സീറ്റേയുള്ളു. അത് ഒരുമിച്ചു നേടിയെടുക്കുക അൽപം പ്രയാസമായിരുന്നു. കടുത്ത മത്സരമുള്ള സീറ്റുകളാണ്. ഞങ്ങൾ ആത്മവിശ്വാസത്തോടെ ശ്രമിക്കാൻ തീരുമാനിച്ചു.

സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനത്തിനായുള്ള ഒാ ൾ ഇന്ത്യ എൻട്രൻസ് എഴുതി.  അടുത്തടുത്ത റാങ്കുകളുമായി പ്രവേശനം നേടി.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനായത് ഞങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഏക്കറുകളോളം പരന്നു കിടക്കുന്ന പച്ചപ്പു നിറഞ്ഞ ശാന്തമായ ക്യാംപസ്.

പ്രമുഖരായ അധ്യാപകർ, ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള, ഇംഗ്ലിഷിൽ വളരെയധികം പ്രാഗത്ഭ്യമുള്ള വിദ്യാർഥികളോടൊപ്പം പഠിക്കാനും ആശയങ്ങൾ കൈമാറാനും അവസരം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഇംഗ്ലിഷ് ഡിപാർട്‌മെന്റായി കണക്കാക്കപ്പെടുന്ന ഇടമാണവിടം.

തുടർന്ന് എംഫിലും അവിടെ ചെയ്തു. 97 ശതമാനത്തിന് മീനുവും 96 ശതമാനത്തിനു ഞാനും പാസായി. നെറ്റും ജെആർഎഫും നേടി പിഎച്ച്ഡിക്കും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ തന്നെ ചേർന്നു.’’

മീനു പ്രഫ. സുനിതാ റാണിയുടെ കീഴിൽ ‘കേരള സംസ്കാരത്തിലെ യക്ഷി സാന്നിധ്യം’ എന്ന വിഷയത്തിലും ഞാൻ  പ്രഫ. ശ്രീധറിന്റെ കീഴിൽ ‘സഞ്ചാര സാഹിത്യ’ത്തിലുമാണ് പിഎച്ച്ഡി ചെയ്തത്. ഒടുവിൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ഒരേ വേദിയിൽ നിന്ന് ഗവേഷണത്തിനു ലഭിച്ച അംഗീകാരം വാങ്ങി.

_C2R7389

ജോലിയും ഒന്നിച്ച്

‘‘പിഎച്ച്ഡി അനുബന്ധമായി പല സ്ഥലങ്ങളിലും യാത്ര ചെയ്യേണ്ടതായി വന്നതോടെ ഞങ്ങൾ കരാട്ടേ പഠിച്ചു. ബ്ലാക്ക് ബെൽറ്റ് നേടി. അതിനിടയ്ക്ക് ഫ്രഞ്ചും ജാപ്പനീസും പ ഠിക്കാനും പോയി.

പഠനം ഒരുപോലെ നടത്തിയെങ്കിലും ജോലിയും ഒരുപോലെ നേടും എന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ജോലിക്കായി പലയിടത്തും അപേക്ഷിച്ചു. കോഴിക്കോട് എൻഐടിയിൽ അവസരമുണ്ട്. പക്ഷേ, ഒന്നേയുള്ളൂ. അ തിനാൽ അതുപേക്ഷിച്ചു.

ഗുൽബർഗ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് വിഭാഗത്തിൽ ഇരുവർക്കും ഒന്നിച്ച് ആദ്യമായി ജോലി ലഭിച്ചു. അതിനു ശേഷം അമൃത യൂണിവേഴ്സിറ്റിയിൽ ജോലി നേടി, നാട്ടിലെത്തി. ആ സമയത്താണ് ഡ്രൈവിങ് പഠിച്ച് ഒരേ കാറിൽ ഒന്നിച്ച് ജോലിക്ക് പോയി തുടങ്ങിയത്. ഇപ്പോൾ വെല്ലൂരിൽ ഫ്ലാറ്റ് എടുത്ത് താമസിച്ചാണ് ജോലി ചെയ്യുന്നത്.

ഓൺലൈൻ ക്ലാസ് എടുക്കുമ്പോൾ കുട്ടികൾ ഞങ്ങളുടെ കാര്യത്തിൽ ശരിക്കും കൺഫ്യൂസ്ഡ് ആണ്. മീരയുടെ ക്ലാസ് കഴിയുമ്പോൾ എന്നെ വിളിച്ചായിരിക്കും സംശയം ചോദിക്കുക. തിരിച്ചും. വ്യത്യസ്ത സ്ഥലങ്ങളിൽ ജോലി ചെയ്യാൻ തീരുമാനിച്ചു  ശ്രമിച്ചപ്പോഴൊക്കെ ഏതെങ്കിലും കാരണത്താൽ ഇരുവർക്കും അതു മുടങ്ങി. ഒന്നിച്ച് ശ്രമിച്ചതെല്ലാം കിട്ടുകയും ചെയ്തു.’’

അത് ഒരു അതിശയമായി തോന്നുന്നു എന്ന് മീനുവും മീരയും. എല്ലാം ഒരുപോലെ നേടിയ മിടുക്കിക്കുട്ടികൾക്ക്  ഇനി വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്നാണ് ആഗ്രഹം.