Thursday 08 February 2018 02:57 PM IST

‘നിന്റെ കയ്യിൽ ഒരു ചെറിയ കുഞ്ഞിനെ പോലെ’; എടുത്തുയർത്തിയപ്പോള്‍ വൈഷ്ണവിനോട് ഷാരൂഖ് ഖാന്‍ പറഞ്ഞു

Unni Balachandran

Sub Editor

vyshnav1 ഫോട്ടോ: സരിൻ രാംദാസ്

വൈഷ്ണവ് ഗിരീഷ് എന്ന മലയാളി ഷാരൂഖ് ഖാനെ എടുത്തുയര്‍ത്തിയെന്നു കേട്ട് ആ കാഴ്ച കാണാന്‍ യൂ ട്യൂബിൽ ക യറിയവരൊക്കെ െഞട്ടി. കസവുമുണ്ടും വെളുത്ത ഭസ്മ ക്കുറിയും നിറഞ്ഞ ചിരിയുമായി പാടുന്ന വൈഷ്ണവ് എ ന്ന പതിന‌ഞ്ചുകാരന്റെ പാട്ടുകളുടെ റെയ്‍ഞ്ച് കണ്ട്.

‘ലിറ്റിൽ ചാംപ്സ്’ റിയാലിറ്റി ഷോയിൽ ‘ബിൻ തേരെ’ എന്ന ഒറ്റ പാട്ടിന് ശേഷം ആരാധകരേറെയായി വൈഷ്ണവിന്. പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ. റിയാലിറ്റി ഷോയി ൽ അതിഥിയായി എത്തിയ ഷാരൂഖിനെയാണ് വൈഷ്ണവ് കൂളായി എടുത്തു പൊക്കിയത്.

റിയാലിറ്റി ഷോയുടെ തിരക്ക് കാരണം സിനിമയിൽ പാടാനുള്ള അവസരങ്ങൾക്കു പോലും ചെവികൊടുക്കാൻ ഈ ‘ലിറ്റിൽ ചാംപ്യന്’ കഴിയുന്നില്ല. ഇതിനിടയിൽ കുടുംബത്തിലെ ചടങ്ങിൽ പങ്കെടുക്കാനായി കൊടുങ്ങല്ലൂരിലെ ‘കീർത്തന’യെന്ന വീട്ടിൽ വന്നുകയറിയതേയുള്ളൂ വൈഷ്ണവ്.

ഈ എടുത്തുപൊക്കൽ പണ്ടേ ഉണ്ടായിരുന്നൊ?

ചേട്ടൻ കൃഷ്ണനുണ്ണിെയ ഇതുപോലെ എടുത്തുപൊക്കാറുണ്ട്. കൊച്ചു കുട്ടികളെ ഏറ്റുവാങ്ങും പോലെ ഒരു കയ്യിൽ തല ഭാഗവും മറ്റേ കയ്യിൽ കാൽമുട്ടിന്റെ ഭാഗവും വച്ച് പൊക്കി നിര‍്‍ത്തും. അന്ന് ലിറ്റിൽ ചാംപ്സ് റിയാലിറ്റി ഷോയിൽ ഞാന്‍ പാടുന്ന ഒരു എപ്പിസോഡില്‍ ഷാരൂഖ് വിശിഷ്ടാതിഥിയായി വന്നു. എന്‍റെയും ഷാരൂഖിന്‍റെയും പിറന്നാൾ ഒരു ദിവസമാണ്. അറിയാതെ ആണെങ്കിലും ഞാനന്നു പാടിയത് അദ്ദേഹത്തിന്‍റെ ‘റയീസ്’ സിനിമയിലെ ‘സാലിമാ’ എന്ന പാട്ടാണ്.

പാട്ട് കഴിഞ്ഞപ്പോൾ ഞാന്‍ വല്ലാതെ എക്സൈറ്റഡായി കൂടെ നിന്നവരോടൊക്കെ പറഞ്ഞു, ‘ഷാരൂഖ് സാറിന്റെ വലിയ ആരാധകനാണ് ഞാന്‍’ എന്ന്. അവര്‍ എന്നോട് ചോദിച്ചു, ‘ഇത്ര അടുത്തു കിട്ടിയില്ലേ, എടുത്തു പൊക്കുന്നോ ’എന്ന്. ആവേശത്തിൽ ഞാൻ പൊക്കാമെന്നു സമ്മതിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹം അതിന് റെഡിയാകുമെന്ന് ഒട്ടും വിചാരിച്ചില്ല. സ്‌റ്റേജിലേക്ക് വന്നപ്പോൾ വ ല്ലാതെ പേടിയായി. എല്ലാവരേക്കാളും കൂടുതലായി അദ്ദേഹം സപ്പോർട്ട് ചെയ്തപ്പോൾ ഞാനങ്ങ് എടുത്തുയര്‍ത്തി. പിന്നെ പതിയെ താഴെ നിർത്തിയപ്പോൾ അദ്ദേഹം പറഞ്ഞു ‘ഞാൻ നിന്റെ കയ്യിൽ ഒരു ചെറിയ കുഞ്ഞിനെ പോലെയായി മാറി...’

പിന്നീട് നാട്ടിലൊരു റിയാലിറ്റി േഷായില്‍ വച്ചു കണ്ടപ്പോള്‍ കുഞ്ചാക്കോ ബോബന്‍ തമാശയ്ക്കു േചാദിച്ചു, ‘എന്നേയും എടുത്തു പൊക്കാമൊ’ എന്ന്. ഞാൻ അപ്പോൾ തന്നെ ഓകെ പറഞ്ഞു. അങ്ങനെ മോളിവുഡിലേയും ബോളിവുഡിലേയും ചോക്‌ലേറ്റ് ഹീറോസ് എന്‍റെ െെകക്കുള്ളിലായി.

സംഗീതത്തിലേക്ക് അടുത്തത് എങ്ങനെയാണ്?

ചേട്ടൻ കൃഷ്ണനുണ്ണി ചെറുപ്പം തൊട്ടേ പാടുമായിരുന്നു. കിട്ടിയ സമ്മാനങ്ങളുമായി ഉണ്ണിച്ചേട്ടൻ വരുമ്പോൾ, പാടണമെന്നും പറഞ്ഞ് കുഞ്ഞിലെ ഞാനും വാശിപിടിക്കുമായിരുന്നു. അങ്ങനെ അഞ്ചാം വയസ്സു മുതൽ പാട്ട് പഠിക്കാൻ തുടങ്ങി. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ മടിയായി. സൈക്ലിങ്ങും ബാറ്റ്മിന്റൻ കളിയുമായി വീട്ടിൽ ബഹളം വച്ചു നടന്ന എന്നെ ഏട്ടനാണ് വീണ്ടും പാട്ടിന്റെ ലോകത്തേക്ക് എത്തിച്ചത്.

ആദ്യമൊക്കെ പാടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി അനങ്ങിയും ആടിയുമായിരുന്നു ഇരിക്കാറ്. പാട്ട് പഠിക്കാ ൻ ചെന്നപ്പോൾ നന്നായി ഇരിക്കാനാണ് ഗുരു ആദ്യം പഠിപ്പിച്ചത്. ഇരുത്തം പഠിച്ചപ്പോൾ തന്നെ ഒരു മാസമെടുത്തു. ഇപ്പോ ൾ ദുബായിലാണ് ജോലി ചെയ്യുന്നതെങ്കിലും എന്റെ പരിപാടികൾ കണ്ടു തെറ്റുതിരുത്താൻ ഏട്ടൻ എന്നും വിളിക്കും. ഏട്ടനുമായി പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ട് ഏട്ടൻ പറയുന്നത് ഗുരുവിന്റെ വാക്കുകളായാണ് കണ്ടിട്ടുള്ളത്. കുറച്ചുനാൾ മുൻപാണ് ഏട്ടന്റെ കല്യാണം കഴിഞ്ഞത്, ഭാര്യ അർച്ചന. അച്ഛന്‍ ഗിരീഷ് കുമാർ കാനറ ബാങ്കിൽ. അമ്മ മിനി ഹൈക്കോടതി വക്കീലും. രണ്ടാളും നന്നായി പാടും. മതിലകം സെന്റ് ജോസഫ്സ് സ്കൂളിൽ പത്താം ക്ലാസ്സിലാണ് ഞാൻ ഇപ്പോൾ.

vyshnav2

റിയാലിറ്റി ഷോകളുടെ ലോകത്തേക്ക് എത്തിയത്?

ആദ്യമായിട്ട് സ്‌റ്റേജിൽ കയറിയത് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘പിച്ചവച്ച നാൾ’ പാടാനാണ്. അന്ന് പേടിച്ചു വിറച്ച് മൈക്ക് താഴെയിട്ടിട്ട് ഓടിക്കളഞ്ഞു. പിന്നീട് അഞ്ചാം ക്ലാസി ൽ പഠിക്കുമ്പോൾ ഗുരുവായൂർ അമ്പലത്തിൽ വച്ച് കച്ചേരി ന ടത്തി അരങ്ങേറി. ഏട്ടൻ ധൈര്യം തന്നിട്ടാണ് 2014ൽ ഒരു മലയാളം റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. ആ പരിപാടിയിലെ എന്റെ പെർഫൊമൻസ് കണ്ട് ഹിന്ദി റിയാലിറ്റി ഷോ ‘ഇന്ത്യൻ ജൂനിയർ ഐഡലിൽ’ നിന്ന് കോൾ വന്നു. ഒരുപാട് ഹിന്ദി സിനിമകൾ കാണാറുള്ളതുകൊണ്ട് ഹിന്ദി നല്ല പരിചയമായിരുന്നു. ആ സമയം ഇന്ത്യയിലെ തന്നെ ബെസ്റ്റ് റിയാലിറ്റി ഷോ ആയ ‘ജൂനിയർ ഐഡലി’ൽ നിന്ന് വിളി വന്നപ്പോൾ എനിക്ക് ആവേശമായി. നാലാം സ്ഥാനമാണ് ലഭിച്ചതെങ്കിലും ആ പരിപാടിയിലൂടെയാണ് ആളുകൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ബിൻ തേരെ’ ഹിറ്റായതോടെയായിരുന്നല്ലോ വൈഷ്ണവ് സ്‌റ്റാർ ആയത്?

ജൂനിയർ ഐഡലിനു ശേഷം ഞാൻ പങ്കെടുത്ത ഹിന്ദി റിയാലിറ്റി ഷോ ആയിരുന്നു ‘സ രി ഗ മ പ ലിറ്റിൽ ചാംപ്സ്’. ഓഡിഷനിൽ തന്നത് ‘ഐ ഹേറ്റ് ലവ് സ്‌റ്റോറി’ എന്ന സിനിമയിലെ, ‘ബിൻ തേരെ’. അതൊരു സിംപിൾ പാട്ടായതുകൊണ്ട് ജഡ്ജസിനെ ഇംപ്രസ് ചെയ്യാൻ കഴിയില്ലല്ലോ എന്നോർത്ത് വിഷമമായി. എന്റെ പ്രോഗ്രാമുകൾ കൈകാര്യം ചെയ്തിരുന്ന ഗോകുലേട്ടൻ കൂടെയുണ്ടായിരുന്നു. ചേട്ടൻ പറഞ്ഞു, ‘ഈ പാട്ട് നിന്റെ ജീവിതം മാറ്റും, ധൈര്യമായി പാടിക്കോളൂ’ എന്ന്. ഗോകുലേട്ടന്റെ വാക്കുകൾ സത്യമായി.

പിന്നെ ഒരു ദിവസം ‘സുറുമെ അഖിയോം മേ ’ പാടുമ്പോൾ വിരേന്ദർ സേവാഗ് ഗസ്റ്റായി ഉണ്ടായിരുന്നു. സേവാഗിന്റെ കൂടെ ക്രിക്കറ്റൊക്കെ കളിച്ചിട്ടുണ്ട്. ഞാനും വേറൊരു കുട്ടിയും സേവാഗും മാത്രം. അന്ന് ഞാനും ആ കുട്ടിയും ഡക്കിന് പോയി, സേവാഗാണെങ്കിൽ സിക്സർ അടിതന്നെ. അങ്ങനെ മടുത്ത് ഞങ്ങൾ കളി നിർത്തി. സച്ചിനെ കണ്ടപ്പോൾ മിണ്ടാനേ കഴിഞ്ഞിരുന്നില്ല. പക്ഷേ, അദ്ദേഹം എന്നെ കൂളാക്കി. ദ്രാവിഡിനെയും കണ്ട് സംസാരിച്ചിരുന്നു.

ക്രിക്കറ്റ് എനിക്ക് പാട്ടുപോലെ തന്നെ ഇഷ്ടമാണ്. ഒരിക്കൽ ‘അയാളും ഞാനും തമ്മിൽ’ സിനിമയിലെ ‘അഴലിന്റെ ആഴങ്ങളിൽ’ സ്‌റ്റേജിൽ പാടുമ്പോൾ ‘അത്തറായി നീ പെയ്യും’ എന്ന ഭാഗത്ത് ‘അക്തറായി പെയ്യും’ എന്നാണ് പാടിയത്. യൂ ട്യൂബിൽ പാക്കിസ്ഥാന്റെ ഷോയിബ് അക്തറിന്റെ ബോളിങ്ങൊക്കെ കണ്ടിട്ട് പാടാനിറങ്ങിയകൊണ്ടാണ്. ആരും തെറ്റ് കണ്ടുപിടിക്കാത്തതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.

കേരളത്തിലേയും നോർത്തിലേയും റിയാലിറ്റി ഷോകളിൽ എന്തെങ്കിലും വ്യത്യാസം തോന്നിയിട്ടുണ്ടൊ?

രണ്ടിടത്തും ഞാൻ പങ്കെടുത്തത് കുട്ടികളുടെ റിയാലിറ്റി ഷോയിൽ ആയതുകൊണ്ട് വഴക്കു കേൾക്കേണ്ടി വന്നിട്ടില്ല. പക്ഷേ, അവിടുത്തെ പരിപാടികൾക്ക് ‘റീച്ച്’ കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്. റഹ്മാൻ സാറിനെ കാണാനും അദ്ദേഹത്തിന്റെ മുന്നിൽ പാടാനുമുള്ള എന്റെ വലിയ ആഗ്രഹം സാധിച്ചത് അ വിടെ എത്തിയതുകൊണ്ടാണ്.

മലയാളം പാട്ടുകൾ എനിക്ക് പാടാൻ ഇഷ്ടമില്ലേയെന്നൊക്കെ പലരും ചോദിക്കും. ഹിന്ദി റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുകൊണ്ടാണ് ഹിന്ദി മാത്രം പാടുന്നത്. അവിടെ മലയാളം പാട്ട് പാടാൻ സമ്മതിക്കാത്തതുകൊണ്ടാണ്. ചേട്ടന്റെ കംപോസിങ്ങിൽ ഒരു മ്യൂസിക് ആൽബം ചെയ്യാൻ പ്ലാനുണ്ട്.

ക്ലാസ്സുകൾ എങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു?

എന്റെ മ്യൂസിക് ടീച്ചർ വിനീതയ്ക്കും ക്ലാസ് ടീച്ചർ ജീബയ്ക്കുമാണ് അതിന് നന്ദി പറയേണ്ടത്. അവർ അത്രയധികം എന്നെ സഹായിക്കുന്നുണ്ട്. നാട്ടിലെത്തുമ്പോൾ ബെസ്റ്റ് ഫ്രണ്ട്സ് ജെറിനും ഗോകുലും പാഠങ്ങളെല്ലാം പഠിപ്പിച്ച് തരും. എല്ലാ ദി വസവും ക്ലാസ്സിൽ പഠിപ്പിക്കുന്ന നോട്ടുകൾ രണ്ടു കുട്ടികൾ ചേരുന്ന ഒരു ഗ്രൂപ്പ് എന്റെ നോട്ട്ബുക്കിൽ എഴുതിവയ്ക്കും. അതുകൊണ്ട് ബുക്സൊക്കെ അവരുടെ കയ്യിലാണ്. സ്കൂളും ഫ്രണ്ട്സും അത്രയധികം സപ്പോർട്ട് ചെയ്യുന്നുണ്ട്.

vyshnav3 കൃഷ്ണനുണ്ണി, ഗിരീഷ് കുമാർ, വൈഷ്ണവ്, മിനി, അർച്ചന

വീണ്ടും വീണ്ടും പാടണമെന്ന് തോന്നിയ പാട്ടുകളുണ്ടൊ ?

അച്ഛനും അമ്മയ്ക്കും പാടികൊടുക്കുന്ന പഴയ മലയാളം പാട്ടുകളുണ്ട്. വീട്ടിലെ സോഫയിൽ അമ്മയുടെ മടിയിൽ കിടന്നാണ് പാടുക. ‘ഇന്നലെ മയങ്ങുമ്പോൾ ഒരുമണിക്കിനാവിന്റെ’ ‘ഒരു പുഷ്പം മാത്രമെൻ’ എന്നീ പാട്ടുകൾ എത്ര പാടിയാലും വീണ്ടും പാടാൻ പറയും. മടി പിടിച്ചാൽ അമ്മ മുടിയിൽ വിരലോടിക്കാൻ തുടങ്ങും. ഞാനപ്പോൾ വീണ്ടും പാടും. പാട്ട് നി ർത്തിയാൽ മുടിയിൽ അമ്മയുടെ വിരലുകൾ വീണ്ടും എത്തും എന്നുറപ്പാണ്. അവർക്ക് വേണ്ടിയാകുമ്പോൾ എത്ര ഭംഗിയായായി പാടിയാലും എനിക്ക് മതിയാകില്ല. അച്ഛനുമമ്മയ്ക്കുമായി താരാട്ടുപാടാൻ പറ്റുന്നത് മകന്റെ ഭാഗ്യമല്ലേ?.