ആദ്യം ഒരു പൂന്തോട്ടം ഉണ്ടാക്കുക. പിന്നെ, അതിനോട് ചേർന്ന് ഒരു വീടും. കേൾക്കുമ്പോൾ ഭ്രാന്തമായ ആശയം എന്നു തോന്നിയാലും അങ്ങനെയാണ് സുരേഷ്കുമാറും ഭാര്യ രാധയും വീടു പണിതത്. ആ യാത്രയിൽ കൂടെ നിന്നത് തിരുവനന്തപുരത്ത് നെസ്റ്റിയോൺ ഹോംസിലെ ഡിസൈനർ ഷേർഷായും.
വീട്ടുകാർ തിരുവനന്തപുരം ചെങ്കൽകോണത്ത് ഫ്ലാറ്റിലാണ് താമസം. മക്കൾ കുടുംബസമേതം വിദേശത്തും. രാധ പറയുന്നതുപോലെ, ‘കോവിഡ് സമയത്ത് രണ്ട് ബാൽക്കണികളിലായിരുന്നു ജീവിതം’.
ആ മടുപ്പിൽ നിന്നാണ് കുറച്ചു സ്ഥലവും വീടും വേണമെന്ന് തോന്നിയത്. എന്നാൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തുനിന്ന് അധികം ദൂരെയാവാനും വയ്യ. അങ്ങനെ രണ്ടു കിലോമീറ്ററിനപ്പുറത്ത് പണിയുന്ന നെസ്റ്റിയോൺ വില്ലയിൽ പ്ലോട്ട് സ്വന്തമാക്കി. ഒന്നല്ല, അടുത്തടുത്ത രണ്ട് പ്ലോട്ടുകൾ. അങ്ങനെ എട്ട് സെന്റ്.

‘ലാൻഡ്സ്കേപ്പിനായിരിക്കണം പ്രാധാന്യം, രണ്ടു പേർക്ക് താമസിക്കാൻ സൗകര്യങ്ങളെല്ലാം ചേർന്ന ചെറിയ ഒരു മോഡേൺ വീട്.’ അത്തരമൊരു ആവശ്യം ആദ്യമായി കേട്ട ഷേർഷയിലെ ഡിസൈനർ ആദ്യം ഒന്നമ്പരന്നു. അതൊരു വെല്ലുവിളിയായി എടുക്കാൻ ടീം തയാറായി. വ്യത്യസ്തമായ പ്രോജക്ട്, അതും നല്ല ഒരു ക്ലൈന്റിനു വേണ്ടി എന്നത് ഷേർഷയ്ക്കും പ്രോത്സാഹനമായി. ‘‘ഇൗ യാത്രയിൽ മുഴുവൻ ഞങ്ങൾ ഒരുമിച്ചായിരുന്നു,’’ എന്ന വാക്കുകളിലുണ്ട് ഷേർഷയുടെ ആവേശം മുഴുവൻ.
യോഗ ടീച്ചറും ലൈഫ്സ്റ്റൈൽ ട്രെയിനറുമൊക്കെയായ സുരേഷ്കുമാറിന് രാജ്യത്തിനു വെളിയിൽ ധാരാളം സ്വദേശികളും വിദേശികളുമായ ശിഷ്യഗണമുണ്ട്. വിദേശരാജ്യങ്ങളിൽ പോയി താമസിക്കുമ്പോഴെല്ലാം അവിടങ്ങളിലെ ഗാർഡൻ എന്ന ആശയം സുരേഷ്കുമാറിനെ സ്വാധീനിക്കാറുണ്ട്. വീടു പോലെ തന്നെ പ്രാധാന്യമാണ് അവിടങ്ങളിൽ ഗാർഡനും.

ജർമൻ ശിഷ്യയായ ലാൻഡ്സ്കേപ് ആർക്കിടെക്ട് ആണ് ചെങ്കൽകോണത്തെ സ്ഥലം ഒന്നു കാണുക പോലും ചെയ്യാതെ ഗാർഡൻ ഡിസൈൻ ചെയ്തത്. ‘‘അവർ ഡിസൈൻ ചെയ്യുന്നതു തന്നെ രസമാണ്, ’’ സുരേഷ് പറയുന്നു. ‘‘നിലത്ത് വലിയ കടലാസ് വിരിച്ച് പെൻസിൽ കൊണ്ട് ഒരറ്റത്തു നിന്ന് തുടങ്ങി പതിയെ പതിയെ കടലാസ് മുഴുവൻ വരകൾ കൊണ്ട് നിറയ്ക്കും,’’
ഗേറ്റ് കടന്ന് നേരെ വീട്ടിലേക്കു കയറാതെ, ഗാർഡൻ ചുറ്റിനടന്നാണ് കല്ലു വിരിച്ച നടപ്പാതയിലൂടെ വീട്ടിലെത്തുന്നത്. പുൽത്തകിടി, ഫ്ലവർ ബെഡ്, ഫലവൃക്ഷങ്ങൾ, ചെറിയ കുളം, മണ്ഡപങ്ങൾ... എന്നിവയാണ് ഇൗ ഗാർഡന്റെ ഭാഗങ്ങൾ. ഒരു വർഷം കൊണ്ട് ഗാർഡൻ ഏകദേശം സെറ്റ് ചെയ്തിട്ടാണ് വീട് പണിയുന്നത് എന്നതാണ് രസം.

ഗേറ്റിന് ഇരുവശത്തും സ്വാഗതമോതി രണ്ട് മരങ്ങൾ. ഒരു ഭാഗത്ത് മേൽക്കൂരയുള്ള ഉൗഞ്ഞാലിടം. ചെറിയ കുളത്തിൽ മീനുകൾ തത്തിക്കളിക്കുന്നു. പുൽത്തകിടിയിൽ ബഫല്ലോ ഗ്രാസ്സ് മാത്രമല്ല, കളപ്പുല്ലുകളുമുണ്ട്. ഫ്ലവർ ബെഡിൽ പല നിറത്തിലുള്ള വാടാമല്ലികൾ പൂത്തുലഞ്ഞ് കണ്ണിനിമ്പം പകരുന്നു. 50–60 തരത്തിലുള്ള ഫലവൃക്ഷങ്ങളാണ് ഇവിടെയുള്ളത്. മറ്റൊരറ്റത്ത് മേൽക്കൂരയുള്ള വായനായിടം. കാപ്പി കുടിക്കാനും വായനയ്ക്കും വിശ്രമത്തിനും യോഗയ്ക്കും എല്ലാം േചർന്നൊരിടം.
ഗാർഡനിലേക്ക് നോക്കിയാണ് വീട് നിൽക്കുന്നത്. വലുപ്പം 550 ചതുരശ്രയടി മതിയെന്ന് വീട്ടുകാർക്ക് ഉറപ്പായിരുന്നു. അല്പം തട്ടായി കിടക്കുന്ന ഒരു ഭാഗം കുറച്ചു കൂടി മണ്ണിട്ടു െപാക്കിയാണ് വീട് പണിതത്. പടികളും ലാൻഡിങ്ങും കയറിയാണ് വീട്ടിലേക്കു കയറുന്നത്. പടികളിൽ പ്രകൃതിദത്ത സ്റ്റോൺ വിരിച്ചു.
ചെറിയ വീട് എന്നാൽ ചെലവു കുറഞ്ഞ വീട് എന്ന് ഇവിടെ അർഥമാക്കുന്നില്ല എന്ന് വീട്ടുകാർ പറയുന്നു. വീതിയുള്ള വരാന്തയും പടികളുമെല്ലാം തന്നെ അലസമായി ഇരിക്കാൻ പറ്റിയ വേദികളാണ്. വിദേശ അതിഥികൾ പോലും ഇൗ പടികളിലിരുന്ന് ഗാർഡനിലേക്ക് നോക്കിയാണ് ഭക്ഷണം ആസ്വദിക്കുന്നത്.
ഒാപ്പൻ ആയ ഹാൾ ആണ് ഇന്റീരിയർ. റിക്ലൈനർ സോഫകളിലിരുന്ന് ടിവി കാണാം. ഹാളിന്റെ പകുതി ഭിത്തി നിരക്കിനീക്കാവുന്ന ചില്ലു വാതിലാണ്. അടച്ചിട്ടാലും പൂന്തോട്ടം കയ്യെത്തും ദൂരെ. സ്വകാര്യത വേണമെങ്കിൽ കർട്ടൻ വലിച്ചിട്ടാൽ മതി.

അത്യാവശ്യം സൗകര്യങ്ങളുള്ള കിച്ചനെറ്റ് (ചെറിയ കിച്ചൻ യൂണിറ്റ്) ആണ് ഒരു ഭാഗത്ത്. ഇവിടെ നിന്ന് ചെറിയ കിളിവാതിലിലൂടെ ഭക്ഷണം വരാന്തയിലുള്ളവർക്കു കൊടുക്കാം. ചാർക്കോൾ ലൂവർ കൊണ്ടാണ് ഇൗ ഭിത്തിയുടെ മുൻഭാഗം അലങ്കരിച്ചിരിക്കുന്നത്.
ഹാളിന്റെ മറ്റേ വശത്തുകൂടെ പുറത്തെ പാഷ്യോയിലേക്കു കടക്കാം. അവിടെയും ചെറിയ മേശയും ചെടികളും വയ്ക്കാനുള്ള ഇടമുണ്ട്. ഉരുളൻ കല്ലുകൾ മെറ്റൽ ബോക്സുകളിലിട്ട അരഭിത്തിയും പാഷ്യോയ്ക്കുണ്ട്.
ഉറങ്ങാൻ വേണ്ടി മാത്രമായി അധികം സ്ഥലം കളയാതെയാണ് ബെഡ്റൂമിൽ ബെഡ് ഇട്ടത്. അതിനോടു ചേർന്ന് ആകാശത്തേക്കു തുറന്നിരിക്കുന്ന കുളിമുറി.
തുറന്ന മനസ്സുപോലെയുള്ള തുറന്ന ഇടങ്ങളും പൂന്തോട്ടവുമാണ് ഇൗ വീടിന്റെ ആഡംബരം. ചുറ്റുമുള്ള വില്ലകളിലുള്ളവരും സായാഹ്നങ്ങൾ ഇവിടെ ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നതാണ് കൗതുകകകരം. ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ കാണാൻ അയൽക്കാർ എല്ലാവരും ഇൗ ഗാർഡനിലെത്തി!
‘പണിതു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഇൗ വീടും പരിസരവും വളരെയേറെ ഇഷ്ടപ്പെട്ടു. പക്ഷേ, എന്നിട്ടും അധികം പേർ ഇതു പോലെ ചെയ്യാൻ മുന്നോട്ടു വരാത്തതെന്താണ്?’ ഷേർഷ ചോദിക്കുന്നു. മലയാളിയുെട കണ്ണു തുറപ്പിക്കേണ്ട ചോദ്യമാണിത്. n
ചിത്രങ്ങൾ: ഹരികൃഷ്ണൻ
PROJECT FACTS
Area: 550 sqft
Owner: സുരേഷ് കുമാർ & രാധ
Location: ചെങ്കോട്ടുകോണം, തിരുവനന്തപുരം
Design: നെസ്റ്റിയോൺ ഹോംസ്, തിരുവനന്തപുരം nesteonhomes@gmail.com