Thursday 21 March 2019 06:37 PM IST

ഗൃഹാതുരതകളുടെ കാപിറ്റൽ! ഓർമകളുടെ സുഗന്ധവും പുതുമയുടെ നിറങ്ങളും തുന്നിച്ചേർത്തൊരു വീട്

Naseel Voici

Columnist

c1

ഇന്നിനെയും ഇന്നലെകളെയും ഒരേപോലെ ചേര്‍ത്തു പിടിക്കുന്ന, കയറിവരുന്നവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടതാവുന്ന, പുതുമയുടെ നിറങ്ങള്‍ തുന്നിച്ചേര്‍ത്ത ഒരു വീട്... ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്നമാണത്. അങ്ങനെയൊരു സ്വപ്നക്കൂടിന്റെ കഥ പറയാം.

മഞ്ചാടിക്കുരു കൂട്ടിവയ്ക്കുന്നതു പോലെ കലയും സംഗീതവും സ്നേഹവും യാത്രയും വീടിനകത്തെ ഓരോ ചെറിയ ഇടത്തേക്കും ചേര്‍ത്തുവച്ചൊരുക്കിയ 'ഡി കാപിറ്റലിന്റെ' കഥ. പേര് കേട്ടപ്പോള്‍ ആദ്യം കൗതുകമായിരുന്നു. ഗൃഹാതുരമായ ഓര്‍മകള്‍ നൂതനമായ ആശയങ്ങളിലേക്ക് ചേര്‍ത്തുവച്ച് ഒരുക്കിയ വീട് ആ കൗതുകത്തിനുത്തരം തന്നു. കാള്‍ മാര്‍ക്സ് എന്ന നേതാവും അദ്ദേഹത്തിന്റെ ആശയങ്ങളും കടലുകള്‍ കടന്ന് കേരളത്തിന്റെ ഗ്രാമഹൃദയങ്ങളില്‍ ചേക്കേറിയതുപോലെ ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള ആശയങ്ങളും അലങ്കാരങ്ങളും ഈ വീട്ടില്‍ ചേക്കേറിയിരിക്കുന്നു.

c7

‘‘ആ ഫിലോസഫിയുടെ ഓര്‍മയാണ് 'ഡി കാപിറ്റല്‍' എന്ന പേര്'' ഗൃഹനാഥന്‍ നൗഫല്‍ അലി വീട്ടുവിശേഷം തുടങ്ങി. പരസ്യമേഖലയില്‍ ജോലി ചെയ്യുന്ന നൗഫല്‍ അലി, ഭാര്യ നീലിമ, മക്കളായ അയിഷ സിമിന്‍, ജിനാന്‍, നിർവാണ്‍ എന്നിവരാണ് ആതിഥേയര്‍.

‘ദാസ് കാപിറ്റല്‍’ മറിച്ചുതുടങ്ങാം. ഗേറ്റിനു പുറമേ നിന്നു നോക്കുമ്പോള്‍ ഒരു സാധാരണ വില്ലയാണ്. മുറ്റത്തെത്തുമ്പോള്‍ പക്ഷേ, ഭാവം മാറിത്തുടങ്ങുന്നു. കായ്ച്ചു നില്‍ക്കുന്ന ചെറുമരങ്ങളും പൂത്തു നില്‍ക്കുന്ന ചെടികളും തണല്‍ വിരിക്കുന്ന മാവും. ഈ കാഴ്ചകളിലേക്ക് കണ്ണും മനസ്സും നട്ടിരിക്കാന്‍ പാകത്തില്‍ ഇറക്കി നിര്‍മിച്ചതാണ് പൂമുഖം.

c2

വീട്ടുവിശേഷങ്ങൾ

പൂമുഖത്തു നിന്ന് കയറിച്ചെല്ലുന്നത് ഫോര്‍മല്‍ ലിവിങ്ങ് ഏരിയയിലേക്കാണ്. മണ്ണിന്റെ നിറമുള്ള സോഫ, അതിനോട് ചേര്‍ന്നു നില്‍ക്കുന്ന കര്‍ട്ടനുകള്‍. പ്ലൈവുഡ് കൊണ്ട് അലങ്കരിച്ച റൂഫും മനോഹരമായ ഷെല്‍ഫും പുസ്തകങ്ങളുമെല്ലാം ചേരുമ്പോള്‍ ഫോര്‍മല്‍ എന്ന തോന്നല്‍ അലിഞ്ഞില്ലാതാവുന്നു. പുറത്തുനിന്ന് സ്റ്റെയര്‍കെയ്സിനടുത്തേക്ക് തുറക്കുന്ന മറ്റൊരു വാതില്‍ കൂടിയുണ്ട്. സ്റ്റോറേജ് സ്പേസും ചെറിയ ഇരിപ്പിടവും ഇതിനോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു. ഷെല്‍ഫിനോട് ചേര്‍ന്ന് അതിഥികള്‍ക്കുള്ള ബെഡ്റൂമിലേക്കു കടക്കാം. വിശാലമായ ബെഡ്റൂമിലെ ഫര്‍ണിച്ചറെല്ലാം പ്ലൈവുഡ് കൊണ്ടു പണി കഴിപ്പിച്ചതാണ്. തടി കൊണ്ടു മോടി പിടിപ്പിച്ച നിലം. പോളിഷിന്റെ മേമ്പൊടിയോ നിറം ചേര്‍ത്ത മറച്ചുവയ്ക്കലുകളോ ഇല്ല, ഓരോന്നും അതിന്റെ തനിമയോടെ തന്നെ കാണാം. പ്ലാസ്റ്റിക് ഉപകരണങ്ങള്‍ ഒട്ടും ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ''ഒറിജിനാലിറ്റിയാണ് ഈ വീടിന്റെ സവിശേഷത. ഓരോന്നും അതിന്റെതായ രൂപത്തില്‍, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഏറ്റവും മികച്ച, ശാസ്ത്രീയമായി പരിശോധനകളെല്ലാം നടത്തിയ പ്ലൈവുഡാണ് ഉപയോഗിച്ചിട്ടുള്ളത്. കേടാവുമെന്ന പേടിയില്ല, പുതുമയും ഗൃഹാതുരതയും ഒരുപോലെ ഒന്നിക്കുകയും ചെയ്യുന്നു.'' ഇന്റീരിയര്‍ ഡിസൈനര്‍ സഫ്‌വാന്‍ പറയുന്നു. ഗൃഹനാഥനും സഫ്‌വാനുമെല്ലാം ഒരുമിച്ചുള്ള 'ദ് ടെന്‍ഡര്‍ കോക്കനട്ട്' എന്ന കമ്പനിയാണ് വീടൊരുക്കിയത്.

c8

മുകളിലേക്കുള്ള പടികള്‍ക്കു സമീപമായാണ് ഡൈനിങ്ങ് ഏരിയ. തടിമില്ലില്‍ നിന്ന് നല്ല മരത്തടികള്‍ പെറുക്കിയെടുത്ത് ചേര്‍ത്തൊട്ടിച്ച് പണി കഴിപ്പിച്ചതാണ് ഡൈനിങ്ങ് ടേബിള്‍. വീട്ടിനകത്ത് തടിയില്‍ തീര്‍ത്ത ഒരേയൊരു ഫര്‍ണിച്ചറും ഇതുതന്നെ. കളിമണ്ണ് കൊണ്ടുള്ള വലിയ ഉരുളിയാണ് വാഷ്ബേസിനായി മാറിയത്.

c5

ഡൈനിങ്ങ് ഏരിയയുടെ ഒരു ഭാഗത്തു നിന്ന് അടുക്കള തുടങ്ങുന്നു. അടുക്കളവര്‍ത്തമാനങ്ങളെ വേറിട്ടു നിര്‍ത്താതെ ഒരു പുഴയൊഴുകും പോലെയാണ് രണ്ടിടങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. ഷെല്‍ഫുകള്‍ക്കു പുറമെ നടുവിലായി, വീട്ടുകാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ചെറിയൊരു ബ്രേക്ഫാസ്റ്റ് ടേബിളുണ്ട്. അടുക്കളയോട് ചേര്‍ന്ന് വർക്ഏരിയയും സ്റ്റോർ റൂമും.

c4

ഡൈനിങ് ഏരിയയില്‍ നിന്ന് പുറത്തേക്കൊരു വാതിലുണ്ട്. 'സെന്‍ ഗാര്‍ഡനി'ലേക്കാണ് ഇതു തുറക്കുന്നത്. വീടിന്റെ മതിലിനോട് ചേര്‍ന്നുള്ള മുറ്റം ചേര്‍ത്താണ് ഒരു വരാന്ത പോലെ ഈ ഇടമൊരുക്കിയിരിക്കുന്നത്. ഇരിപ്പിടം, ഓപ്പണ്‍ ഷവര്‍, ഊ‍ഞ്ഞാല്‍, പിന്നെ, ചെറിയ രീതിയിൽ കൃഷി - എല്ലാമിവിടെ സജ്ജം. കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പകരം ഇരുമ്പുകാലുകളില്‍ ഓടു മേഞ്ഞാണ് മേല്‍ക്കൂര. വരാന്തയുടെ ഒരറ്റത്തു നിന്ന് വര്‍ക്കിങ് കിച്ചനിലേക്കു കടക്കാനുള്ള വാതിലുണ്ട്. ഭക്ഷണം കഴിക്കുമ്പോഴും അടുക്കളയില്‍ ജോലിയെടുക്കുമ്പോഴുമെല്ലാം ഓപൻ സ്പെയ്സില്‍ നില്‍ക്കുന്ന അനുഭൂതി പകരാന്‍ ഈ രീതിക്കു സാധിക്കുന്നുണ്ട്. പുറത്തെ കാറ്റുകൊണ്ട് ഭക്ഷണം കഴിക്കണമെന്നവര്‍ക്ക് ഒരു വാതില്‍ കടന്നാല്‍ മതി.

c9

സഞ്ചാരി ലൈറ്റുകള്‍

അതിഥിയെ യാത്രക്കാരനാക്കും വിധമാണ് വീടിനകത്തെ ലൈറ്റുകള്‍. അവ തെരുവുവിളക്കിന്റെ മഞ്ഞയുടെ അഴക് ഓർമിപ്പിക്കുന്നു. പഴയ ഗ്യാസ് പൈപ്പ്‌ലൈന്‍ മാതൃകയിലുള്ള ബള്‍ബുകള്‍ ഈ തീമിനോട് ചേര്‍ന്നു നില്‍ക്കുന്നു. ഓസ്ട്രേലിയയില്‍ നിന്നെത്തിച്ച ഫോര്‍മല്‍ ലിവിങ്ങ് ഏരിയയിലെ ലൈറ്റ് ഒരു കലാരൂപം പോലെ തോന്നിപ്പിക്കും. രാജസ്ഥാനില്‍ നിന്ന്, കൊച്ചിയില്‍ നിന്ന്, ഒമാനില്‍ നിന്ന്...അങ്ങനെ ലോകത്തിന്റെ പല കോണുകളില്‍ നിന്നെത്തിയ ലൈറ്റുകള്‍ ഇവിടെയുണ്ട്. മണ്ണും കുപ്പിയും ഇരുമ്പുമെല്ലാമുള്ള പല കലാനിര്‍മിതികള്‍.

c6

മുകളിലേക്കുള്ള പടികളുടെ പാതിവഴിയിലാണ് മാസ്റ്റര്‍ ബെഡ്റൂം. ഇവിടത്തെ റൂഫിന് മറ്റൊരു പ്രത്യേകതയുണ്ട്. ലോറിയുടെയും ബസിന്റെയും പ്ലാറ്റ്ഫോമൊരുക്കുന്ന ചെക്കേര്‍ഡ് പ്ലൈ ആണ് ഉപയോഗിച്ചിരിക്കുന്നത്. ''പുറത്ത് എത്ര ചുട്ടുപൊള്ളുന്ന ചൂടായാലും റൂമില്‍ അനുഭവപ്പെടുകയേ ഇല്ല. പകരം ഒരു നേരിയ തണുപ്പ് തങ്ങി നില്‍ക്കും''- സഫ്‌വാന്‍ വിശദീകരിച്ചു. വാര്‍ഡ്രോബും മറ്റു ഫര്‍ണിച്ചറുമെല്ലാം പ്ലൈവുഡില്‍ തന്നെ. പടികള്‍ കയറിച്ചെല്ലുന്നത് അപ്പര്‍ ലിവിങ്ങ് ഏരിയയിലേക്കാണ്. 400 ചതുരശ്രയടിയിൽ വിശാലമായ ഇരിപ്പിടങ്ങളും ടിവിയും. അപ്പര്‍ ലിവിങ്ങ് ഏരിയയോട് ചേര്‍ന്നാണ് മുകളിലെ ബെഡ്റും ഒരുക്കിയിട്ടുള്ളത്. വിനൈല്‍ വിരിച്ച നിലവും ഫര്‍ണിച്ചറും ബാക്കിയുള്ള റൂമുകള്‍ പോലെ ഇതിനെയും അലങ്കരിക്കുന്നുണ്ട്.

c3

ലോഫ്റ്റും ബാൽക്കണിയും

ഈ വീട്ടിനകത്തെ ഏറ്റവും വലിയ മാജിക്കാണ് ലോഫ്റ്റ്. അപ്പര്‍ ലിവിങ്ങ് ഏരിയയില്‍ നിന്നാണ് ഇവിടേക്കുള്ള വാതില്‍. വെറുതെ കിടന്ന ടെറസാണ് ഇവിടെ ലോഫ്റ്റാക്കി മാറ്റിയത്. രണ്ടു വശവും ചുമരുണ്ടായിരുന്ന ടെറസിന്റെ ഒരു വശം ഇഷ്ടിക കൊണ്ടു പടുത്തുയര്‍ത്തി. ബാക്കിയുള്ള വശത്ത് ചുമരിനു പകരം ഗ്ലാസാണ്. ഓട് കൊണ്ടു റൂഫും ഒരുക്കി. ഇരുമ്പ് പൈപ്പുകള്‍ വെല്‍ഡ് ചെയ്ത് പടികളും ഒന്നാം നിലയും തീര്‍ത്തു, പ്ലൈവുഡിന്റെ നിലം കൂടിയായപ്പോള്‍ വീടിന്റെ തീമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ലോഫ്റ്റ് തയാര്‍. വിശാലമായ താഴത്തെ നിലയില്‍ ടോയ്‌ലറ്റും കോഫി മേക്കിങ്ങ് ഏരിയയുമുണ്ട്.

''കയറി വരുന്നവരുടെ മനസ്സിനെ ഉണര്‍ത്തുന്ന ഇടമാണിത്. വായിക്കാനും എഴുതാനും വരയ്ക്കാനും വെറുതെ വര്‍ത്തമാനം പറ‍ഞ്ഞിരിക്കാനും...മനസ്സിനെ അതിന്റെ സ്വതന്ത്രലോകത്ത് വിഹരിക്കാന്‍ വിടുന്ന ഒരിടം. ഇഷ്ടികച്ചുമരുകളും ചില്ലുചുമരിനോട് ചേര്‍ന്നുള്ള നീണ്ട ഇരിപ്പിടവും ഇളം ചുവപ്പ് വെളിച്ചവും പുസ്തകങ്ങളും...അതിഥികള്‍ക്കും വീട്ടുകാര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ഇടമാണിത് ''- ഗൃഹനാഥന്‍ നൗഫലും മകളും ഒരേ സ്വരത്തില്‍ പറയുന്നു. ലോഫ്റ്റിന്റെ മുകള്‍ ഭാഗത്ത് ചെറിയൊരു ബെഡും ടേബിളും അലമാരയുമുണ്ട്. ഒരു ചെറിയ കുടുംബത്തിന് സുഖമായി ജീവിക്കാവുന്ന ക്രിയേറ്റീവ് വീട്, ലോഫ്റ്റിനെ അങ്ങനെയും വിശേഷിപ്പിക്കാം.

അപ്പര്‍ ലിവിങ്ങ് ഏരിയയില്‍ നിന്ന് വീടിന്റെ പിൻവശത്തേക്കായുള്ള ബാല്‍ക്കണിയാണ് മറ്റൊരു പ്രത്യേകത. താഴെനിന്ന് ഇരുമ്പ് പൈപ്പുകള്‍ ഉയര്‍ത്തിയൊരുക്കിയ ബാല്‍ക്കണിയില്‍ നിന്ന് പച്ചപ്പിലേക്ക് കണ്ണും നട്ടിരിക്കാം. കൈകൊണ്ടു മഴ തൊടാം. ഇരിക്കാനും കിടക്കാനുമൊക്കെ പാകത്തിലൊരുക്കിയ ചാരുകസേരയിലിരുന്ന്, പുറത്തെ കിളികളുടെ പാട്ടിലേക്ക് കണ്ണടച്ചിരിക്കുമ്പോള്‍, ഏതോ പഴയൊരു തറവാട് വീടിന്റെ ഉമ്മറത്തിരിക്കുന്നതുപോലെ.

c10
നൗഫല്‍ അലിയും കുടുംബവും

ഗൃഹനാഥന്റെയും കുടുംബത്തിന്റെയും മനസ്സിലെ മോഹങ്ങള്‍ക്ക് നിറം നല്‍കിയത് വലിയ വരച്ചുകെട്ടലുകളില്ലാതെയാണ്. ഓരോ ഘട്ടത്തിലും വീട്ടുകാരുമായി ചര്‍ച്ച ചെയ്ത് അതനുസരിച്ചാണ് വീടിനകം ഒരുക്കിയതെന്ന് പറയുന്നു സഫ്‍‌വാന്‍. ഇതുമൂലം ആവശ്യത്തിനുള്ളത് മാത്രം ഒരുക്കാനും ചെലവ് ചുരുക്കാനും അതിലുപരി, വീട്ടുകാരുടെ സ്വപ്നത്തിലെ വീടൊരുക്കാനും സാധിച്ചു. ■

ചിത്രങ്ങൾ: ബാദുഷ, ഇൻസാഫ്