Thursday 02 December 2021 04:19 PM IST : By സ്വന്തം ലേഖകൻ

മൃണ്മയം നിറയെ ഔഷധത്തിന്റെ സുഗന്ധം; ഈ വീട് നിർമിച്ചിരിക്കുന്നത് നൂറിലധികം ആയുർവേദ മരുന്നുകൾ ചേർത്ത്

vveeddd455656

ആയുർവേദ മരുന്നുകടയുടെ ഗന്ധമാണ് അടൂർ കടമ്പനാട് തുവയൂർ തെക്കിൽ നിർമാണം പൂർത്തിയായിരിക്കുന്ന മൺവീടിന്. ഇവിടെ താമസിച്ചാൽ രോഗങ്ങളകന്ന് ദീർഘായുസ് ലഭിക്കുമെന്ന് വീടൊരുക്കിയ ശിലാ സന്തോഷ് പറയുന്നു. നൂറിലധികം ഔഷധക്കൂട്ടുകൾ മണ്ണിൽ ചേർത്താണ് ഈ ഒറ്റമുറി വീട് നിർമിച്ചിരിക്കുന്നത്. നാൽപ്പതിലധികം ആയുർവേദ വൈദ്യൻമാരുടെ സഹായത്താലാണ് വീട് പൂർത്തിയാക്കിയത്. 

vveedddd8899

പഴമക്കാർക്ക് വശമുണ്ടായിരുന്ന മരുന്നുവീട് നിർമാണവിദ്യയെപ്പറ്റി 2015 ലാണ് സന്തോഷ് ഗവേഷണം ആരംഭിക്കുന്നത്. 2020 ൽ പൂർത്തിയായി. അതിനു ശേഷം വീടുപണി ആരംഭിച്ചു. പച്ചമണ്ണു കുഴച്ചു കട്ടകളാക്കി അതുപയോഗിച്ചാണ് ചുമരു നിർമിച്ചിരിക്കുന്നത്. അറുപത്തഞ്ചോളം ഔഷധക്കൂട്ടുകൾ, നാൽപ്പതോളം ഇലകൾ എന്നിവ മണ്ണിൽ ചേർത്തിട്ടുണ്ട്.  

vvveeduunnm99

മണ്ണിന് വഴക്കവും ഉറപ്പും ലഭിക്കാനായി കുളമാവിന്റെ തോൽ, ചുണ്ണാമ്പ് വള്ളി എന്നിവ അരച്ചു ചേർത്തു. വരാൽ മത്സ്യത്തെ ഇട്ടുവച്ച വഴുവഴുക്കുള്ള വെള്ളം ഉപയോഗിച്ചാണ് മണ്ണ് കുഴച്ചത്. തണുപ്പിനായി നൂറ് കിലോയോളം രാമച്ചം കുഴച്ചു ചേർത്തു. ചന്ദനം, കർപ്പൂരം, കുന്തിരിക്കം, തൃഫല, മഞ്ഞൾ, ഊദ്, കരിങ്ങാലി എന്നിവയെല്ലാം ചേരുവയിൽപ്പെടും

vvveed334

ഓട് വിരിച്ച മേൽക്കൂരയാണ് വീടിന്. കാഞ്ഞിരത്തിന്റെ പലക കൊണ്ടാണ് തട്ട് അഥവാ ഫോൾസ് സീലിങ്. നിലത്ത് തറയോടു വിരിച്ചു. വീട്ടിൽ വൈദ്യുതി കണക്‌ഷൻ എടുത്തിട്ടില്ല. അതിന്റെ ആവശ്യമില്ലെന്ന് ശിലാ സന്തോഷ് പറയുന്നു. കൊടുംചൂടിലും വീടിനുള്ളിൽ ഇളംതണുപ്പായിരിക്കും. മൃണ്മയം എന്നാണ് വീടിനിട്ടിരിക്കുന്ന പേര്. മൺവീട് എന്നാണ് ഇതിനർഥം.

vvveeduuu7889jkl

സ്വന്തം പുരയിടത്തിൽ വീടു നിർമിക്കാനായിരുന്നു പദ്ധതി എങ്കിലും കടമ്പനാട് ഗിരിനികേതനിൽ ടി.കെ. ജോർജ് താൽപര്യം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തിന്റെ വസ്തുവിൽ വീട് നിർമിക്കുകയായിരുന്നു. ഡിസംബർ മൂന്നിനാണ് പുതിയ വീടിന്റെ ഉദ്ഘാടനം. താൽപര്യമുള്ളവർക്ക് മൺവീട്ടിൽ താമസിക്കാനുള്ള സൗകര്യവും ഒരുക്കും.

vveeddh767688
Tags:
  • Vanitha Veedu