Friday 01 September 2023 01:23 PM IST

17 ഡോം വോൾട്ടിലും രണ്ട് ബാരൽ വോൾട്ടിലും മേൽക്കൂര; സുന്ദരം മാത്രമല്ല വ്യത്യസ്തവുമാണ് ഈ വീട്

Sreedevi

Sr. Subeditor, Vanitha veedu

Ayr1

സൗകര്യമുള്ള വീട് വേണം എന്നതിലപ്പുറം വ്യത്യസ്തമായ വീട് വേണം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നല്ല. പ്രത്യേകിച്ച് മേൽക്കൂരയിൽ പരീക്ഷണം നടത്താൻ ധൈര്യമുള്ളവർ അധികമൊന്നും കാണില്ല. എൻജിനീയർമാരായതു കൊണ്ടോ, കൂടെ പഠിച്ച സിവിൽ എൻജിനീയർ ഭരത് ശ്രീനിവാസിലുള്ള വിശ്വാസം കൊണ്ടോ, കോട്ടയം അയർകുന്നം സ്വദേശികളായ ബിബിൻ കെ. മാത്യുവും സരിത എലിസബത്തും ആ സാഹസത്തിനു തയാറായി. അധികമാരും പരീക്ഷിക്കാത്ത ഡോം വോൾട്ട് മാതൃകയിലാണ് ഇവരുടെ വീടിന്റെ മേൽക്കൂര നിർമിച്ചത്.

ബിബിന്റെ മാതാപിതാക്കൾ താമസിക്കുന്ന വീടിനോടു ചേർന്ന, 20 സെന്റിലാണ് പുതിയ വീട് പണിതത്. പ്ലാൻ വരച്ചത് തിരുവനന്തപുരം സ്വദേശിയായ ആർക്കിടെക്ട് ജിനു കെ. ജോൺ. കുടുംബാംഗങ്ങൾക്കിടയിലുള്ള അടുപ്പം നിലനിർത്താനും പ്രായമാകുമ്പോൾ പരിപാലനം എളുപ്പമാക്കാനും ഒറ്റനില വീടാണ് നല്ലതെന്ന് വീട്ടുകാർ കരുതുന്നു. മാത്രമല്ല, ആവശ്യത്തിനു സ്ഥലമുള്ളതിനാൽ ഒറ്റനില വീട് അസാധ്യവുമല്ല.

ayr2 സ്വീകരണമുറി

ഓപ്പൻ പ്ലാൻ മതി എന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പഴയ നാലുകെട്ടുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോർട്‌യാർഡിനു ചുറ്റുമാണ് മുറികൾ ക്രമീകരിച്ചത്. കോർട്‌യാർഡിനു ചുറ്റുമായാണ് മുറികൾ. കുട്ടികളുടെ കിടപ്പുമുറിക്കും വർക്‌ഏരിയക്കും വാതിലിനു പകരം ഒാപ്പനിങ് മാത്രമാണ് ഉള്ളത്. പഴയ വീടുകളിൽ നടുമുറ്റത്തിനു ചുറ്റുമുണ്ടായിരുന്ന തുറന്ന വരാന്തകളുടെ സ്ഥാനത്ത് ഇവിടെ അടഞ്ഞ ഇടനാഴികളാണ് നിർമിച്ചത്. അതുകൊണ്ടുതന്നെ ഒറ്റനില വീടാണെങ്കിലും സ്വകാര്യത വളരെയേറെയുണ്ട് ഈ വീട്ടിൽ.

നാല് കിടപ്പുമുറികളാണുള്ളത്. ഗെസ്റ്റ് ബെഡ്റൂമും ഒരു കിടപ്പുമുറിയും സെമി പ്രൈവറ്റ് ഏരിയ എന്ന നിലയിൽ അല്പം മാറിയാണ് നിർമിച്ചത്. ഒരു ഇടനാഴി കൊണ്ടാണ് ഈ മുറികളെ കോമൺ ഏരിയയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ബിബിന്റെ അച്ഛനമ്മമാർ താമസിക്കുന്ന വീട്ടിൽ നിന്ന് കുറച്ചകലെയുള്ള തറവാട്ടിലേക്ക് പോകുന്നത് പുതിയ വീടുവച്ച പറമ്പിലൂടെയായിരുന്നു. സ്ഥിരമായി സഞ്ചരിക്കുന്ന വഴി അടച്ചുകൊണ്ടാണ് പുതിയ വീട് പണിതത്. ചെറുപ്പത്തിൽ പതിവായി ഉപയോഗിച്ചിരുന്ന വഴിയും തറവാടുമായുള്ള ബന്ധവും നിലനിർത്തണമെന്ന് ബിബിനും സരിതയും ആഗ്രഹിച്ചിരുന്നു. പഴയ വഴിയുണ്ടായിരുന്നിടത്ത് ഇപ്പോൾ ഗെസ്റ്റ് റൂമിലേക്കുള്ള ഇടനാഴിയാണ്. ഈ ഇടനാഴി കുറുകേ മുറിച്ച് രണ്ടുവശത്തും വാതിൽ വച്ച് വഴി വീണ്ടും തുറന്നു. അങ്ങനെ ഈ വീടിന് വ്യത്യസ്തമായ പ്ലാൻ ഉണ്ടായി.

ഇഷ്ടിക കൊണ്ടാണ് ഭിത്തികളുടെ നിർമാണം. വാർക്കാതെ ഇഷ്ടിക ഉപയോഗിച്ചുതന്നെ ഡോം (Dome) ആകൃതിയിൽ മേൽക്കൂര പണിയുക എന്ന ആശയം എൻജിനീയർ ഭരതിന്റെയായിരുന്നു.

ayr4 സ്വീകരണമുറിയിൽ നിന്ന് കോറി‍ഡോറിലേക്കുള്ള കാഴ്ച

വോൾട്ട് ഡോം, ബാരൽ ഡോം എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഡോമുകൾ ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. ലിന്റലിന്റെ ഉയരം വരെ ഭിത്തിസാധാരണ രീതിയിൽത്തന്നെയാണ് കെട്ടുന്നത്. മേൽക്കൂരയുടെ ഭാരം ലിന്റലിൽ കേന്ദ്രീകരിക്കുന്നതിനാൽ ‘L’ ആകൃതിയിൽ ലിന്റൽ നിർമിക്കുന്നു.

മുറിയുടെ നാലു മൂലകൾ കേന്ദ്രീകരിച്ചാണ് മേൽക്കൂര നിർമാണം ആരംഭിക്കുന്നത്. നാലു വശത്തുനിന്നും അർധവൃത്താകൃതിയിൽ നിർമിക്കുന്ന കെട്ട് ഒരേ ഉയരത്തിൽ എത്തി നിൽക്കുമ്പോൾ അവയെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വൃത്താകൃതിയിൽ അഞ്ചാമത്തെ കെട്ട് ആരംഭിക്കും. ഏറ്റവും മുകളിൽ ഡോമിന്റെ മധ്യത്തിൽ എയർഹോൾ ഇട്ട്, വെള്ളം അകത്തേക്ക് ഇറങ്ങാത്ത രീതിയിൽ ഉയർത്തിക്കെട്ടി മേൽക്കൂരയുടെ നിർമാണം പൂർത്തീകരിക്കുന്നു.

ary3 ഡൈനിങ് ഏരിയയും അടുക്കളയും

ബാത്റൂമുകളുടെയും ഡ്രസ്സിങ് ഏരിയകളുടെയും ഉൾപ്പെടെ 17 ഡോം ഈ വീട്ടിലുണ്ട്. കിടപ്പുമുറികളെ കോമൺ ഏരിയയുമായി ബന്ധിപ്പിക്കുന്ന രണ്ട് ഇടനാഴികളിൽ മാത്രം ബാരൽ ഡോം ആണ് ചെയ്തത്. ഭിത്തിയുമായി 45 ഡിഗ്രി കോൺ വരുന്ന വിധത്തിൽ മുറിയുടെ എതിർവശത്തെ മൂലകളെ നൂൽകെട്ടി പരസ്പരം ബന്ധിപ്പിച്ചാണ് മേൽക്കൂരയുടെ ഉയരം നിർണയിച്ചത്. നൂലിന്റെ മധ്യത്തിൽ നിന്ന് ലിന്റൽ നിരപ്പിലേക്കുള്ള ദൈർഘ്യമായിരിക്കും ഓരോ മുറിയിലെയും മേൽക്കൂരയുടെ ഉയരം.

ഭിത്തിയിലൂടെയാണ് വയറിങ് ചെയ്തത്. ജോയിന്റുകൾ ഒഴിവാക്കി ഇഷ്ടിക മുറിച്ച് ഫാനിനു മാത്രം പൈപ്പിട്ടു. വാട്ടർടാങ്കും ഗോവണിയും വയ്ക്കാൻ കുട്ടികളുടെ കിടപ്പുമുറിയുടെ മേൽക്കൂര മാത്രം വാർക്കുകയായിരുന്നു. കോർട്‌യാർഡിനു ചുറ്റുമുള്ള ഷേഡ് ഫില്ലർസ്ലാബ് മാതൃകയിലാണ് വാർത്തത്.

ayr5 കോർട്‌യാർഡും കോറിഡോറും

തടി വളരെ കുറച്ചു മാത്രമാണ് ഉപയോഗിച്ചത്. റെഡിമെയ്ഡ് വാതിലുകളും മെറ്റൽ കൊണ്ട് ജനലുകളും നിർമിച്ചു. വെളിച്ചമുള്ള ഇടങ്ങൾ ആളുകളെ കൂടുതൽ കംഫർട്ടബിൾ ആക്കുമെന്നാണ് ആർക്കിടെക്ടിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ക്രോസ്‌വെന്റിലേഷനും സ്വാഭാവിക വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്തി. ഓരോ മുറിയിലെയും ഡോമിന്റെ മധ്യത്തിലൂടെയും ബാരൽ ഡോമിൽ സ്ഥാപിച്ച ഗ്ലാസ്സ് പാളിയിലൂടെയും ആവശ്യത്തിന് പ്രകാശം അകത്തെത്തും. കോൺക്രീറ്റിങ് ചെയ്യാത്തതിനാൽ വീടിനകത്ത് ചൂട് കുറവാണ്. മേൽക്കൂരയിലെ പരീക്ഷണം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ബിബിനും കുടുംബവും.

PROJECT FACTS :

ഭരത് ശ്രീനിവാസ്, സിവിൽ എൻജിനീയർ, കല്പശില, അങ്കമാലി

bharatsreenivas87@gmail.com