Wednesday 03 May 2023 04:46 PM IST : By സ്വന്തം ലേഖകൻ

ഒരു തുണ്ട് സ്ഥലം പോലും പാഴാക്കിയില്ല; ഇത് രണ്ട് സെന്റിലെ വിസ്മയ വീട്

simi 1

രണ്ട് സെന്റില്ല; കൃത്യമായി പറഞ്ഞാൽ 1.9 സെന്റേയുള്ളൂ പ്ലോട്ട്. അതുകൊണ്ടുതന്നെ വീട്ടുകാരായ ജിതേഷിനും ലിജിക്കും അധികം ആവശ്യങ്ങളുണ്ടായിരുന്നില്ല.

‘പ്രായമായ അമ്മയ്ക്ക് താഴത്തെ നിലയിൽ ഒരു കിടപ്പുമുറി വേണം. ഞങ്ങൾക്കും രണ്ടു മക്കൾക്കുമായി രണ്ട് കിടപ്പുമുറി കിട്ടിയാൽ വളരെ സന്തോഷം.’ ഇതു മാത്രമാണവർ പരിചയക്കാരായ ആർക്കിടെക്ട് സിമി ശ്രീധരനോടും ബിനോയ് ബാലകൃഷ്ണനോടും ആവശ്യപ്പെട്ടത്. ഓട്ടോമൊബൈൽ മെക്കാനിക്കായ ജിതേഷിന് വീട്ടിൽത്തന്നെ അത്യാവശ്യം ജോലികൾ ചെയ്യാൻ പാകത്തിനൊരു കാർപോർച്ചും മൂന്ന് കിടപ്പുമുറിയും ഒപ്പം ഫാമിലി ലിവിങ് സ്പേസും ബാൽക്കണിയുമടക്കം അത്യാവശ്യ സൗകര്യങ്ങളെല്ലാമുള്ള ഉഗ്രനൊരു വീടു തന്നെ ആർക്കിടെക്ട് ടീം ഡിസൈൻ ചെയ്തു നൽകി. 900 ചതുരശ്രയടി വലുപ്പമുള്ള വീട് ഇന്റീരിയറും ഫർണിച്ചറും ഉൾപ്പെടെ 18 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കുകയും ചെയ്തു.

simi 2 വീടിന്റെ മുൻഭാഗം

സ്ഥലവും ബജറ്റും പരിമിതമായിരുന്നതിനാൽ കാർപോർച്ച് ജിതേഷിന്റെ വിദൂരസ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. ചെലവ് കൂടാതെയും സ്ഥലം പാഴാക്കാതെയും പോർച്ച് കൂടി ഉൾപ്പെടുത്താമെന്ന് സിമിയും ബിനോയിയും പറഞ്ഞപ്പോൾ ജിതേഷിന് ആദ്യം അത്ര വിശ്വാസമായില്ല. ചരിവുള്ള രീതിയിലായിരുന്നു പ്ലോട്ട്. തൊട്ടുചേർന്നുള്ള വഴിക്കും നല്ല ചരിവുണ്ട്. കുറച്ചിടത്തെ മണ്ണ് മാറ്റി ‘ബേസ്മെന്റ് ഫ്ലോർ’ പോലെ കാർപോർച്ച് നിർമിക്കുകയും അതിനുമുകളിലൂടെ വീട്ടിലേക്ക് കയറാനുള്ള സൗകര്യമൊരുക്കുകയും എന്നതായിരുന്നു ആർക്കിടെക്ട് ടീമിന്റെ ആശയം. കാര്യങ്ങൾ വിശദമാക്കിയപ്പോൾ ജിതേഷിനും സമ്മതമായി.

simi  3 ലിവിങ് സ്പേസും സ്റ്റെയർകെയ്സും

വീടിന് വലതുവശത്തുകൂടി ജിഐ ഫ്രെയിമിൽ ഉറപ്പിച്ച പടികൾ കയറിയാണ് സിറ്റ്ഔട്ടിലേക്കെത്തുക. പുറത്തേക്ക് തള്ളിനിൽക്കുന്ന ബാൽക്കണി പോലെയാണ് സിറ്റ്ഔട്ട്. കാർ‌പോർച്ചിന്റെ മേൽക്കൂരയിൽ നിന്ന് സ്റ്റീൽ പൈപ്പുകൾ ‘കാന്റിലിവർ’ പോലെ നീട്ടിയെടുത്ത് അതിൽ ഫൈബർസിമന്റ് ബോർഡ് ഉറപ്പിച്ച് മുകളിൽ ടൈൽ ഒട്ടിച്ചാണ് സിറ്റ്ഔട്ട് തയാറാക്കിയത്. പ്രത്യേക ഡിസൈനിൽ ‘പെർഫറേറ്റഡ് ഷീറ്റ്’ കൊണ്ടുളള കൈവരികളും, യോജിക്കുന്ന രീതിയിലുള്ള ‘പർ‌ഗോള ടൈപ്പ്’ മേൽക്കൂരയും ഇതിനു നൽകി. സ്റ്റീൽ പൈപ്പിൽ‌ ഗ്ലാസ്സ് പിടിപ്പിച്ചാണ് പർഗോള തയാറാക്കിയത്. സത്യത്തിൽ ഈ സിറ്റ്ഔട്ട് ആണ് എക്സ്റ്റീരിയറിന്റെ ഹൈലൈറ്റ്.

simi  4 ലിവിങ് സ്പേസ്

ജിതേഷിന്റെ സുഹൃത്തിന്റെ തുണിക്കട പൊളിച്ചപ്പോൾ ശേഖരിച്ച ഗ്ലാസ്സ് ആണ് പർഗോളയ്ക്കു മുകളിൽ പിടിപ്പിച്ചത്. പ്ലോട്ട് വാങ്ങിയപ്പോൾ അവിടെ ഒരു പഴയ വീടുണ്ടായിരുന്നു. ആ വീട് പൊളിച്ചപ്പോൾ ലഭിച്ച കേടില്ലാത്ത കട്ട, തടി എന്നിവയും പുനരുപയോഗിച്ചു.

simi 5 ബേസ്മെന്റ് ഫ്ലോർ പ്ലാൻ

വേനൽക്കാലത്തു പോലും വറ്റാത്ത നല്ലൊരു കിണറുണ്ടായിരുന്നു പ്ലോട്ടിൽ. എത്ര പരിശ്രമിച്ചിട്ടും കിണർ ഒഴിവാക്കി വീടിനു സ്ഥാനം കാണാനാകുന്നില്ല. ഏതുവിധേനയും കിണർ സംരക്ഷിക്കണം എന്ന കാര്യത്തിൽ വീട്ടുകാർക്കും ആർക്കിടെക്ട് ടീമിനും ഒരേ അഭിപ്രായമായിരുന്നു. ഒടുവിൽ അടുക്കളയുടെ മൂല കിണറിനു മുകളിലായി വരുന്ന രീതിയിൽ വീടൊരുക്കി പ്രശ്നത്തിനു പരിഹാരം കണ്ടു. കിണറിനു മുകളിൽ നാലിലൊന്നു ഭാഗത്ത് കോൺക്രീറ്റ് സ്ലാബ് വാർത്ത് അതിനു മുകളിൽ വീട് വരുന്ന രീതിയിലായിരുന്നു നിർമാണം. ഈ കിണറിനു സമീപത്തുകൂടിയാണ് സിറ്റ്ഔട്ടിലേക്ക് പ്രവേശിക്കുന്ന പടികൾ നൽകിയത്.

simi  6 രണ്ടാംനിലയുടെ പ്ലാൻ

മിനിമം സെറ്റ്ബാക്ക് ഒഴിച്ചിട്ട് വീടുപണിതതിനാൽ സെപ്ടിക് ടാങ്കിന് സ്ഥലമുണ്ടായിരുന്നില്ല. കാർപോർച്ചിന് അടിയിലായി സെപ്ടിക് ടാങ്ക് നൽകി ഇതിനും പരിഹാരം കണ്ടു.

simi  7 ഒന്നാംനിലയുടെ പ്ലാൻ

സ്ഥലപരിമിതി പ്രതിഫലിക്കാത്ത രീതിയിലാണ് വീടിന്റെ ഡിസൈൻ. ഓപ്പൻ പ്ലാനിലാണ് താഴത്തെ നിലയിലെ ലിവിങ് – ഡൈനിങ് എന്നിവ. കിടപ്പുമുറിക്കും അടുക്കളയ്ക്കും ഇടയിൽ കട്ട കെട്ടിയുള്ള ഭിത്തി ഒഴിവാക്കി പകരം അലൂമിനിയം ഫ്രെയിമിൽ വലിയ ഷെൽഫ് നൽകി. അടുക്കളയിലെ മുഴുവൻ സാധനങ്ങളും ഇവിടെ സൂക്ഷിക്കാം. അതുപോലെ മുകളിലെ നിലയിലെ രണ്ട് കിടപ്പുമുറികൾക്കിടയിലും ഭിത്തിയില്ല! വാ‍‍‍ഡ്രോബ് ആണ് ഇവിടെ ഭിത്തി. ചുമരുകളുടെ എണ്ണം കൂടുന്നതോടെ ചെലവ് കൂടുകയും സ്ഥലം കുറയുകയും ചെയ്യുമെന്നതാണ് ചെറിയ സ്ഥലത്തെ വീടുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. സാധനങ്ങൾ സൂക്ഷിക്കാൻ ആവശ്യത്തിനു സ്ഥലമില്ല എന്നതാണ് മറ്റൊന്ന്. ‘ചുമര് കുറയ്ക്കാൻ ചുമരലമാര’ എന്ന ഉപായത്തിലൂടെ ഇവിടെ ഇതിനു രണ്ടിനും പരിഹാരമായി.

രണ്ട് കിടപ്പുമുറി കൂടാതെ ഫാമിലി ലിവിങ്ങും ബാൽക്കണിയുമാണ് രണ്ടാം നിലയിലുള്ളത്. സ്റ്റീൽ തൂണുകളിൽ നോൺ ആസ്ബറ്റോസ് ഷീറ്റ് പിടിപ്പിച്ചാണ് ബാൽക്കണി നിർമിച്ചത്. ‌ഇവിടെയുള്ള ജിഐ സ്റ്റെയർകെയ്സ് വഴി ടെറസിലേക്കെത്താം.

ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം കിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

ഉടമസ്ഥർ: പി.ജിതേഷ് & ലിജി, സ്ഥലം: കോട്ടൂളി, കോഴിക്കോട്, വിസ്തീർണം: 900 ചതുരശ്രയടി, ഡിസൈൻ: കോമൺഗ്രൗണ്ട്, കോഴിക്കോട്

ചിത്രങ്ങൾ: ഷഹിൻ & മുഹമ്മദ് സാബിത്ത്

Tags:
  • Architecture