മൂന്നു കിടപ്പുമുറി വേണം, ഇഷ്ടംപോലെ കാറ്റും വെളിച്ചവും കടക്കണം. സാധാരണഗതിയിൽ ഇതൊക്കെയാണ് പ്ലാൻ വരയ്ക്കുന്നതിനു മുൻപ് വീട്ടുകാർ ആർക്കിടെക്ടിനോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ. എന്നാൽ, തിരുവനന്തപുരം അമ്പൂരിയിലെ ജിബിൻ വി. ഈപ്പന്റെയും കുടുംബത്തിന്റെയും ഒന്നാമത്തെ ആവശ്യം ഇതൊന്നുമായിരുന്നില്ല! വീട്ടുകാർക്കൊപ്പം മറ്റുചിലരെക്കൂടി പരിഗണിക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹം. സ്ഥലക്കുറവിന്റെ പരിമിതികൾ ഉണ്ടായിരുന്നിട്ടുകൂടി പ്രതീക്ഷിച്ചതിലും ഒരുപടി കൂടുതൽ മികവിൽ വീട്ടുകാരുടെ ഇഷ്ടം സഫലമാക്കിയാണ് ആർക്കിടെക്ട് അനു ഡി. സാബിൻ വീടൊരുക്കി നൽകിയത്. അതോടെ വീട്ടുകാരും കരുതലിന്റെ കരങ്ങളാൽ അവർ ചേർത്തുപിടിച്ചവരും ഒരുപോലെ സന്തോഷത്തിലായി.
1700 ചതുരശ്രയടി വലുപ്പമുള്ള വീട്ടിൽ സിറ്റ്ഔട്ട്, ഫോയർ, ലിവിങ്Ðഡൈനിങ്, അടുക്കള, വർക് ഏരിയ, ഫാമിലി ലിവിങ്, മൂന്ന് കിടപ്പുമുറി, ബാൽക്കണി എന്നിവയും രണ്ട് കോർട്‍യാർഡുകളുമുണ്ട്. വെറും ആറര സെന്റിലാണ് അനു സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചത് എന്നതാണ് പ്രധാനം. സ്ഥലക്കുറവ് ഒരിടത്തുപോലും പ്രതിഫലിക്കാത്ത രീതിയിലാണ് ഡിസൈൻ. ലിവിങ് - ഡൈനിങ്- ഫാമിലി ലിവിങ്- കോർട്‍യാർഡ് എന്നിവയുൾപ്പെടുന്ന ഹൃദയഭാഗമാണ് വീട്ടിലെ ഒത്തുകൂടലുകളുടെ കേന്ദ്രം. സിറ്റ്ഔട്ടും ഫോയറും കടന്ന് ഇവിടേക്കെത്തുമ്പോൾ ആരുടേയും കണ്ണും മനസ്സും കുളിർക്കും.
ഡബിൾ ഹൈറ്റിലാണ് ലിവിങ്Ðഡൈനിങ് സ്പേസ്. ഇതു രണ്ടിനോടും തൊട്ടുചേർന്നാണ് മെയിൻ കോർട്‍യാർഡ്. വീടിനും മതിലിനും ഇടയിലുള്ള സ്ഥലം കോർട്‍യാർഡായി ഒരുക്കിയെടുക്കുകയായിരുന്നു. രണ്ടിടത്തെയും വലിയ സ്ലൈഡിങ് വാതിലുകൾ തുറന്നിട്ടാൽ കോർട്‍യാർഡും വീടിന്റെ ഭാഗമായി മാറും.

ലിവിങ് - ഡൈനിങ് ഏരിയയ്ക്കും കാർപോർച്ചിനും ഇടയിലായാണ് രണ്ടാമത്തെ കോർട്‍യാർഡ്. സ്ലൈഡിങ് വാതിൽ തുറന്ന് ഇവിടേക്കുമിറങ്ങാം. ഡൈനിങ് സ്പേസിന് തൊട്ടുമുകളിലായി മെസനിൻ ഫ്ലോർ എന്ന രീതിയിലാണ് ഫാമിലി ലിവിങ്. രണ്ടാംനിലയിലെ അടഞ്ഞ മുറി എന്നതിനപ്പുറം രണ്ട് നടുമുറ്റങ്ങളുടെയും വിശാലതയിലേക്ക് തുറക്കുന്ന ഇടമായി ഫാമിലി ലിവിങ് മാറുന്നു.
വീട്ടുകാരുടെ ഏറ്റവും പ്രധാന ആവശ്യം കണക്കിലെടുത്താണ് ആർക്കിടെക്ട് ഇത്തരത്തിൽ രണ്ട് കോർട്‍യാർഡുകൾ ഒരുക്കിയത്. എന്തായിരുന്നു ആവശ്യം എന്നല്ലേ? ഓമനിച്ചു വളർത്തുന്ന അരുമകൾക്കു കൂടി ഇടം ലഭിക്കുന്ന രീതിയിലാകണം വീട് എന്നതായിരുന്നു ആ ആവശ്യം. വിലകൂടിയ നാല് നായകളും മക്കാവു അടക്കമുള്ള വളർത്തു പക്ഷികളുമാണ് വീട്ടിലുള്ളത്. വീട്ടുകാരുമായി അത്രയ്ക്ക് ഇണങ്ങിയവരാണ് എല്ലാം. വീട്ടിനുള്ളിലായി തന്നെ എന്നാൽ താമസക്കാർക്ക് അസൗകര്യമുണ്ടാകാത്ത രീതിയിൽ അവയുടെ കൂടുകൾ ക്രമീകരിക്കാനാകും വിധമാണ് വീടിന്റെ ഡിസൈൻ. അതുകാരണം വീട്ടുകാർക്ക് എപ്പോഴും അവയുടെ സാമിപ്യം അനുഭവിക്കാം. പരിചരിണവും എളുപ്പമാകും.

പ്രധാന കോർട്‌യാർഡിനോട് ചേർന്നാണ് നായകളുടെ കൂട്. ലിവിങ് സ്പേസിലെ സ്ലൈഡിങ് വാതിൽ തുറന്നാൽ ഇവിടേക്കെത്താം. കോർട്‍യാർഡിൽ അവയ്ക്ക് കളിക്കുകയുമാകാം. രണ്ടാമത്തെ കോർട്‌യാർഡിലാണ് മക്കാവുവിന്റെ കൂട്. ലിവിങ് സ്പേസിലിരുന്നാൽ ഗ്ലാസ് വാതിലിലൂടെ ഇവിടേക്ക് കാഴ്ചയെത്തും.
അമ്പൂരിയിലെ വള്ളോംതറയിൽ വീട് വീട്ടുകാരുടേതു മാത്രമല്ല, പ്രിയപ്പെട്ട അരുമകളുടേതു കൂടിയാണ്.
സ്ഥലം: അമ്പൂരി, തിരുവനന്തപുരം, ഉടമ: ജിബിൻ വി. ഈപ്പൻ, വിസ്തീർണം: 1700 ചതുരശ്രയടി, ഡിസൈൻ: അനു ഡി. സാബിൻ, ആർക്കിടെക്ട്, സ്റ്റുഡിയോ കണക്ട്, കൊട്ടാരക്കര, ഇ മെയിൽ anusabin20@gmail.com