മണ്ണിൽ വിരിഞ്ഞ വീടിനെപ്പറ്റി ആർക്കിടെക്ട് മാനസി എഴുതുന്നു...

സ്കൂളിൽ നിന്നു ലഭിക്കുന്ന വൃക്ഷത്തൈകൾ എവിടെ കുഴിച്ചിടണം എന്ന് മക്കൾ ചോദിച്ചു തുടങ്ങിയപ്പോഴാണ് അവരും അവർ നട്ട മരങ്ങളും ഒരുമിച്ചു വളരുന്ന ഒരു വീടും പുരയിടവും എന്ന ആലോചനയിലേക്കെത്തിയത് എന്ന് പറഞ്ഞാണ് വീട്ടുകാരനായ മുകേഷ് സംസാരിച്ചു തുടങ്ങിയത്.
അദ്ദേഹം ഒരു പൊതുപ്രവർത്തകനാണ്. അധ്യാപികയായ ഭാര്യ സ്മിതയും രണ്ട് പെൺമക്കളും അടങ്ങിയ കുടുംബം. അവരുടെ കൊച്ചുകുടുംബത്തിന് ഒരു നല്ല വീട് എന്ന ഒറ്റവരിയിൽ തീർന്നു വീടിനെക്കുറിച്ചുള്ള വിവരണം. പൊതുവിൽ മനുഷ്യനെയും പ്രകൃതിയെയും മാറിയ പാർപ്പിടസംസ്കാരത്തെയും കുറിച്ചെല്ലാം പറഞ്ഞിരുന്ന് ഒടുവിൽ ഇറങ്ങുമ്പോൾ, താൻ കാണുന്ന ജനങ്ങൾക്ക് മുന്നിൽ മാതൃകയാവുന്ന ഒരു വീടാണെങ്കിൽ സന്തോഷം എന്നുകൂടി പറഞ്ഞാണ് ആ കൂടിക്കാഴ്ച പിരിഞ്ഞത്.

ഇതുപോലെ സദുദ്ദേശത്തോടെ എത്തുന്ന, ജീവിക്കാൻ സുഖപ്രദമായ ഒരു വീട് മാത്രമാഗ്രഹിക്കുന്ന ഒരു കുടുംബത്തിന് നമ്മൾ ഏതുതരം വീടാണ് ഡിസൈൻ ചെയ്യേണ്ടത് എന്ന് അവരിറങ്ങിയിട്ടും ബാക്കിയായ ആ ചോദ്യത്തിനു മുൻപിലാണ് ഞങ്ങളുടെ ഈ പ്രോജക്ടിന്റെ തുടക്കം.

മരങ്ങളൊക്കെ മുറിച്ച്, നിരപ്പല്ലാതെ കിടക്കുന്ന, പാടത്തിന്നടുത്തുള്ള 20 സെന്റ് സ്ഥലമാണ് അവർക്കുണ്ടായിരുന്നത്. ഭാവിയിൽ ഉപയോഗിക്കാൻ തക്കവിധം പകുതി സ്ഥലം നീക്കിയിട്ടാണ് വീട് ചെയ്യാനെടുത്തത്. ഓരോ പ്രോജക്ടും പുതിയതായി കണ്ട് അതിലെ വെല്ലുവിളികൾക്കനുസരിച്ച് അവിടെ സാധ്യമായ ഒരു നല്ല മാതൃക എന്ന രീതിയിലാണ് െപാതുവേ ഞങ്ങളുടെ സമീപനം. മണ്ണോ മുളയോ പോലുള്ള നിർമാണരീതികൾ അതിനെപ്പറ്റി പഠിച്ച് ആഗ്രഹിച്ചു വരുന്നവർക്കേ ഞങ്ങളും നിർദ്ദേശിക്കാറുള്ളൂ. കാരണം വഴിതെളിച്ചു നടക്കേണ്ട ഒരു അധിക ബാധ്യത, വീട്ടുകാരുടെ പങ്കാളിത്തം... ഇതൊക്കെ ബദൽരീതികൾക്കൊപ്പമുള്ളതാണ്. എന്നാൽ ഇവിടെ പ്രകൃതിസൗഹൃദപരമായ നിർമാണരീതികളെപ്പറ്റിയുള്ള തുടക്കത്തിലെ ചർച്ചകൾ, പ്രാദേശികമായി ലഭ്യമായ വസ്തുക്കളിൽനിന്ന് 'Why not a Mud House?!' എന്നതിലേക്കെത്തിയത് യാദൃച്‌ഛികമാണെങ്കിലും സ്വാഭാവികമായി സംഭവിച്ചതാണ്.

മൺവീടുകൾ ഉണ്ടാക്കാൻ പ്രാദേശികമായ ചെറിയ വ്യത്യാസങ്ങളോടെ ഈ രീതിയാണ് നമ്മുടെ നാട്ടിൽ വ്യാപകമായി പിന്തുടർന്നിട്ടുള്ളത്. കെട്ടിടനിർമാണവസ്തുക്കൾ മിക്കതും നിശ്ചിത ആകൃതിയിൽ കിട്ടുന്നതുകൊണ്ട് അതിന്റെ ഉപയോഗക്ഷമതയും പ്രായോഗികതയുമൊക്കെ കണക്കിലെടുത്താണ് പലപ്പോഴും നമ്മുടെ മുറികളും കെട്ടിടങ്ങളുമൊക്കെ ചതുരവടിവിൽ തന്നെ തീരുമാനിക്കപ്പെടുന്നത്.

ഈ രീതിയുടെ ഒരു സാധ്യത, വീടിനെ ഇടങ്ങൾ മാത്രമായി സങ്കൽപിക്കേണ്ട അളവിൽ, ആകൃതിയിൽ, കെട്ടിടം ഒരു ശിൽപം പോലെ നമുക്ക് ഉണ്ടാക്കിയെടുക്കാം എന്നതാണ്. ഇത് ഉപയോഗപ്പെടുത്തി, നമ്മുടെ പഴയ ആ നിർമാണരീതിയെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നവീകരിച്ച് ഉപയോഗിക്കാനാണ് ഇൗ പ്രോജക്ടിൽ ഞങ്ങൾ ശ്രമിച്ചത്.

മണ്ണ്, കുമ്മായം, വൈക്കോൽ മുതലായവ വെള്ളവുമായി ചേർത്തുകുഴച്ച് ഉരുളകളാക്കി ചുമരുകൾ നിർമിക്കുന്ന രീതിയാണ് ഇത്. ഉമി, കടുക്കയില, വരാലിനെ ഇട്ടുവച്ച വെള്ളം, ശർക്കരപ്പാവ്... അങ്ങനെ സ്റ്റബിലൈസേഴ്സ് (stabilisers) ആയും നല്ല പശിമ ലഭിക്കാനും കീട നിയന്ത്രണത്തിനും (pest control) പല പ്രകൃതിജന്യ വസ്തുക്കളും ഉപയോഗിച്ചിരുന്നു. ഇങ്ങനെ നിർമിച്ച ചുവർ, മണ്ണും കുമ്മായവും ചേർന്ന മിശ്രിതംകൊണ്ട് പ്ലാസ്റ്റർ ചെയ്തു മിനുസപ്പെടുത്തും. പിന്നീടത് കല്ലുകൊണ്ട് ഉരച്ചാണ് തിളക്കം വരുത്തുന്നത്. മിക്ക ഇരിപ്പിടങ്ങളും നീഷുകളും മറ്റും ചുവരിനോടൊപ്പം തന്നെ ചെയ്തെടുത്തവയാണ്. കിണർ കുഴിച്ചപ്പോൾ കിട്ടിയ പാറ പൊട്ടിച്ച് കരിങ്കൽ ചുവരാക്കി വീട്ടിലേക്കു ഞങ്ങൾ കൂടെക്കൂട്ടി. ജനലും വാതിലും തൂണുകളും മേച്ചിലോടുമെല്ലാം പുനരുപയോഗിച്ചവയാണ്. പഴയ ഓട് മണ്ണുകൊണ്ട് പടുത്താണ് മതിൽ നിർമിച്ചത്.

പെണ്ണായാൽ പൊന്നു വേണം എന്ന് ഇന്ന് നമ്മൾ അറിയാതെ പാടി പൂരിപ്പിക്കുന്നതു പോലെ കമ്പോളം ജനപ്രിയമെന്ന പേരിൽ ഊട്ടിയുറപ്പിച്ച നിർമിത പൊതുബോധം എല്ലാവരിലുമുണ്ട്. ജനപക്ഷത്തു നിന്ന് എന്തുചെയ്യുമ്പോഴും ഇതുമായി ഏറ്റുമുട്ടാതെ വയ്യ. കരിങ്കൽ ഭിത്തിയിൽനിന്ന് ഒരു കല്ലടർത്തിമാറ്റുന്നതു പോലെ അത് വളരെ ബുദ്ധിമുട്ടാണുതാനും. ഈ വീട്ടിലെ ഓരോ വിശദാംശങ്ങൾക്ക് പിറകിലും നിതാന്ത പരിശ്രമത്തിന്റെ കാണാക്കഥകളുണ്ട്. ശ്രമകരമായ ആ യാത്രയുടെ ഓർമ കൂടിയാണ് ഇതിനെ മധുരതരമാക്കുന്നത് എന്ന് ഞങ്ങൾക്ക് തോന്നാറുണ്ട്.
പിന്നെ ഇതിൽ ശ്രമിച്ച, ഞങ്ങൾക്കു വളരെ പ്രിയപ്പെട്ട ഒാർഗാനിക് പ്ലാനിങ്ങിനെപറ്റിയും പറയാതെ വയ്യ. പ്രചോദനവും ആരാധനയും മത്സരവും ഞങ്ങൾക്കെന്നും പ്രകൃതിയോടാണ്. ചിതലുകളുണ്ടാക്കുന്ന മൺപുറ്റുകൾപോലെ, കൂരിയാറ്റകളുടെ ഊഞ്ഞാൽപുരകൾപോലെ നൈസർഗികമായി വളർന്നുവന്ന ഒരു കൊച്ചുവീട് എന്നസ്വപ്നത്തിനാണ് ഞങ്ങൾ ഇതിൽ ജീവൻ കൊടുക്കാൻ ശ്രമിച്ചത്.

ഇതിൽ വീട്ടുകാരനെ കാണാൻ കൂട്ടമായെത്തുന്നവർക്കൊന്നു വട്ടത്തിലിരിക്കാൻ പാകത്തിലൊരു പൂമുഖമുണ്ട്. വാതിൽ തുറന്നകത്ത് കയറുമ്പോൾ ഒന്നമ്പരപ്പിക്കാൻ, അകം കുളുർപ്പിക്കാനൊരു കുഞ്ഞ് ആമ്പൽകുളമുണ്ട്, പൂന്തോട്ടമുണ്ട്. അതിനു ചുറ്റുമായൊരുക്കിയ വരാന്തയിലും സ്വീകരണമുറിയിലും വരുന്നവർക്കൊക്കെ ഇടമുണ്ട്. അകത്തു നിന്നൊരിത്തിരി സ്ഥലം വരാന്തയിലേക്കെടുത്ത് അവിടെ പഠിക്കാനും പുസ്തകങ്ങൾക്കും സ്ഥലം കണ്ടു. കട്ടിലിനോടൊപ്പം ചുമരലമാരയ്ക്കും മേശയ്ക്കും ഇരിപ്പിടത്തിനും സൗകര്യം കണ്ട മൂന്ന് കിടപ്പുമുറികൾ. നടുമുറ്റത്തെ ചുറ്റിപ്പടർന്നുകിടക്കുന്ന അകത്തെ വരാന്തയാണ് ഒരു ഇലഞരമ്പിനെപോലെ പൂമുഖത്തെയും കാർപോർച്ചിനെയും സ്വീകരണമുറിയെയും ഊണുമുറിയെയും അടുക്കളയേയും കിടപ്പുമുറികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജീവനാഡി. ഇടങ്ങളെല്ലാം ഒരുക്കി ഒഴുകുന്ന മൺചുമരുകളിൽ തിളങ്ങി നിലാവിൽ നക്ഷത്രങ്ങളും അമ്പിളിമാമനും അവിടെ വന്നുപോവാറുണ്ട്.
ഗ്രീക്ക് മിത്തോളജിയിൽ ഈ പ്രപഞ്ചത്തിന്റെ അമ്മയായി, ആദിദൈവമായി അവർ ആരാധിക്കുന്ന ഭൂമിദേവിയുടെ പേരാണ് ‘GAEA’. ഓരോ ചെറിയ സൃഷ്ടിയിൽ പോലുമുള്ള ജീവന്റെ കയ്യൊപ്പുകൊണ്ട് നമ്മെ നിരന്തരം വിസ്മയിപ്പിക്കുന്ന പ്രകൃതിക്ക്, ഈ ഭൂമിക്ക്, സമർപ്പിച്ചുകൊണ്ട് ഞങ്ങൾ ഈ കെട്ടിടത്തെ‘GAEA’ (ഗായ) എന്നു വിളിക്കുന്നു!
Area: 2000 sqft Owner: മുകേഷ് & സ്മിത Location: പട്ടാമ്പി Design: ഭൂമിജ ക്രിയേഷൻസ്, പട്ടാമ്പി info@bhoomija.com
ചിത്രങ്ങൾ: പ്രശാന്ത് മോഹൻ, ആർക്കിടെക്ട്