Friday 30 April 2021 05:50 PM IST

സൗകര്യവും സൗന്ദര്യവും നിറഞ്ഞ് എം. മുകുന്ദന്റെ പുതിയ വീട്, എഴുത്തുമുറിയാണ് ഇവിടുത്തെ സ്‍പെഷൽ

Ali Koottayi

Subeditor, Vanitha veedu

mukundan 1

മാഹി ടൗണിലായിരുന്നു പഴയ വീട്. ഡൽഹിയിലെ വര്‍ഷങ്ങൾ നീണ്ട ഔദ്യോഗിക ജീവിതം അവസാനിച്ച് 15 വർഷം മുൻപാണ് നാട്ടിൽ സ്ഥിര താമസം തുടങ്ങിയത്. മാഹി ടൗണിൽ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോള്‍ വീടിനു മുന്നിലൂടെയുള്ള ഭാരതിയാർ റോഡിലൂടെയാണ് ഗതാഗതം വഴിതിരിച്ച് വിട്ടിരുന്നത്. വാഹനങ്ങളുടെ നിലയ്ക്കാത്ത ഇരമ്പവും ട്രാഫിക് ജാമും. മൂന്നും കൂടിയ സ്ഥലത്തെ ഇറക്കമുള്ള പ്ലോട്ടിൽ താഴേക്ക് ഇറങ്ങിയിരിക്കുന്ന വീടിന്റെ ചുറ്റുമതിൽ പൊളിച്ച് വാഹനങ്ങൾ മുറ്റത്തേക്ക് പതിക്കുന്നത് സാധാരണയായി. എം മുകുന്ദന്‍ മാഹി ടൗണിൽ നിന്ന് നാല് കിലോമീറ്റർ മാറി പുതിയ വീട് വച്ചതിന് കാരണം ഇതാണ്. മാഹി ആസ്ഥാനമായ ഡിഎം അസോഷ്യേറ്റ്സിലെ ഡിസൈനർമാരായ ദയാനും മനോജും ചേർന്നാണ് മുകുന്ദന് വേണ്ടി വീട് ഡിസൈൻ ചെയ്തത്.

mukundan 2

‘‘ലോകം കണ്ട കഥാകാരന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് വീടൊരുക്കാനുള്ള സൂക്ഷ്മതയായിരുന്നു ഞങ്ങൾ‌ക്ക്. നിലത്ത് വിരിച്ച കോട്ടാ സ്റ്റോൺ പോലും അങ്ങനെ തിരഞ്ഞെടുത്തതാണ്. എല്ലാ ഇടങ്ങളും വീട്ടുകാർക്ക് അനായാസം എത്താന്‍ കഴിയുന്ന രീതിയിൽ ഒരുക്കി. ടെറസിലെ വാട്ടർ ടാങ്ക് വരെ വീട്ടുകാർക്ക് കൈയ്യെത്തും ദൂരത്താണ്. എളുപ്പം ക്ലീൻ ചെയ്യാവുന്ന രീതിയിൽ ലാമിനേറ്റഡ് ഫിനിഷിൽ കിച്ചന്‍ കാബിനറ്റുകളും. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു. ഗ്ലാസ് ടൈലുകൾ വിരിച്ച ഭിത്തിയും കിച്ചനിൽ നൽകി. മാഹിയുടെ ടച്ച് വീടിന്റെ എക്സ്റ്റീരിയറിൽ കൊണ്ടുവരുന്നതിലും ശ്രദ്ധിച്ചു,’’ ദയാനും മനോജും പറയുന്നു.

mukundan 3

കഥകൾ പോലെ തന്നെയാണ് എം. മുകുന്ദന്റെ വീടും. അകവും പുറവും തന്റെ ഇഷ്ടങ്ങളിൽ കൊരുത്തെടുത്തത്. പഴ‌മയും പുതുമയും സമ്മേളിക്കും വിധമാണ് വീടിന്റെ പുറംകാഴ്ച. പല തട്ടുകളായുള്ള ഫ്ലാറ്റ് സ്ലോപ് മേൽക്കൂരകളും വോൾ ക്ലാഡിങ്ങും എക്‌സ്റ്റീരിയർ മനോഹരമാക്കുന്നു. പോർച്ച്, സിറ്റ്ഔട്ട്, സ്വീകരണമുറി, ഡൈനിങ്, അടുക്കള, വർക്ഏരിയ, മൂന്ന് കിടപ്പുമുറികൾ, എഴുത്തുമുറി എന്നിവയാണ് 2800 ചതുരശ്രയടിയിൽ ഉൾപ്പെടുത്തിയത്.

mukundan 9

അരനൂറ്റാണ്ട് പിന്നിട്ട എഴുത്തു ജീവിതത്തിൽ നിന്നും ലഭിച്ച അസംഖ്യം അംഗീകാരങ്ങൾ സൂക്ഷിക്കാൻ ഒരിടം വേണമെന്ന ആവശ്യത്തിൽ നിന്നാണ് എഴുത്തുമുറിയുടെയും കിടപ്പുമുറിയുടെയും നടുക്കായുള്ള ഭിത്തിയിൽ സൗകര്യം ഒരുക്കിയത്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ മുതൽ മലയാളത്തിലെ സമുന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം വരെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഹാളിലെ ചുമരിൽ ലൈംസ്റ്റോൺ ക്ലാഡ‍് ചെയ്ത് ഗ്ലാസ്സ് തട്ടുകൾ നൽകിയാണ് ക്രമീകരിച്ചിരിക്കുന്നത്.

mukundan 4

എഴുത്തുമുറി പഴയതു പോലെതന്നെ വേണമെന്ന് മുകുന്ദന് നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെ താഴത്തെ നിലയിൽ വിശാലമായാണ് എഴുത്തുമുറി ക്രമീകരിച്ചിരിക്കുന്നത്. പഴയ വീട്ടിലുണ്ടായിരുന്ന ബുക‌്ഷെൽഫും ഇരിപ്പിടവും എഴുത്തുമേശയും അതുപോലെ ഇവിടേക്ക് കൊണ്ടുവന്നിട്ടുണ്ട്. പുസ്തകങ്ങൾ ഇനിയും കൊണ്ടുവരാനുണ്ടെന്ന് മുകുന്ദൻ. ഷെൽഫുകൾ പുതുതായി പണിയണം. നീളത്തിൽ നടക്കാൻ സൗകര്യമുള്ള രീതിയിലാണ് എഴുത്തുമുറിയുടെ ക്രമീകരണം.

mukundan 6

അതിഥികൾ ധാരാളം എത്തുന്ന വീട്. ലിവിങ് ഏരിയ ഇതിനനുസരിച്ചാണ് ക്രമീകരിച്ചത്. കാറ്റുകയറി കടന്നു പോകാൻ പാകത്തിലുള്ള വലിയ ജനലുകൾ ഫാനില്ലാതെയും ഇരിക്കാനാവുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. ഹാളിലെ ഡബിള്‍ഹൈറ്റ് മേൽക്കൂരയിൽ സ്കൈലൈറ്റ് കൊടുത്തിട്ടുണ്ട്. ഇതുവഴി പകൽ സൂര്യപ്രകാശവും രാത്രി നിലാവും വീടിനകത്ത് എത്തുന്നു.

mukundan 7

എഴുത്തുമുറിയും ലിവിങ്ങും കിച്ചനും മാസ്റ്റർ ബെഡ്റൂമും ആണ് താഴത്തെ നിലയിലുള്ളത്. മിതമായ രീതിയിലാണ് കിടപ്പുമുറി ഒരുക്കിയത്. ഡ്രസ്സിങ് ഏരിയയോട് ചേർന്ന്, പുറത്തേക്ക് കാണാത്ത രീതിയിലാണ് വാഡ്രോബ് ക്രമീകരിച്ചത്. ഗ്ലാസ്സിലാണ് സ്റ്റെയർ റെയ‌്ലിങ് നൽകിയത്. മച്ച് മാതൃകയിൽ സീലിങ് ചെയ്തിട്ടുണ്ട്. രണ്ട് കിടപ്പുമുറി, അപ്പർ ലിവിങ്, ബാൽക്കണി, സ്റ്റോർ റൂം എന്നിവയാണ് മുകളിലെ നിലയിൽ ക്രമീകരിച്ചത്.

mukundan 8

ഡിസൈൻ: ദയാൻ, മനോജ്

ഡിഎം അസോഷ്യേറ്റ്സ്, മാഹി

Tags:
  • Vanitha Veedu