Thursday 23 February 2023 12:31 PM IST

നിരപ്പല്ലാത്ത, ആകൃതിയില്ലാത്ത ആറ് സെന്റ്; അവിടെയും വീട്ടുകാർ ആഗ്രഹിച്ച പോലെ വീട്

Sunitha Nair

Sr. Subeditor, Vanitha veedu

chittoor1

എൽ ആകൃതിയിലുള്ള ആറ് സെന്റിലാണ് വീട്. ഇതിൽ അഞ്ച് സെന്റേ ഉപയോഗയോഗ്യമായിട്ടുള്ളൂ. അതിൽ വീട്ടുകാരുടെ ആവശ്യങ്ങൾ കോർത്തിണക്കി എന്നാൽ വിസ്തീ‍ർണം ഒരുപാട് കൂടുകയും ചെയ്യാതെ വീടൊരുക്കുക എന്നതായിരുന്നു ആർക്കിടെക്ട് ജോർജ് ചിറ്റൂർ നേരിട്ട വെല്ലുവിളി. ‘L’ ആകൃതിയുടെ ഒരു ഭാഗം വീതി കുറഞ്ഞും ഒരു ഭാഗം വീതി കൂടിയുമാണ്. വീതി കുറഞ്ഞ ഭാഗം പിന്നിൽ അൽപം ഉയരവ്യത്യാസത്തിലാണ്. ആ ഭാഗം നിർമാണത്തിന് ഉപയോഗിച്ചില്ല. പകരം അവിടെ അടുക്കളത്തോട്ടമാക്കി.

chittoor2 ഡൈനിങ് ഏരിയ

ചുറ്റും വീടുകൾ തിങ്ങിനിറഞ്ഞ ഇടമാണ്. അപ്പോൾ അവയ്ക്കിടയിൽ ഈ വീട് ഒരു കലാസൃഷ്ടി പോലെ ശ്രദ്ധിക്കപ്പെടണം എന്ന ഉദ്ദേശ്യത്തിലാണ് രൂപകൽപന നിർവഹിച്ചത്. അതിന്റെ ഭാഗമായാണ് സിറ്റ്ഔട്ടിന്റെ റൂഫും പോർച്ചിന്റെ റൂഫും കൂടി ചേർന്ന് തിരശ്ചീനമായ ഒരു രേഖയുടെ പ്രതീതി ഉണർത്തുന്ന രീതിയിലുള്ള ഡിസൈൻ നൽകിയത്. കൂടാതെ, എക്സ്റ്റീരിയറിൽ ചുവന്ന നിറത്തിലുള്ള ബോക്സും നൽകി. ആഗ്ര സ്റ്റോൺ ആണ് എക്സ്റ്റീരിയറിന് അരുണശോഭയേകുന്നത്. മതിലിന്റെ നിറക്കൂട്ടും ശ്രദ്ധയാകർഷിക്കുന്നതാണ്.

chittoor3 സ്വീകരണമുറിയും കിടപ്പുമുറിയും

തിരുവനന്തപുരം തിരുമലയിലെ ഗോപീകൃഷ്ണന്റെയും മീരയുടെയും ഈ വീട് 2150 ചതുരശ്രയടിയിൽ കന്റെംപ്രറി ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. നിരപ്പ് വ്യത്യാസമുള്ള പ്ലോട്ടായതിനാൽ അതനുസരിച്ചാണ് വീടിന്റെ രൂപകൽപന നിർവഹിച്ചത്. ലിവിങ് റൂം മറ്റിടങ്ങളിൽ നിന്ന് അൽപം താഴ്ത്തിയാണ് പണിതത്. കാരണം പ്ലോട്ടിനു പിന്നിലേക്കാണ് ഉയരം കൂടുതൽ.

പൊതുഇടങ്ങൾ, സ്വകാര്യഇടങ്ങൾ എന്നിങ്ങനെ വേർതിരിച്ചാണ് ഡിസൈൻ. ലിവിങ്, ഡൈനിങ്, അപ്പർ ലിവിങ് എന്നിവയെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവിടെയെല്ലാം ജനലുകൾ കൊടുത്തിരിക്കുന്നത് പുറത്തെ പച്ചപ്പിലേക്കു തുറക്കുംവിധമാണ്. ഡൈനിങ്ങിൽനിന്ന് പുറത്തേക്ക് വലിയ ജനൽ കൊടുത്തിട്ടുണ്ട്. അതുവഴിയും ഹരിത ഭംഗി ആസ്വദിച്ചിരിക്കാം.

chittoor5 ഗോവണി

കൃത്യമായി ക്രോസ് വെന്റിലേഷൻ നൽകിയതിനാൽ വീടിനകത്ത് വായു സഞ്ചാരം ഉറപ്പാക്കാൻ സാധിച്ചു. സ്ഥലപരിമിതി കണക്കിലെടുത്താണ് പൂജാമുറിക്ക് നാലു മടക്കുകളായി തുറക്കാവുന്ന വാതിൽ നൽകിയത്. ഇന്റീരിയർ മുഴുവൻ വെള്ള നിറത്തിലാണ് ഒരുക്കിയത്. ചുമരിലെ പെയിന്റിങ്ങുകളാണ് മുറികൾക്ക് നിറം നൽകുന്നതും അലങ്കാരമേകുന്നതും. കിടപ്പുമുറിയിലെ വാഡ്രോബിനും നിറമേകിയിട്ടുണ്ട്.

അമിതാലങ്കാരങ്ങൾ ഒന്നും തന്നെ വീടിനില്ല. ചെറുതായി ലാൻഡ്സ്കേപ്പിങ് ചെയ്തിട്ടുണ്ട്. വീടിനുള്ളിലും പലയിടങ്ങളിൽ ചെടികൾ വച്ച് ഭംഗിയേകി. ഫ്ലോറിങ്ങിന് ഒരേ തരം ടൈൽ വീടു മുഴുവൻ ഉപയോഗിച്ചത് വിശാലത തോന്നാൻ സഹായിക്കുന്നു.

chittoor6 മുകളിലെ ഡ്രോയിങ് റൂം

ഡിസൈൻ തന്നെയാണ് ഈ വീടിന്റെ അലങ്കാരം. ചെറിയ പ്ലോട്ടിൽ മിനിമൽ ആയി ഒരുക്കിയ ഈ വീട് സ്ഥലപരിമിതിയിൽ വീടു വയ്ക്കുന്നവർക്കെല്ലാം മാ‍തൃകയാക്കാം. ഭംഗി, കാര്യക്ഷമത, പരിചരിക്കാനുള്ള എളുപ്പം എന്നിവയെല്ലാം ഡിസൈനിന്റെ സവിശേഷതകളാണ്.

Project Details

Area: 2150 sqft Owner: ഗോപീകൃഷ്ണൻ & മീര Location: തിരുമല, തിരുവനന്തപുരം Design: ജിജെസി ഡിസൈൻസ്, georgejchittoor@gmail.com