ഓരോ കുടുംബത്തിനും ഒരു മുഖമുണ്ടായിരിക്കും. ഓരോ കുടുംബാംഗത്തിന്റെയും വ്യത്യസ്തമായ ചിന്തകളും അഭിരുചികളുമെല്ലാം ചേർന്നുണ്ടാകുന്ന വ്യക്തിത്വം. ആലപ്പുഴയിലെ ‘ദ് ടാൻസനൈറ്റ് ഹൗസ്’ എന്ന വീടിന് ഒരു രാജ്യാന്തരമുഖമുണ്ട്. കാരണം, വീട്ടുകാരായ വിനയൻ ബെനഡിക്റ്റും മീനുവും മക്കളോടൊപ്പം ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലാണ് താമസിക്കുന്നത്. അവിടത്തെ വീടുകൾ പ്രത്യക്ഷമായും പരോക്ഷമായും വിനയനെയും കുടുംബത്തെയും സ്വാധീനിച്ചിട്ടുണ്ട്.

വനിത വീടിലൂടെയാണ് വിനയൻ ആർക്കിടെക്ട് മുഹമ്മദ് ഷഹീനെ പരിചയപ്പെടുന്നത്. വിനയന്റെ കുടുംബത്തിന് വലിയ ആവശ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കന്റെംപ്രറി– മിനിമലിസ്റ്റിക് ശൈലിയിലുള്ള, ഫ്ലാറ്റ് റൂഫ് ഉള്ള വീടിനോടായിരുന്നു താൽപര്യം. ലളിതമായ ഡിസൈൻ ആകണം, വീടിനുള്ളിൽ ധാരാളം കാറ്റും വെളിച്ചവും വേണം. ടാൻസാനിയൻ വീടുകളിലെ മുറികളുടെ വിശാലതയും വീട്ടുകാർ ആർക്കിടെക്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ഉൾപ്പെടുത്തി ഷഹീൻ വരച്ച ആദ്യത്തെ പ്ലാൻ തന്നെ സ്വീകരിക്കപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ അർത്തുങ്കലിലെ 30 സെന്റ്. മണൽ കൂടുതലുള്ള, മരങ്ങൾ കുറഞ്ഞ പ്രദേശം. രണ്ടോ മൂന്നോ തെങ്ങുകളാണ് പ്ലോട്ടിലുണ്ടായിരുന്നത്. അതു കളയാതെ വിശാലമായ ലാൻഡ്സ്കേപ്പിന്റെ ഭാഗമാക്കി പിന്നിലേക്ക് ഇറക്കിയാണ് വീട് നിർമിച്ചത്. മരങ്ങളും തണലും കുറഞ്ഞ പ്രദേശമായതിനാൽ ചൂടുകുറയ്ക്കാൻ സഹായിക്കുന്ന ഡിസൈനാണ് ഷഹീൻ തിരഞ്ഞെടുത്തത്. കന്റെംപ്രറി വീടുകളിൽ ചൂടു കുറയ്ക്കാൻ പ്രധാനമായി ചെയ്യാവുന്നത് ക്രോസ് വെന്റിലേഷൻ ഉറപ്പുവരുത്തലാണ്. കാറ്റ് കൂടുതൽ കിട്ടുന്ന ദിക്കുകളിൽ വലിയ ജനലുകൾ നൽകി. ഈ ജനലുകളുടെയെല്ലാം എതിർ ഭിത്തിയിലും ജനലോ വാതിലോ ഉറപ്പുവരുത്തി.
പബ്ലിക്, സെമി പ്രൈവറ്റ്, പ്രൈവറ്റ് എന്നിങ്ങനെ മൂന്നാക്കിത്തിരിച്ചാണ് മുറികൾ ക്രമീകരിച്ചത്. സ്വീകരണമുറി വീട്ടുകാരുടെ സ്വകാര്യതയിൽ കല്ലുകടിയാകരുതെന്ന് ആദ്യമേ ചർച്ചയിൽ വന്ന കാര്യമാണ്. അതുകൊണ്ട് ഫാമിലി ഏരിയകളിൽ നിന്ന് മാറിത്തന്നെ ഫോർമൽ ലിവിങ് റൂം സ്ഥാനം പിടിച്ചു. സെമി പ്രൈവറ്റ് ഏരിയ എന്ന ഗണത്തിൽപ്പെടുത്തിയ ഡൈനിങ് ആണ് ലിവിങ്ങിനപ്പുറമുള്ള മുറി. ലിവിങ്ങിനെയും ഡൈനിങ്ങിനെയും കോർത്തിണക്കുന്ന കോറിഡോറിൽ തന്നെയാണ് ഗോവണിയുടെ സ്ഥാനം.
വീടിന്റെ കേന്ദ്രമായ ഡൈനിങ് ആണ് വീട്ടുകാരുടെ പ്രിയപ്പെട്ട ഇടവും. മുൻവശത്തെ വരാന്തയോടു ചേർന്ന മുറ്റം ആസ്വദിക്കാവുന്ന വലിയ ജനാലകളും പിൻവശത്തെ പുൽത്തകിടിയിലേക്കു തുറക്കുന്ന വലിയ വാതിലുകളും ഡൈനിങ്ങിനെ വിശാലമാക്കുന്നു. ക്രോസ് വെന്റിലേഷനും പ്രകാശവും വീട്ടുകാർ മോഹിച്ചതുപോലെ ഇവിടെ ലഭിക്കും. മാത്രവുമല്ല, ഡബിൾ ഹൈറ്റിലുള്ള ഡൈനിങ് ഏരിയയുടെ സീലിങ്ങിലെ എയർഹോൾ അകത്തെ ചൂടുവായുവിനെ പുറത്തുകളയാൻ സഹായിക്കും. സൂര്യന്റെ സഞ്ചാരത്തിനനുസരിച്ച് സൺലിറ്റുകൾ ക്രമീകരിച്ചതിനാൽ പകൽ കൃത്രിമ വെളിച്ചത്തിന്റെ ആവശ്യമേ ഇവിടെയില്ല. മുകളിലെ നിലയിലെ മുറികളുമായി ആശയവിനിമയം എളുപ്പമാക്കാനും ഡൈനിങ്ങിന്റെ ഡബിൾ ഹൈറ്റ് സഹായിക്കും.
ഫാമിലി ലിവിങ്, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവിടങ്ങളും ഏറ്റവും ലളിതമായാണ് ഡിസൈൻ ചെയ്തത്. ഫാമിലി ലിവിങ്ങിന്റെ തുടർച്ചയായി ഒരു ഡെക്കും നൽകി. നാലു കിടപ്പുമുറികളിൽ താഴെ രണ്ടും മുകളിൽ രണ്ടുമാണുള്ളത്. കിടപ്പുമുറികളുടെ ലിന്റലിന്റെ മുകളിലുള്ള വെന്റിലേറ്റർ മുഴുവൻ സമയവും കാറ്റും വെളിച്ചവും ഉറപ്പാക്കുന്നു. മാസ്റ്റർ ബെഡ്റൂം മുകളിലാണ്. ഈ കിടപ്പുമുറിയോടു ചേർന്നുള്ള ബാൽക്കണി തെക്കുപടിഞ്ഞാറൻ വെയിൽ നേരിട്ട് കിടപ്പുമുറിയിലെത്തുന്നതു തടയുന്നു.
വീടിന്റെ കന്റെംപ്രറി സ്വഭാവത്തോട് ഏറ്റവും യോജിക്കുന്ന ഫർണിച്ചറും മറ്റു ഘടകങ്ങളും തിരഞ്ഞെടുക്കുന്നതിൽ ആർക്കിടെക്ട് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. വീട്ടുകാർ സ്ഥിരമായി നാട്ടിലില്ലാത്തതിനാൽ തടിയുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രമിച്ചു. വാതിലുകൾ തടികൊണ്ടാണെങ്കിലും ജനലുകൾ യുപിവിസി കൊണ്ടാക്കിയത് മെയിന്റനൻസ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. മാത്രമല്ല, കന്റെംപ്രറി വീടുകളുടെ സ്വഭാവത്തോട് വളരെ യോജിച്ചു നിൽക്കുന്നവയാണ് യുപിവിസി ജനലുകൾ.
വെള്ളയും മറ്റ് പേസ്റ്റൽ നിറങ്ങളും മാത്രമാണ് ഈ വീടിന്റെ കളർ പാലറ്റിലേക്ക് തിരഞ്ഞെടുത്തത്. ഇളം നിറങ്ങളും തെളിഞ്ഞ വെളിച്ചവും കയറിയിറങ്ങുന്ന കാറ്റുമെല്ലാം കാഴ്ചക്കാരന്റെ മനസ്സിനെയും തരളമാക്കുന്നു.
ഡിസൈൻ: ആർക്കിടെക്ചർ നരേറ്റീവ്സ്, കൊച്ചി. www.architecturenarratives.com
ചിത്രങ്ങൾ: ജീസ് പാട്രിക്