Tuesday 08 August 2023 04:43 PM IST

സാരിയുടെ കസവ് പോലെ ഭിത്തി, എവിടെയിരുന്നും ജോലി ചെയ്യാൻ ഇരിപ്പിടം; ഇങ്ങനെയാണ് പുതിയ വീടുകൾ

Sreedevi

Sr. Subeditor, Vanitha veedu

Untitled

ശൈലി ഏതാണെന്നല്ല, തങ്ങളുടെ ആവശ്യങ്ങൾ പൂർണമായി ഉൾക്കൊള്ളാനാകുമോ എന്നതാണ് വീടിനെക്കുറിച്ച് പുതിയ തലമുറയുടെ ഉത്കണ്ഠ. അതുകൊണ്ടുതന്നെ മറ്റൊരു വീട് പോലെയാകണം എന്ന ആവശ്യവുമായി ആർക്കിടെക്ടിനെ സമീപിക്കുന്നവർ കുറവാണ്. എറണാകുളം പുത്തൻകുരിശിൽ ആർക്കിടെക്ട് ഷമ്മി എ. ഷെരീഫ് നിർമിച്ച റോഷൻ വില്ല, പൂർണമായും വീട്ടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ളതാണ്.

പരമ്പരാഗത കേരളീയ ശൈലിയുടെ ഘടകങ്ങൾ പലതും സ്വീകരിച്ചെങ്കിലും കാഴ്ചയിൽ പൂർണമായും പരമ്പരാഗതമല്ല ഈ വീട്. എന്നാൽ മേച്ചിൽ ഓടും ടെറാക്കോട്ട ജാളിയും കേരള സാരിയിലെ കസവിനെ അനുകരിച്ച് ക്രാസി കൊണ്ടു തീർത്ത കോർട്‌യാർഡ് ഭിത്തിയുമൊക്കെ മലയാളം മണക്കുന്നു.

sham4

ദീർഘചതുരാകൃതിയിലുള്ള 5.2 സെന്റിന്റെ ഇരുവശങ്ങളിലും വഴിയുണ്ട്. തെക്ക് ഭാഗത്ത് റോഡ് ചരിഞ്ഞുകിടക്കുന്നതിനാലും രണ്ട് കാറുകൾ പാർക്ക് ചെയ്യണമെന്നതിനാലും പടിഞ്ഞാറ് ഗേറ്റ് നിർമിച്ചു.

കുടുംബാംഗങ്ങളൊരുമിച്ചും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ. അതുകൊണ്ടുതന്നെ പൊതു ഇടങ്ങൾ കൂടുതൽ വിശാലവും വിശദവുമായി ക്രമീകരിച്ചു. കിടപ്പുമുറികൾ ഏറ്റവും ലളിതമാക്കി. ഈ വീടിനു മാത്രമായി നൽകിയ ഡിസൈൻപരമായ വിശദാംശങ്ങൾ (architectural detailings) കോമൺ ഏരിയയിലാണ് പ്രധാനമായി ചെയ്തത്.

sha2

മേൽക്കൂര പല തട്ടുകളായി പുറമേക്ക് കാണുന്നതുപോലെത്തന്നെ മുറികളും പല ഉയരത്തിലാണ് ക്രമീകരിച്ചത്. കോർട്‌യാർഡും ഗോവണി സ്പേസും ഡബിൾ ഹൈറ്റിലാണ്. കുടുംബാംഗങ്ങൾ വീടിനുള്ളിൽ എവിടെയാണെങ്കിലും തടസ്സമില്ലാതെ ആശയവിനിമയം സാധ്യമാണെന്നതാണ് ഇതിന്റെ ഗുണം. അതേസമയം സ്വകാര്യതയെ ബാധിക്കുകയുമില്ല.

sham2

ഐടി ജീവനക്കാരിയായ റോഷ്നയ്ക്ക് പുറത്തുനിന്നുള്ള ശബ്ദ- ശല്യങ്ങളില്ലാതെ വീട്ടിലിരുന്നു ജോലി ചെയ്യണം എന്ന ആവശ്യമുണ്ടായിരുന്നു. കിടപ്പുമുറികളുടെ ജനാലപ്പടിയിലും മുകളിലെ ലിവിങ് ഏരിയയിലുമൊക്കെ ഇരിപ്പിടമൊരുക്കിയത് ഇതുമായി ബന്ധപ്പെട്ടാണ്.

ചെറുതും വലുതുമായ ജനാലകൾ എതിർവശങ്ങളിൽ ക്രമീകരിച്ച് ചൂട് അകത്തു കയറാതെത്തന്നെ ക്രോസ്‌വെന്റിലേഷൻ ക്രമീകരിച്ചു. രണ്ടു നിലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് കോർട്‌യാർഡും സ്റ്റെയർ ഏരിയയുമാണ്. സൂര്യന്റെ സഞ്ചാരമനുസരിച്ച് മങ്ങിയും തെളിഞ്ഞും ഈ രണ്ട് ഭാഗത്തെ സൺലിറ്റുകളും അകത്തളത്തിൽ വെളിച്ചം വിതറുന്നു.

പലപ്പോഴും പ്ലോട്ട് വാങ്ങുന്ന സമയത്തുതന്നെ വീട്ടുകാരും ആർക്കിടെക്ടും തമ്മിലുള്ള ബന്ധം ആരംഭിക്കും. രണ്ടോ മൂന്നോ വർഷം ഒരുമിച്ചുള്ള ആ യാത്രയാണ് വീട്ടുകാരുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയാൻ ആർക്കിടെക്ടിനെ സഹായിക്കുന്നത്. അത്തരമൊരു യാത്ര സഫലമായിത്തീർന്നതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും ആർക്കിടെക്ടും.

sham3

PROJECT FACTS

Area: 2250 sqft Owner: എ. ആർ. റോഷൻ Location: പുത്തൻകുരിശ്, എറണാകുളം

Design: ടെയിൽസ് ഓഫ് ഡിസൈൻ സ്റ്റുഡിയോ, പെരിന്തൽമണ്ണ Email: talesofdesignstudio@gmail.com