മുറ്റം നിറയെ വിവിധ തരം ഫലവൃക്ഷങ്ങൾ. മാവും റംബൂട്ടാനും, ചാമ്പക്കയും കയ്യെത്തി പറിച്ചെടുക്കാവുന്ന ഉയരത്തിൽ. കുട്ടികൾ അവയ്ക്കടിയിൽ കളിക്കുന്നു. പഴങ്ങൾ പറിക്കുകയും കഴിക്കുകയും ചെയ്യുന്നു. കുട്ടിക്കാലത്തെ ഓർമ്മകൾ പറഞ്ഞതല്ല. എറണാകുളം ചുള്ളി സ്വദേശി ലതീഷിന്റെ വീട്ടുമുറ്റം ഇങ്ങനെയാണ്.വെറുതെ ഉണ്ടായതല്ല. ഇതിനു പിന്നിലെ കഥ ലതീഷ് പറയും.

"സ്വന്തമായൊരു വീട് എല്ലാവരെയും പോലെ എന്റെയും സ്വപ്നമായിരുന്നു അതുവരെ ഉണ്ടായിരുന്ന സമ്പാദ്യവും ലോണുമെടുത്ത് ഞാനും വീട് സാധ്യമാക്കി. നാലുവർഷം മുൻപാണ് വീട് വയ്ക്കുന്നത്. വീട് പണി കഴിഞ്ഞപ്പോൾ മുറ്റം നിറയെ പൂ ചെടികൾ വെച്ചുപിടിപ്പിക്കണം എന്നായിരുന്നു ഭാര്യയുടെ ആഗ്രഹം.

പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന്റെ തലേന്ന് ഒരു പെട്ടി നിറയെ ഫല വൃക്ഷത്തൈകളുമായി വരുന്ന എന്നെ കണ്ടു വീട്ടുകാർക്ക് ലേശം പരിഭവമുണ്ടായി. മാവ്, പ്ലാവ്, റംബൂട്ടാൻ, ചാമ്പക്ക, ലൂബിക്ക, പപ്പായ, ആപ്പിൾ, അമ്പഴങ്ങ, ഓറഞ്ച്, പേര അങ്ങനെ കൈയിൽ കിട്ടിയതെല്ലാം വാങ്ങിയിരുന്നു. വീട് സ്വപ്നമായി മനസ്സിൽ കയറിക്കൂടിയതു മുതൽ ഇതും ഉണ്ടായിരുന്നു. 'ഇതിലൊക്കെ എന്ന് കായ് ഉണ്ടാവാനാ' എന്ന് വീട്ടുകാർ അടക്കം പറയുന്നുണ്ടായിരുന്നു.

വർഷങ്ങൾക്കിപ്പുറം ഒട്ടുമിക്കതും കായ്ച്ചു. തരക്കേടില്ലാത്ത വലിപ്പവുമായി. ചുറ്റും പച്ചപ്പ് നിറഞ്ഞു. കിളികളും അണ്ണാനും എത്താൻ തുടങ്ങി. മക്കൾക്ക് പറിച്ചെടുക്കാൻ പറ്റാവുന്ന ഉയരത്തിൽ മാങ്ങയും പേരക്കയും കായ്ച്ച് നിൽക്കുന്നത് കാണുമ്പോൾ മനസ്സ് നിറയുന്ന സന്തോഷം.

നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യുക. നമ്മുടെ തീരുമാനങ്ങളിൽ കുറ്റം പറഞ്ഞവർ അംഗീകരിക്കുന്ന ഒരു സമയം വരും. അതിന് അന്ന് മധുരവുമുണ്ടാവും."
