കൊന്നപ്പൂ പോലെയുള്ള പൂങ്കുലകൾ തൂങ്ങിനിൽക്കുന്ന വള്ളിച്ചെടി ഈയിടെയായി പല മുറ്റങ്ങളിലും കാണാറുണ്ട്. അതീവ മനോഹരമായ പൂക്കൾ ഉള്ള ഈ ചെടി ഏതാണെന്ന് മിക്കവരും ചിന്തിച്ചു കാണും. ഇതാണ് ഗോൾഡൻ കാസ്കേഡ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ എത്തിയ ചെടിയാണിത്. വേനൽക്കാലത്ത് നിറയെ പൂത്തു കുലകളായി ഇല കാണാതെ കിടക്കും.
വള്ളിച്ചെടിയാണ് ഗോൾഡൻ കാസ്കേഡ്. ചട്ടിയിലോ നിലത്തോ നടാം. നഴ്സറികളിൽ നിന്ന് തൈ ആണ് കിട്ടുന്നതെങ്കിലും കമ്പു മുറിച്ചു നട്ടും പുതിയ ചെടിയുണ്ടാക്കാം. കമാനങ്ങളിലും മെറ്റൽ ഫ്രെയിമുകളിലും പടർത്താൻ അനുയോജ്യമായ ചെടിയാണിത്. വലിയ വെയിൽ ഇല്ലാത്ത സ്ഥലങ്ങളിലും വളരും. പോളിഹൗസിലും വളർത്താം. ഫ്ലാറ്റുകളിലേക്കും ടെറസ് ഗാർഡനിലേക്കുമെല്ലാം അനുയോജ്യമായ ചെടിയാണ് ഗോൾഡൻ കാസ്കേഡ്.
കമ്പോസ്റ്റ്, കൊക്കോപിത്ത്, മണൽ എന്നിവ ചേർത്ത മണ്ണിൽ ചെടി നടാം. നന ആവശ്യമാണ്. ജൈവവളങ്ങൾ നൽകി വളർത്താം. ഒറ്റയ്ക്ക് ഒരു ചെടി മാത്രം വളർത്തുന്നതിലും ഭംഗി കൂട്ടമായി ചെടികൾ വയ്ക്കുന്നതാണ്.