Tuesday 08 January 2019 03:58 PM IST : By സ്വന്തം ലേഖകൻ

തോട്ടത്തിലെ നവരത്നങ്ങൾ; പൂന്തോട്ടവും കോർട്‍യാർഡും അലങ്കരിക്കും പെബിൾസുകളെ പരിചയപ്പെടാം

pebbles

ലാൻഡ്സ്കേപ്പിന്റെ അവിഭാജ്യഘടകമാണ് ഉരുളൻ കല്ലുകൾ അഥവാ പെബിൾസ്. ലാൻഡ്സ്കേപ്പിലെ ഹാർഡ്സ്കേപ്പിന്റെ ഭാഗമാണ് പെബിൾസ്. കൂട്ടമായി നടുന്ന ചെടികളെയോ പൂന്തോട്ടത്തിന്റെ ഏതെങ്കിലുമൊരു ശ്രദ്ധാകേന്ദ്രത്തെയോ വേർതിരിച്ചു നിർത്തലാണ് പെബിൾസിന്റെ ഒരു ഉപയോഗം. ചെടികളുടെ ചുവട്ടിലെയും ചട്ടികളിലെയും മണ്ണു കാണാതിരിക്കാൻ പെബിൾ നിരത്തുകയുമാകാം. പൂന്തോട്ടപരിചരണത്തിന് സമയക്കുറവുള്ളവർ ലാൻഡ്സ്കേപ്പിലും ഇന്റീരിയർ ഗാർഡനിലും കൂടുതൽ ഭാഗത്ത് പെബിൾസ് വിരിക്കുന്നതും പതിവുണ്ട്.

pebbles-4

നാടൻകല്ല് സ്വപ്നങ്ങളിൽ മാത്രം

ഭാരതപ്പുഴയുടെ തീരത്തുനിന്നായിരുന്നു ഒരുകാലത്ത് കേരളത്തിലെ മിക്ക വീടുകളുടെയും മുറ്റത്തേക്കുള്ള ഉരുളൻ കല്ലുകൾ വന്നുകൊണ്ടിരുന്നത്. എന്നാൽ മണൽ വാരൽ നിരോധിച്ചതോടെ മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് ഉരുളൻ കല്ലുകൾ വരുന്നത്. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നെല്ലാം കല്ലുകളെത്തുന്നുണ്ട്. പ്രകൃതിദത്തമായി കിട്ടുന്ന കല്ലുകളും കൃത്രിമമായി ആകൃതിവരുത്തുന്ന കല്ലുകളുമുണ്ട്. രണ്ടിനങ്ങളും തമ്മിൽ പെട്ടെന്ന് തിരിച്ചറിയാം. പോണ്ടിച്ചേരി കല്ല് എന്നു പ്രശസ്തമായ വെള്ളനിറമുള്ള കല്ലുകൾ പ്രകൃതിദത്തമാണ്. ഓരോ കല്ലും തമ്മിൽ നിറത്തിലും ആകൃതിയിലും വലുപ്പത്തിലും വ്യത്യാസമുണ്ടായിരിക്കും. പ്രകൃതിദത്ത കല്ലുകൾതന്നെ പോളിഷ്ഡ്, അൺപോളിഷ്ഡ് എന്നിങ്ങനെ രണ്ടു തരത്തിലുള്ളവയുണ്ട്. പോളിഷ്ഡ് സ്റ്റോൺ കൂടുതൽ മിനുസമാർന്നതും തിളക്കമുള്ളതുമാകുമ്പോൾ അൺപോളിഷ്ഡ് സ്റ്റോണുകളുടെ പ്രതലം സ്വാഭാവിക രീതിയിൽ പരുപരുത്തതാകും. മഴയും വെയിലും കൊള്ളുന്ന, വീടിനു പുറത്തെ പൂന്തോട്ടത്തിലേക്ക് യോജിച്ചത് ഇത്തരം പ്രകൃതിദത്ത കല്ലുകളാണ്. ഇതിൽതന്നെ അൺപോളിഷ്ഡ് കല്ലുകൾ പായലിനെയും നിറംമങ്ങലിനെയും പ്രതിരോധിക്കാൻ കഴിവുള്ളതാണെന്ന് ലാൻഡ്സ്കേപ് വിദഗ്ധർ പറയുന്നു. ചോക്ലേറ്റ് നിറമുള്ള ചോക്ലേറ്റ് സ്റ്റോൺ ആണ് പ്രകൃതിദത്ത കല്ലുകളിൽ മറ്റൊരു വിഭാഗം. ഇരുണ്ട നിറമായതിനാൽ പായൽ പിടിച്ചാൽ അറിയില്ല, വെള്ളാരംകല്ലുകളുമായും ചെടികളുടെ പച്ചപ്പുമായും നല്ല ചേർച്ചയാണ് എന്നിങ്ങനെ പല ഗുണങ്ങളുണ്ട്. വർഷത്തിൽ ഒരിക്കൽ കല്ലുകൾ കഴുകി ഉപയോഗിക്കുന്നത് പായൽ ഒഴിവാക്കാൻ നല്ലതാണ്.

pebbles-6

നിറപ്പകിട്ടാർന്ന കല്ലുകൾ

മാർബിൾ, ഗ്രാനൈറ്റ്, സാൻഡ്സ്റ്റോൺ, ആഗ്രസ്റ്റോൺ തുടങ്ങിയ പ്രകൃതിദത്ത കല്ലുകളിൽനിന്ന് കൃത്രിമമായി സൃഷ്ടിക്കുന്നതാണ് രണ്ടാമത്തെ വിഭാഗം ഉരുളൻകല്ലുകൾ. ഇതിലുമുണ്ട് പോളിഷ്ഡ്, അൺപോളിഷ്ഡ്, സെമിപോളിഷ്ഡ്, ഗ്ലേസ്ഡ്, ഡംബിൾഡ് കല്ലുകൾ. ഉരുണ്ട കല്ലുകളാണ് ഡംബിൾഡ് കല്ലുകൾ. ഒനിക്സ് സ്റ്റോണിന്റെ ഫിനിഷുള്ള, ഒന്നിൽ കൂടുതൽ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന കൃത്രിമക്കല്ലാണ് ഉരുളൻകല്ലുകൾക്കിടയിലെ മറ്റൊരു താരം. സ്വാഭാവിക നിറം കൂടാതെ, കൃത്രിമനിറം നൽകിയും ഇത്തരം കല്ലുകളെ ഭംഗിയാക്കുന്നുണ്ട്. ഇന്റേണൽ കോർട്‌യാർഡുകളിലേക്കും ഇൻഡോർ പ്ലാന്റർബോക്സുകളിലേക്കുമെല്ലാം ഇത്തരം കൃത്രിമക്കല്ലുകൾ കൂടുതൽ യോജിക്കും. തിളങ്ങുന്ന കൃത്രിമനിറം നൽകിയ കല്ലുകൾ ലാൻഡ്സ്കേപ്പിൽ ഉപയോഗിക്കാറില്ല. അഞ്ച്– 10 എംഎം മുതൽ 70–80 എംഎം വരെ വ്യാസമുള്ള കല്ലുകൾ ലഭ്യമാണ്. വലിയ കല്ലുകൾ പേവിങ് ബ്ലോക്കുകൾക്കു പകരമായും ഉപയോഗിക്കാം. കിലോയ്ക്ക് നാല് മുതൽ 180 രൂപ വരെയാണ് പ്രകൃതിദത്ത/ കൃത്രിമ കല്ലുകളുടെ വില.

pebbles-1

പെട്ടെന്ന് പായൽ പിടിക്കുമെന്നത് പെബിൾസിന്റെ ദോഷമാണ്. ഓരോ കല്ലുകളായി കഴുയെടുക്കേണ്ടിവരും. വെള്ളക്കല്ലുകൾ ബ്ലീച്ച് ചെയ്യുന്നവരുമുണ്ട്. ഇതെല്ലാം അൽപം കഷ്ടപ്പാടുള്ള ജോലിയാണ്. നേരിട്ട് മണ്ണുമായി ബന്ധമില്ലാതെ കല്ലുകൾ വിരിക്കുന്നത് നന്നായിരിക്കും. മണ്ണുമായി ബന്ധമില്ലാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾക്കു പകരം ചണച്ചാക്കോ ചകിരി ഉൽപന്നങ്ങളോ ഉപയോഗിക്കാം. ഉരുണ്ടകല്ലുകൾക്കു പകരം മെറ്റൽ ചിപ്സ്, പെബിൾ ചിപ്സ്, മാർബിൾ ചിപ്സ് ഇവയെല്ലാം ലാൻഡ്സ്കേപ്പിങ്ങിലെ മറ്റു സാധ്യതകളാണ്. കല്ലുകൾക്കു പകരം മണ്ണ് ഉരുളകൾ അല്ലെങ്കിൽ ക്ലേ ബോൾസും ഉപയോഗിക്കാം. ഇത് വെള്ളം കൂടുതൽ നേരം പിടിച്ചു നിർത്താൻ സഹായിക്കും. ■

pebbles-2