പുലർകാലേ എഴുന്നേറ്റ് ഒരു കപ്പ് കാപ്പിയുമായി മുറ്റത്തിറങ്ങുമ്പോൾ ഒരു പൂവിന്റെ പുഞ്ചിരി കൂടി കാണാൻ സാധിച്ചാലേ പ്രഭാതം പൂർണ്ണമാകൂ. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയായ ദീപ വസന്ത് ഇതുപറയുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണ്. ദീപ മാത്രമല്ല, ഭർത്താവ് വസന്തപ്രിയനും മകൾ ദിയയും പൂന്തോട്ടത്തിന്റെ ആരാധകരാണ്.


നഗരപ്രാന്തത്തിലുള്ള വില്ലയിൽ താമസിക്കുന്ന ദീപ മുറ്റത്തും ബാൽക്കണിയിലും ടെറസിലുമായി നല്ലൊരു പൂന്തോട്ടമാണ് ഒരുക്കിയിരിക്കുന്നത്. മുറ്റത്തെ ചെറിയ സ്ഥലത്ത് പുൽത്തകിടിയാണ് പ്രധാനമായി ക്രമീകരിച്ചത്. കുറച്ചു ഓർക്കിഡും മുറ്റത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. വീട്ടിൽ ഒരു ഗ്രീൻ റൂം അല്ലെങ്കിൽ ഗാർഡൻ റൂം വേണം എന്ന ലക്ഷ്യത്തോടെയാണ് ബാൽക്കണി ഗാർഡൻ ക്രമീകരിച്ചത്.

മണി പ്ലാന്റ് ആണ് ബാൽക്കണിയിലെ താരം. ബൊഗെയ്ൻവില്ലയും ഓർക്കിഡും ക്യാറ്റ്സ്ക്ലോയുമെല്ലാം ബാൽക്കണിയെ സ്വർഗമാക്കുന്നു. അതുകൊണ്ടുതന്നെ ഇവിടെ ഇരുന്ന് പ്രകൃതി ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ടെറസ്സിലെ ഷീറ്റ് ഇട്ട ഏരിയപോലും ദീപ വിട്ടുകളഞ്ഞില്ല. അവിടെയും തൂക്കി കുറച്ചു ഹാങ്ങിങ് പോട്ടുകൾ.


ഓർക്കിഡ് എവിടെ വളർന്നാലും സൗന്ദര്യമാണ്. പാം പോലെയുള്ള ചില ചെടികളും ഇവിടെയുണ്ട്. ചെടികൾക്കിടയിൽ കുളിർമയോടെ തിളക്കവുമായി ഫിഷ്പോണ്ടും ഉണ്ട്.


ഏത് കോവിഡ് സാഹചര്യത്തിലും പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാനും മനസന്തോഷം ലഭിക്കാനും ഈ പച്ചത്തുരുത്തിനേക്കാൾ ഫലപ്രദമായി എന്താണുള്ളത്!
