ഉപയോക്താവിനെ മനസ്സിലാക്കിയ ഏതൊരു ആർക്കിടെക്ടിനും നല്ല വീടു പണിയാനാകും. ജോലിയുടെ സ്വഭാവമനുസരിച്ച് വീടു പണിതാലോ! എങ്ങനെയാണെന്നല്ലേ? കോട്ടയം അതിരമ്പുഴയിൽ ജയപ്രകാശിന്റെയും രാജിയുടെയും വീട് ഈ ആശയത്തിലാണ് പണിതിരിക്കുന്നത്. പിന്നിൽ ആർക്കിടെക്ട് ശ്രീരാജ്.

കോളജ് അധ്യാപകരാണ് ജയപ്രകാശും ഭാര്യ രാജിയും. മുന്നിലെത്തുന്നവരെ വിദ്യകൊണ്ട് സംസ്കരിക്കുക എന്നതാണല്ലോ അധ്യാപനത്തിന്റെ ലക്ഷ്യം. ഈ ആശയമാണ് വീടിന്റെ ഡിസൈനിൽ പരീക്ഷിച്ചത്. മൂന്ന് തട്ടായാണ് വീടിന്റെ ഘടന. ഇ തിൽ ആദ്യത്തേത് പോർച്ച് വരുന്ന ഭാഗം. ഇവിടെ ഇരുണ്ട നിറം നൽകി. സിറ്റ്ഔട്ട്, കോർട്‌യാർഡ്, കിടപ്പുമുറി എന്നിവയ്ക്ക് തേക്കാത്ത ഭിത്തി നൽകി. ലിവിങ് ഏരിയ, കിച്ചൻ, ഡൈനിങ്, ലൈബ്രറി, മുകളിലെ കിടപ്പുമുറി എന്നിങ്ങനെയുള്ള മൂന്നാമത്തെ ഭാഗം പ്ലാസ്റ്റർ ചെയ്ത് വെളുത്ത നിറം നൽകി. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എന്ന ആശയം ഇങ്ങനെയാണ് രൂപപ്പെടുത്തിയെടുത്തത്.

വീടിന്റെ പേര് ‘സുഖം.’ വീട്ടുകാർ അനുഭവിക്കുന്നതും സുഖം. കാറ്റ്, വെളിച്ചം, വെള്ളം ഇവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഡിസൈൻ രൂപപ്പെടുത്തിയത്. പർഗോളയും മെറ്റൽ അഴികൊണ്ടുള്ള ഭിത്തിയും, കാറ്റും വെളിച്ചവും വീടിനകത്തെത്തിക്കുന്നു. മഴവെള്ളം കിണറിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കി. വീട് വയ്ക്കാൻ മരങ്ങൾ മുറിക്കരുതെന്ന ജയപ്രകാശിന്റെ ആവശ്യം മുൻനിർത്തി തന്നെ വീടു പണിതു. 1400 ചതുരശ്രയടിയിലുള്ള ഈ വീട്ടിൽ താഴെയും മുകളിലുമായി രണ്ട് കിടപ്പുമുറികളാണുള്ളത്. ചെറിയ സിറ്റ്ഔട്ടും അരികിലുള്ള കോർട്‌യാർഡുമാണ് പോർച്ചിനപ്പുറത്ത് സ്വാഗതം ചെയ്യുന്നത്. ഇവിടെനിന്ന് നേരെ പ്രവേശിക്കുന്ന ഹാളാണ് വീടിന്റെ ഹൃദയഭാഗം. വീട്ടുകാരുടെ ഇഷ്ട ഇടമാണ് ഇത്. ഇതിന് പ്രത്യേക കാരണമുണ്ട്. വിശാലമായ ഇവിടെ, കാറ്റും വെളിച്ചവും അവയുടെ സ്ഥാനം കണ്ടെത്തുന്നു എന്നതുതന്നെ.

ഇവിടത്തെ ഡബിൾഹൈറ്റ് മേൽക്കൂരയും അവയിൽ നൽകിയ പർഗോളയും വീടിനകത്തു വെളിച്ചം നിറയ്ക്കുന്നു. ഭിത്തി മുഴുവനായി, മേൽക്കൂരവരെ നൽകിയ മെറ്റൽ അഴികളാണ് കാറ്റിനെ വീടിനകത്തെത്തിക്കുന്നത്. എപ്പോഴും വെളിച്ചവും കാറ്റും നിറയുന്നതു കൊണ്ടുതന്നെ ലൈറ്റിന്റെയും ഫാനിന്റെയും ഉപയോഗം കുറഞ്ഞു. വൈദ്യുതിചാർജ് ഇപ്പോൾ വീട്ടുകാരെ ഞെട്ടിക്കാറുമില്ല. ‘‘മെറ്റൽ അഴികളിൽ കൊതുകുവല നൽകി. ഇവയ്ക്കടുത്തായി നൽകിയ ബാംബൂ സ്ക്രീനിങ് പൂമ്പാറ്റകളെയും കിളികളെയും ക്ഷണിക്കുന്നു. വീട്ടിനകത്തിരുന്ന് ഇവ ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് ഞങ്ങളുടെ ഭാഗ്യം,’’ ജയപ്രകാശ് പറയുന്നു.

രാജിക്ക് വലിയ ആർഭാടമില്ലാത്ത അടുക്കളയോടാണ് താൽപര്യം. ആവശ്യമായതെല്ലാം കയ്യെത്തും ദൂരത്ത് ഒരുക്കി ചെറിയ കുടുംബത്തിനാവശ്യമായ, കുഞ്ഞ് അടുക്കളയാണു നൽകിയിരിക്കുന്നത്. സ്റ്റെയർകെയ്സ് കയറിച്ചെല്ലുന്ന ഇടം ലൈബ്രറിയാണ്. ഇവിടത്തെ ഹാൻഡ്റെയിലാണ് ബുക്ക്ഷെൽഫാക്കി മാറ്റിയത്. ഇവിടെനിന്നുള്ള ലിവിങ് ഏരിയയുടെ ഡബിൾഹൈറ്റ് കാഴ്ച മനോഹരമാണ്. കിടപ്പുമുറികളിലും മിതത്വം പരീക്ഷിച്ചിട്ടുണ്ട്. ചെറിയ കുടുംബത്തിനാവശ്യമായ കുറഞ്ഞ ഫർണിച്ചർ ഉപയോഗിച്ചത് വീടിനകത്ത് സ്ഥലം ലാഭിക്കാൻ സഹായിക്കുന്നു. കോൺക്രീറ്റ് മേൽക്കൂരയ്ക്കു മുകളിൽ ട്രസ്സ് റൂഫ് നൽകി ഓട് പാകിയത് ചൂടിനെ അകറ്റി നിർത്തുന്നു. വാട്ടർടാങ്ക് ഇതിനുള്ളിൽ ഒളിപ്പിച്ചതും കൗതുകമാണ്.
ഡിസൈൻ: എസ്. ശ്രീരാജ്

4D ആർക്കിടെക്ട്സ്
4darchitects2009@gmail.com