Wednesday 19 May 2021 03:41 PM IST : By സ്വന്തം ലേഖകൻ

പത്തര ലക്ഷത്തിന് പത്തരമാറ്റ്, സൗകര്യത്തിനും കുറവില്ല, നാടൊരുങ്ങി ഒരുക്കി നൽകിയ ‘സ്‍നേഹക്കൂടാരം’

pathanapuram 1

കുറച്ചു വർഷങ്ങൾക്കു മുൻപുള്ള മഞ്ഞു പെയ്യുന്നൊരു ഡിസംബർ രാവ്. ഇടവകപ്പളളിയിൽ നിന്ന് എട്ട് കിലോമീറ്ററോളം അകലെയുള്ള വീട് തേടിച്ചെന്നതായിരുന്നു കാരൾ സംഘം. പുറമ്പോക്കിലെ രണ്ട് സെന്റിൽ ഇടിഞ്ഞുവീഴാറായ കുഞ്ഞുവീട്. അതിൽ അച്ഛനും അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം... കണ്ണു നനയിക്കുന്നതായിരുന്നു അവിടുത്തെ കാഴ്ചകൾ. ഉപാധികളില്ലാതെ സ്നേഹിക്കാനും ഉളളത് പകുത്തു നൽകാനും പഠിപ്പിച്ച മനുഷ്യപുത്രന് കാണിക്കയായി ഒരു വീടൊരുക്കാൻ തീരുമാനിച്ചാണ് കാരൾ സംഘം അന്നു മടങ്ങിയത്. ഫാ. തോമസ് പി. മുകളിൽ ആയിരുന്നു അന്ന് പത്തനാപുരം പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി. വൈകാതെതന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീടു പണിക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. നെല്ലിമൂട്ടിൽ കുഞ്ഞമ്മ ചാക്കോ പള്ളിക്ക് അടുത്തു തന്നെയുള്ള അഞ്ച് സെന്റ് സംഭാവനയായി നൽകി.

ഔദാര്യം എന്ന് തോന്നിപ്പിക്കാത്ത, താമസക്കാരനിൽ അഭിമാനം നിറയ്ക്കുന്ന വീടാകണം സമ്മാനിക്കുന്നത് എന്ന് നിർമാണ കമ്മിറ്റിക്ക് നിർബന്ധമുണ്ടായിരുന്നു. കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി സാധാരണ നിർമിച്ചു നൽകുന്ന ‘തീപ്പെട്ടിക്കൂട്’ പോലത്തെ വീട് വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചു.ത്രികോണാകൃതിയിലായിരുന്നു സ്ഥലം. ഇതു ഫലപ്രദമായി വിനിയോഗിക്കണം എങ്കിൽ പ്രഗത്ഭനായ ഡിസൈനർ തന്നെ വീട് രൂപകൽപന ചെയ്യണം എന്നും ധാരണയായി.അപ്പോഴേക്കും കോവിഡ് എത്തിയെങ്കിലും എല്ലാവരെയും ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി. അതിലൂടെ ചർച്ച ചെയ്തു കാര്യങ്ങൾ തീരുമാനിച്ചു.

pathanapuram 2

കൊല്ലം അഭിലാഷ് ആർക്കിടെക്ട്സിലെ ചീഫ് കൺസൽറ്റന്റ് വി. ആർ. ബാബുരാജിനെയാണ് വീട് രൂപകൽപന ചെയ്യാനായി തിരഞ്ഞെടുത്തത്. കാര്യങ്ങൾ അറിഞ്ഞ ബാബുരാജ് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഡിസൈൻ തയാറാക്കി നൽകി.പ്ലോട്ടിന്റെ പ്രത്യേകത, വീട്ടുകാരുടെ ജീവിതശൈലി എന്നിവയെല്ലാം കണക്കിലെടുത്താണ് 642 ചതുരശ്രയടിയിൽ രണ്ട് കിടപ്പുമുറിയുള്ള വീടൊരുക്കിയത്. ‘‘ചെറിയ വീടുകളുടെ കാര്യത്തിൽ ഭംഗി എന്നത് അധികപ്പറ്റല്ല, അവകാശമാണ് എന്ന നയമാണ് ഇവിടെ പിന്തുടർന്നത്. വേണമെങ്കിൽ ഭംഗിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്ത് അൻപതിനായിരം രൂപ ലാഭിക്കാമായിരുന്നു. ഇതിനായി സമീപിച്ചവരുടെ ആത്മാർഥത ഏറ്റവും മികച്ച രീതിയിൽ വീടൊരുക്കാൻ പ്രചോദനമായി,’’ ബാബുരാജ് പറയുന്നു.

കോൺക്രീറ്റ് കട്ട കൊണ്ടാണ് ചുമര് കെട്ടിയത്. ടൈൽ, ഇലക്ട്രിക്കൽ ഫിറ്റിങ്സ്, സാനിറ്ററിവെയർ എന്നിവയെല്ലാം മൊത്തവിലയ്ക്ക് വാങ്ങി. ട്രസ്സ് റൂഫിൽ ഓടുമേഞ്ഞ രീതിയിലാണ് മേൽക്കൂര. എന്നാൽ, കാൽ‌സ്യം സിലിക്കേറ്റ് ബോർഡ് കൊണ്ട് ഫോൾസ് സീലിങ് നൽകിയിട്ടുള്ളതിനാൽ വാർത്ത വീട് പോലെ തന്നെ തോന്നിക്കും. പഴയ വീട് പൊളിച്ചിടത്തു നിന്ന് വാങ്ങിയ ഓട് കഴുകി െപയിന്റ് അടിച്ചാണ് മേൽക്കൂരയിൽ വിരിച്ചത്. പുതിയ ഓടിനേക്കാൾ ഗുണമേന്മയുള്ള ഓട് ഒന്നിന് രണ്ടു രൂപ നിരക്കിൽ ലഭിച്ചു. മില്ലിൽ നിന്ന് വാങ്ങിയ നല്ല മൂപ്പെത്തിയ തടി കൊണ്ടാണ് വാതിലും ജനലും നിർമിച്ചത്. പ്രധാന വാതിലിന് തേക്ക് ഉപയോഗിച്ചു.

പണം പാഴാക്കാതെ മികച്ച വീടൊരുക്കാനുള്ള യജ്ഞത്തിന്റെ ഓരോ ഘട്ടത്തിലും വനിത വീട് ആയിരുന്നു വഴികാട്ടി എന്ന് ഷിബു ഏബ്രഹാം പറയുന്നു. വീട് മാസികയുടെ ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ‘ജിഐ ഗെയ്റ്റ് മുതൽ ലൈറ്റ് വരെ’ ലേഖനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജിഐയും ഗ്ലാസും കൊണ്ടുള്ള ഊണുമേശ പണികഴിപ്പിച്ചത്. അയ്യായിരം രൂപയേ ഇതിനു ചെലവ് വന്നുള്ളൂ. സോഫയും കട്ടിലും അടക്കം ബാക്കി ഫർണിച്ചർ എല്ലാം സംഭാവനയായി ലഭിച്ചു.വീടിനിട്ട പേരിൽ ഒരു നാടിന്റെ സ്നേഹവായ്പ് മുഴുവൻ നിറഞ്ഞു നിൽപ്പുണ്ട്; ‘സ്നേഹക്കൂടാരം’.

pathanapuram 3
Tags:
  • Vanitha Veedu