ചൂട് കുറയ്ക്കാൻ കഴിയുന്നതെല്ലാം ചെയ്യണം എന്ന ലക്ഷ്യം കേരളത്തിൽ വീട് വയ്ക്കുന്ന എല്ലാവർക്കും ഉണ്ട്. കൊല്ലം ശാസ്താംകോട്ടയിലെ 32 സെന്റിൽ വീട് വയ്ക്കാൻ തുനിഞ്ഞപ്പോൾ സർവേ വകുപ്പിൽ ജീവനക്കാരനായ എസ്. അൻസാദും നേഴ്‌സിങ് സൂപ്രണ്ട് ആയ ആർ. ഷംലയും കാലാവസ്ഥയ്ക്ക് തന്നെയാണ് മുൻഗണന നൽകിയത്.

നാലുകെട്ട് ശൈലിയിൽ ഉള്ള ഒറ്റ നില വീടിന് 2550 ചതുരശ്രയടിയാണ് വിസ്തീർണം. തൃശൂരിൽ നിന്നാണ് നിർമാണത്തിന് ആവശ്യമായ ടെറാക്കോട്ട ഹോളോബ്രിക്സ് വാങ്ങിയത്. 14 ഇഞ്ച് വലുപ്പമുള്ള കട്ട കൊല്ലത്ത് എത്തിയപ്പോൾ ഒന്നിന് ഏകദേശം 65 രൂപയായി. എങ്കിലും നഷ്ടം ഇല്ലെന്ന് അൻസാദ് പറയുന്നു. കാരണം, 10 രൂപയിൽ കൂടുതൽ ആണ് സാധാരണ ഇഷ്ടികയുടെ വില. ഇത്തരം ആറര ഇഷ്ടികയുടെ വലുപ്പമുണ്ടാകും ഒരു ടെറാക്കോട്ട ബ്ലോക്കിന്. ടെറാക്കോട്ട ഹോളോ ബ്ലോക്കിന് തേപ്പ് ആവശ്യമില്ല. എന്നാൽ കട്ടകൾക്ക് ഇടയിൽ പോയിന്റ് ചെയ്യാൻ പണിക്കൂലി കൂടുതൽ ആണ്. ബ്ലോക്കിന്റെ ഇടയിലെ വായു അറകൾ വീടിനുള്ളിൽ ചൂട് കുറയ്ക്കാൻ സഹായിക്കും.

ചൂട് കുറയ്ക്കാൻ തന്നെയാണ് ഓടിട്ട മേൽക്കൂരയും അൻസാദ് തിരഞ്ഞെടുത്തത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത സിമന്റ് ഓട് തന്റെ ആ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് അൻസാദ് പറയുന്നു. ഓട് ചൂടായി ആ ചൂട് മെറ്റൽ ഫ്രെയിമിലേക്കും ഫോൾസ് സീലിങ് ചെയ്ത സിമന്റ് ഫൈബർ ബോർഡിലേക്കും നീങ്ങുന്നുണ്ടെന്നാണ് വീട്ടുകാരുടെ നിഗമനം. എന്നിലും രാത്രി വീടിനുള്ളിൽ നല്ല കുളിർമയുണ്ട്. നടുമുറ്റവും ഇതിൽ നല്ല പങ്കുവഹിക്കുന്നു.

ഓട് ഇട്ട മേൽക്കൂര ആണെങ്കിലും എയർഗ്യാപ് ഉറപ്പുവരുത്തണം എന്നാണ് ഇത്തരം വീടുകൾ വയ്ക്കുന്നവർക്ക് അൻസാദ് നൽകുന്ന ഉപദേശം. പ്രാണികൾ കയറാതിരിക്കാൻ വല സ്ഥാപിച്ചാൽ മതി. നാല് കിടപ്പുമുറികളാണ് ഈ വീട്ടിൽ. മറ്റൊരു മുറി വസ്ത്രങ്ങൾക്കായി മാത്രം മാറ്റിവച്ചു. വീട്ടിലെ എല്ലാവരുടെയും കഴുകി ഉണക്കിയ വസ്ത്രങ്ങൾ ഈ മുറിയിൽ ആണ് സൂക്ഷിക്കുന്നത്. ഇസ്തിരിയിടാനും ഇവിടെത്തന്നെ സൗകര്യം ഒരുക്കിയിരിക്കുന്നു.

അഴുക്കു പിടിക്കുന്ന വാതിലുകളുടെ സൈഡ്, കോർണർ, സ്വിച്ച് ബോർഡ് എന്നിവ എളുപ്പം വൃത്തിയാക്കത്തക്ക വിധത്തിൽ വൈറ്റ് ടൈൽ കൊണ്ട് കവർ ചെയ്തു. വീട്ടുകാർ തന്നെ വീടുപണി ചെയ്യിക്കുമ്പോൾ ആവശ്യങ്ങൾ ഓർത്തു വച്ച് ഇത്തരം സൗകര്യങ്ങൾ ഒരുക്കാവുന്നതാണ്. അടുക്കളയോടു ചേർന്ന് സ്റ്റോറേജും ആവശ്യമാണെന്ന് ഈ വീട്ടുകാർ വിശ്വാസിക്കുന്നു.

1.

2.

3.
