Friday 09 July 2021 04:29 PM IST : By സ്വന്തം ലേഖകൻ

യാത്രികനായ വീട്ടുകാരന്റെ രണ്ടര സെന്റിലെ വീട്, 1417 ചതുരശ്രയടിയിൽ നാല് നിലകളിലായി സൗകര്യങ്ങളെല്ലാമുണ്ട്

jinesh 1

സഞ്ചാരിക്ക് ഒരു ‘ഇടം’ വേണം; മടങ്ങിവരാൻ ഒരിടം. അവിടെ നിലയ്ക്കാത്ത യാത്രകളുടെ താളം നിറയണം. ഈ വിവരണത്തിൽ നിന്നാണ് ‘ഇടം’ എന്ന വീടിന്റെ പിറവി. തിരുവനന്തപുരം ഗവൺമെന്റ് പ്രസ്സിലെ ഉദ്യോഗസ്ഥനാണ് വീട്ടുകാരനായ എസ്. പി. ശ്രീജിത്ത്. ഹിമാലയം, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലേക്കെല്ലാം സ്ഥിരമായി യാത്ര പോകുന്നയാൾ. വടിവൊത്ത ചതുരക്കള്ളികൾ പോലെയുള്ള മുറികൾ കൂട്ടിവച്ച വീട് അദ്ദേഹത്തിന് ഇണങ്ങില്ല എന്ന് ആദ്യമേ ബോധ്യമായി. വെട്ടിത്തിളങ്ങുന്ന അലങ്കാരങ്ങളും കൃത്രിമത്വം തോന്നിക്കുന്ന പ്രതലങ്ങളും പാടേ ഒഴിവാക്കണമെന്ന ആഗ്രഹം ശ്രീജിത്ത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. യാത്രകൾ മനസ്സു തുറപ്പിച്ച സഞ്ചാരിക്കായി നേർക്കാഴ്ചകൾ തെളിയും വിധം തന്നെ വീടൊരുക്കാനായിരുന്നു ആർക്കിടെക്‌ട് ജിനോജിന്റെ ശ്രമം.

jinesh 6

മണ്ണന്തലയിൽ രണ്ട് വശത്തും വഴിയുള്ള രണ്ടര സെന്റായിരുന്നു വീടു വയ്ക്കാൻ ഉണ്ടായിരുന്നത്. വഴിയുള്ളതിനാൽ രണ്ടു വശത്തും നിയമപ്രകാരമുള്ള സ്ഥലം ഒഴിച്ചിടണം. അപ്പോൾ വീടിനായുള്ള സ്ഥലം വീണ്ടും കുറയും. അതായിരുന്നു പ്രധാന വെല്ലുവിളി. സ്ഥലം പാഴാക്കാതെയും സ്വകാര്യത സംബന്ധിച്ച ആശങ്കകൾ പരിഹരിച്ചുമാണ് വീടിനു സ്ഥാനം കണ്ടത്. 1417 ചതുരശ്രയടി വിസ്തീർണമുള്ള വീടിന്റെ ഫൂട്പ്രിന്റ് 4.7 x 12 മീറ്ററിൽ ഒതുക്കാനായി.വഴികളിലൊന്ന് ഇറക്കമായതിനാൽ സാമാന്യം ചരിവുള്ള രീതിയിലായിരുന്നു പ്ലോട്ട്. ഇത് നിരപ്പാക്കാൻ പോയില്ല. താഴ്ന്ന ഭാഗത്ത് കാർപോർച്ച് നൽകി. ഇറക്കമുള്ള വഴിയിൽ നിന്നും വണ്ടി പ്രവേശിക്കാനാകും വിധം ഗെയ്റ്റും നൽകി.

jinesh 7

പോർച്ചിൽ നിന്ന് പടി കയറി വീടിനു മുന്നിലെത്താനുള്ള സംവിധാനമൊരുക്കി. രണ്ടാമത്തെ വഴിയിൽ നിന്ന് വീടിനു മുന്നിലേക്ക് നടന്നെത്താവുന്ന രീതിയിൽ ചെറിയ ‘പെഡസ്ട്രിയൻ’ ഗെയ്റ്റും നൽകി. ശ്രീജിത്ത് തനിച്ചാണ് താമസം. സുഹൃത്തുക്കൾ ധാരാളമുണ്ട്. ബന്ധുക്കളും ഇടയ്ക്കിടെ വീട്ടിലെത്തും. അതിനാൽ അതിഥികൾക്കു വേണ്ട സൗകര്യങ്ങളെല്ലാം പോർച്ചിനു മുകളിലുള്ള, സാങ്കേതികമായി രണ്ടാംനില എന്നു വിശേഷിപ്പിക്കാവുന്ന ഭാഗത്തൊരുക്കി. വരാന്ത, ഫോയർ, അതിഥികൾക്കുള്ള കിടപ്പുമുറി, അടുക്കള, ലിവിങ്, ഡൈനിങ്, ബാൽക്കണി എന്നിവ ഇവിടെ വരുന്നു. ഇതിൽ അവസാനത്തെ നാലെണ്ണം മൂന്ന് പടി താഴ്ത്തിയാണ് നൽകിയത്. രണ്ടാംനില രണ്ട് തട്ടുകളായി ക്രമീകരിച്ചു എന്നു പറയാം. വാഷ്ബേസിൻ, വാഷിങ് മെഷീൻ എന്നിവയ്ക്ക് ഡൈനിങ്ങിനോട് ചേർന്നുള്ള ബാൽക്കണിയിലാണ് സ്ഥാനം. സ്ലൈഡിങ് ഡോർ തുറന്ന് ഇവിടേക്കെത്താം. ഫോയറിനും അടുക്കളയ്ക്കും മധ്യത്തിലാണ് സ്റ്റെയർ.

jinesh 3

മൂന്നാംനിലയെ ‘സ്വകാര്യ ഇടം’ എന്നു വിശേഷിപ്പിക്കാം. ശ്രീജിത്തിന്റെ കിടപ്പുമുറി, ബാൽക്കണി, ഓപൻ ടെറസ് എന്നിവയാണിവിടെയുള്ളത്. ഓപൻ ടെറസ് ബഹുവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം. മാസ്റ്റർ ബെഡ്റൂമിന്റെ മുകളിലായാണ് ‘ആറ്റിക് സ്പേസ്’ അഥവാ നാലാംനില. സത്യത്തിൽ‍ വീടിനുള്ളിലെ ചൂട് കുറയ്ക്കാനായാണ് ഇവിടെ ട്രസ്സ് റൂഫ് നൽകിയത്. വാട്ടർ ടാങ്കിനും ഇവിടെയാണ് സ്ഥാനം. ഈ സ്ഥലം പ്രയോജനപ്പെടുത്തുക കൂടി ചെയ്യാം എന്ന ഉദ്ദേശ്യത്തോടെ വാട്ടർ ടാങ്ക് ഒരു മൂലയിലായി സ്ഥാപിച്ചു. അതിനു ചുറ്റും ഭിത്തി കെട്ടി മറയ്ക്കുകയും ചെയ്തു. ബാക്കിയുള്ള സ്ഥലം മുറിയാക്കി മാറ്റി അവിടെ ലൈബ്രറിയും ഹോം തിയറ്ററും ഒരുക്കി. ഈ തീരുമാനം ഉചിതമായെന്ന് പിന്നീടുള്ള സന്ദർശനങ്ങളിൽ ബോധ്യമായി. ധാരാളം വായിക്കുകയും സിനിമയെ ഗൗരവമായി സമീപിക്കുകയും ചെയ്യുന്ന ആളാണ് ശ്രീജിത്ത്. പുസ്തകങ്ങൾ, ഡിവിഡി എന്നിവയെല്ലാം നിറ‍ഞ്ഞിരിക്കുകയാണിവിടെ. ലോക്ഡൗൺ കാലത്ത് ഏറ്റവും ഉപകരിച്ച സ്ഥലമാണ് ഇവിടം എന്ന് ശ്രീജിത്ത് പറയാറുണ്ട്.

jinesh 5

നിർമാണസാമഗ്രികൾ അതിന്റെ തനത് രൂപത്തിൽ തന്നെ അവതരിപ്പിക്കണം എന്ന ശ്രീജിത്തിന്റെ ആഗ്രഹപ്രകാരം സിമന്റ് തേയ്ക്കാതെ ‘എക്സ്പോസ്ഡ്’ രീതിയിലാണ് ഭൂരിഭാഗം ചുമരുകളും നിർമിച്ചത്. ‘റോ ഫിനിഷ്’ എല്ലാവർക്കും ഇഷ്ടപ്പെടില്ല എന്ന നിഗമനത്തിൽ അതിഥികളുടെ കിടപ്പുമുറി, അടുക്കള എന്നിവിടങ്ങൾ സാധാരണപോലെ പ്ലാസ്റ്റർ ചെയ്ത് പെയിന്റടിച്ചു. തേക്കാൻ പദ്ധതിയില്ലാത്തതിനാൽ വയർകട്ട് ഇഷ്ടിക ഉപയോഗിച്ചാണ് ചുമര് കെട്ടിയത്. തമിഴ്നാട്ടിലെ മാർത്താണ്ഡം എന്ന സ്ഥലത്തെ ചൂളയിൽ നിന്ന് കട്ട വരുത്തി. മറ്റിടങ്ങളിൽ ഒരു കട്ടയ്ക്ക് 17 രൂപയിലധികം വിലയുള്ളപ്പോൾ ഇവിടെ എട്ട് രൂപ മാത്രമാണ് വില.

jinesh 4

ചുമര് മാത്രമല്ല, സീലിങ്ങിലെ കോൺക്രീറ്റിന് അടിഭാഗത്തും പ്ലാസ്റ്റർ ചെയ്ത് പെയിന്റടിച്ചില്ല. സാധാരണ പണിക്കാരെക്കൊണ്ടു തന്നെ ഈ ജോലി ചെയ്യിപ്പിച്ചതിനാൽ ചില പാളിച്ചകൾ പറ്റി. ഇത് തിരിച്ചറിയാനാകാത്ത രീതിയിൽ ശരിയാക്കി എടുക്കാമായിരുന്നു. പക്ഷേ, അതങ്ങനെത്തന്നെ നിൽക്കട്ടെ എന്നായിരുന്നു വീട്ടുകാരന്റെ തീരുമാനം. നല്ലത് പുറത്തു കാണിക്കുന്നതു മാത്രമല്ല സത്യസന്ധത എന്നായിരുന്നു കാഴ്ചപ്പാട്. ആർക്കിടെക്ട് ടീമിനെ സംബന്ധിച്ചും ഇതൊരു വേറിട്ട അനുഭവമായിരുന്നു; പുതിയൊരു പാഠവും. പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് ഒന്നര വർഷമാകുന്നു. വീട്ടുകാരന്റെ ജീവിതത്തോട് ഇഴുകിച്ചേരാനുള്ള പ്രാപ്തി ഈ ‘ഇട’ത്തിനുണ്ട് എന്ന തിരിച്ചറിവാണ് ഞങ്ങളുടെ സന്തോഷം.

jinesh 2

ഡിസൈൻ: ജിനോജ് മതിധരൻ

ഇഷ്‌ടിക ഡിസൈൻ സ്‌റ്റുഡിയോ, തിരുവന്തപുരം

ishtika.ar@gmail.com