പശ്ചിമ മലനിരകളുടെ താഴ്‌വരയിൽ ജനിച്ചു വളർന്ന രഞ്ജിതും നമിതയും അവരുടെ പുതിയ വീട്ടിലും അതേ അനുഭവവും ജീവിതരീതിയുമാണ് ആഗ്രഹിച്ചത്. മെറ്റീരിയലിന്റെ തിരഞ്ഞെടുപ്പിലൂടെയാണ് ആർക്കിടെക്ട് നീനു ആ ആഗ്രഹം സാധ്യമാക്കിയത്. അഞ്ച് സെന്റിലാണ് 1800 ചതുരശ്രയടിയുള്ള വീട്. നാല് കിടപ്പുമുറികൾ വേണമെന്ന് വീട്ടുകാർക്ക് നിർബന്ധമായിരുന്നു. ലിവിങ്, ഡൈനിങ്, അടുക്കള, നാല് അറ്റാച്ഡ് കിടപ്പുമുറികൾ എന്നിവയടങ്ങുന്നതാണ് വീട്. മുന്നിലേതു കൂടാതെ, പ്ലോട്ടിന്റെ കിഴക്കേ അതിരിനോടു ചേർന്നും വഴിയുണ്ട്. ഈ വഴിയാണ് പ്ലാനിനെ സ്വാധീനിച്ച നിർണായക ഘടകം. ഇതിനും സെറ്റ്ബാക്ക് നൽകേണ്ടി വന്നതിനാൽ വീടു പണിയാനുള്ള സ്ഥലത്തിൽ കുറവുവന്നു. വഴിയുടെ സാമീപ്യമുള്ളതിനാൽ വീട്ടുകാരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകേണ്ടതുമുണ്ടായിരുന്നു. അങ്ങനെയാണ് ഡിസൈനിന്റെ ചില അടിസ്ഥാന ഘടകങ്ങൾ രൂപപ്പെട്ടത്.

1. സ്വകാര്യത ഉറപ്പാക്കി കിഴക്കുവശത്തെ ഉയരം കൂടിയ ചുറ്റുമതിൽÐ ഇഷ്ടികയും ജാളിയും ഇടകലർത്തിയുള്ള മതിലിന്റെ നിർമാണം പ്ലോട്ടിൽ തടസ്സമില്ലാതെ വായുസഞ്ചാരം ഉറപ്പുവരുത്തി. വീട്ടുകാർക്ക് ഇഷ്ടികയോടുള്ള ഇഷ്ടവും അത് നൽകാൻ കാരണമായി.
2. സൈഡ്‌യാർഡ്– കിഴക്കേ അതിരു മുഴുവൻ, രണ്ട് മീറ്റർ സെറ്റ്ബാക്ക് ഉൾപ്പെടെ, സൈഡ്‌യാർഡായി രൂപപ്പെടുത്തി. വീടിനകവുമായി ഇഴചേർന്നിരിക്കുകയാണ് ഈ യാർഡ്.
3. വീടിന്റെ പ്ലാനിങ്– നേർരേഖയിലുള്ള രണ്ട് പകുതികളായാണ് വീടിന്റെ പ്ലാൻ. ഒരു പകുതിയിൽ പൊതുവായ ഇടങ്ങളും മറുപകുതിയിൽ സ്വകാര്യ ഇടങ്ങളും.

ഏഴ് അടി ഉയരമുള്ള ഫോയറിലൂടെയാണ് ഡബിൾ ഹൈറ്റുള്ള ലിവിങ്ങിലേക്കു പ്രവേശിക്കുന്നത്. അതിനു ശേഷം പത്ത് അടി ഉയരമുള്ള ഡൈനിങ്ങും എട്ട് അടിയുള്ള അടുക്കളയും. ഇത്രയുമാണ് പൊതുഇടങ്ങൾ.സൈഡ്‌യാർഡിനോട് ചേർന്നുള്ള ഭിത്തി മുഴുവൻ നീളത്തിൽ ബേ വിൻഡോ നൽകിയിട്ടുണ്ട്. ഇവിടിരുന്നാൽ യാർഡിലെ കാഴ്ചകൾ ആസ്വദിക്കാം. മാത്രമല്ല, വീട്ടിലെത്ര പേർ വന്നാലും ഇരിപ്പിടത്തിന് പഞ്ഞമില്ല.

പടിഞ്ഞാറുവശത്താണ് കിടപ്പുമുറികൾ. താഴത്തെ നിലയിലെ കിടപ്പുമുറികളുടെ മുകളിലായാണ് മുകളിലെ കിടപ്പുമുറികൾ. കിഴക്കുവശത്ത് ജനാലകളുടെ ധാരാളിത്തമാണെങ്കിൽ കിടപ്പുമുറികളിൽ അവ നിയന്ത്രിതമായാണ് നൽകിയിട്ടുള്ളത്. ടെറസിൽ യൂട്ടിലിറ്റി ഏരിയയും സ്റ്റെയർകെയ്സിനു താഴെ സ്റ്റോറേജും നൽകി. തേക്കുകൊണ്ടാണ് ജനലുകളും വാതിലുകളും. ഫ്ലോറിങ്ങിന് ഗ്രാനൈറ്റും ജയ്സാൽമീറും ഉപയോഗിച്ചു. ബാത്റൂമിലെ ഫ്ലെയിംഡ് ഗ്രാനൈറ്റ് തെന്നില്ല; വൃത്തിയാക്കാൻ എളുപ്പവുമാണ്.

കടപ്പാട്: നീനു ട്രീസ പയസ്
സ്‌റ്റുഡിയോ74051, കൊച്ചി
neenuntp@gmail.com