ജോലിത്തിരക്കിന്റെ സമ്മർദങ്ങളിൽ നിന്ന് രക്ഷ നേടാനാണ് ശങ്കർ - ഗീത ദമ്പതികൾ മാളയിലെ പൊയ്യയിൽ വീടു പണിത് ചേക്കേറിയത്. കൊച്ചിയിലെ നഗരാന്തരീക്ഷത്തിൽ നിന്ന് പൊയ്യയിലെ ഗ്രാമാന്തരീക്ഷത്തിലേക്കു മാറിയപ്പോൾ ഇവർ ഒന്നേ ആർക്കിടെക്ട് ശാന്തിലാലിനോട് ആവശ്യപ്പെട്ടുള്ളൂ. " പ്രകൃതി രമണീയമായ ഈ പ്രദേശത്തിനിണങ്ങുന്ന വീടു വേണം." പ്രകൃതിക്ക് അനുകൂലമായ വീടുകൾ പണിയുന്നതിൽ കോസ്റ്റ്ഫോർഡിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. കോസ്റ്റ്ഫോർഡ് പ്രവർത്തകനായ ശാന്തിലാൽ ഇവിടെയും പതിവു തെറ്റിച്ചില്ല.

താഴേക്കു ചരിഞ്ഞ അഞ്ച് സെന്റ് പ്ലോട്ടാണ്. നീളം കൂടി വീതി കുറഞ്ഞ പ്ലോട്ടിനനുസരിച്ചാണ് 1300 ചതുരശ്രയടിയുള്ള വീടിന്റെ രൂപകൽപന. തറ കെട്ടിയുയർത്തി വീടു പണിതാൽ ചെലവു കൂടും. അത് ഒഴിവാക്കാൻ ഈ ഡിസൈൻ സഹായിച്ചു.ഉയരം കൂടിയ സ്ഥലത്ത് ലിവിങ്, ഡൈനിങ്, സിറ്റ്ഔട്ട് എന്നിവയും ഉയരം കുറഞ്ഞ സ്ഥലത്ത് ഓപൻ കിച്ചൻ, വർക്ഏരിയ, അറ്റാച്ഡ് ബെഡ് റൂം, വാഷ് ഏരിയ എന്നിവയും ക്രമീകരിച്ചു. വീട്ടിലേക്കു കയറുമ്പോൾ ഉയരം കൂടിയ സ്ഥലത്തേക്കാണ് ആദ്യം പ്രവേശിക്കുന്നത്. അവിടെ നിന്ന് അടുത്ത നിരപ്പിലേക്ക് ഇറങ്ങാൻ രണ്ടു പടികൾ നൽകി. ഏകദേശം രണ്ട് അടി വ്യത്യാസമുണ്ട് രണ്ടു നിരപ്പുകളും തമ്മിൽ.

ലിവിങ് റൂമിൽ നിന്ന് മുകളിലെ നിലയിലേക്കുള്ള സ്റ്റെയർകെയ്സ് നൽകി. ഉയരം കൂടിയ ഇടത്ത് നൽകിയതിനാൽ പടികളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചു. മുകളിലെ നിലയിൽ അപ്പർ ലിവിങ്, ബെഡ് റൂം, മൾട്ടിപർപ്പസ് റൂം (ബെഡ് കം സ്റ്റഡി ) എന്നിവയാണുള്ളത്. പുഴയോടു ചേർന്ന വീടായതിനാൽ പുഴയുടെ ഭംഗിയും കാറ്റുമെല്ലാം ആസ്വദിക്കാവുന്ന രീതിയിലാണ് ഇവിടം ഒരുക്കിയത്.വെട്ടുകല്ലുകൊണ്ടാണ് വീടു കെട്ടിയത്. ഈ പ്രദേശത്തു നിന്നു തന്നെ ലഭിച്ച കക്ക നീറ്റിയെടുത്ത കുമ്മായവും മണ്ണും കൊണ്ടാണ് തേച്ചത്. മണലും സിമൻറും പൂർണമായി ഒഴിവാക്കി തികച്ചും പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് പ്ലാസ്റ്ററിങ് ചെയ്തു. കിണർ കുത്തിയപ്പോൾ കിട്ടിയ മണ്ണുൾപ്പെടെ തേക്കാനായി ഉപയോഗിച്ചു.

ജനലും വാതിലുമുൾപ്പെടെ തടിപ്പണികൾക്കെല്ലാം പഴയ തടിയാണ് ഉപയോഗിച്ചത്. പുതിയ തടി ഒട്ടുമേ ഇവിടെ ഉപയോഗിച്ചിട്ടില്ല. അടുക്കളയിലെ കാബിനറ്റുകൾക്കും കിടപ്പുമുറികളിലെ വാഡ്രോബുകൾക്കും ഫെറോസിമന്റും പഴയ തടിയും ഉപയോഗിച്ചു. നനയുന്ന ഇടങ്ങളിൽ മാത്രം മൾട്ടിവുഡ് നൽകി. സ്റ്റെയർകെയ്സ് റെയ്ലിങ്ങിന് സ്റ്റീൽ ആണ്.സുർക്കി മിശ്രിതം ഉപയോഗിച്ചാണ് ഇന്റീരിയർ പ്ലാസ്റ്ററിങ് ചെയ്തത്. മണ്ണ്, കുമ്മായം, കടുക്ക, ശർക്കര, ഉലുവ തുടങ്ങിയവ ചേർത്താണ് ഈ മിശ്രിതം തയാറാക്കിയത്. ചുമരുകൾക്ക് നല്ല നിറം ലഭിക്കാൻ ഇത് സഹായിച്ചു. മാത്രമല്ല, ഉറപ്പിനും നല്ലതാണ്. സീലിങ്ങിൽ മാത്രമേ പെയിന്റ് ചെയ്തിട്ടുള്ളൂ. വേറൊരിടത്തും പെയിന്റ് ചെയ്തിട്ടില്ല. ഫില്ലർ സ്ലാബ് രീതിയിലാണ് മേൽക്കൂര വാർത്തത്. ഇതു ചെലവു കുറച്ചു; അതിനൊപ്പം ചൂടും.

പൂമുഖം, മുകളിലെ നില എന്നിവിടങ്ങളിൽ ട്രസ് ചെയ്ത് ഓട് മേഞ്ഞു. പഴയ ഓടാണ് ഉപയോഗിച്ചത്. പുതിയതിനേക്കാൾ നല്ലത് പഴയ ഓടാണെന്ന് ശാന്തി ലാൽ പറയുന്നു. ശുദ്ധമായ മണ്ണു കൊണ്ട് നിർമിച്ചെടുത്തവയാണ് അവ. ഈ ഗുണമേന്മ പുതിയവയ്ക്കില്ല. ഓടിനു താഴെ കേരള ബാംബൂ കോർപറേഷൻ നിർമിക്കുന്ന ബാംബൂ പ്ലൈ വിരിച്ചു. ചോർച്ച ഒഴിവാക്കാനും സുരക്ഷിതത്വത്തിനും വേണ്ടിയാണ് ഇതു നൽകിയത്. മാത്രമല്ല, ബാംബൂ ചൂടിനെ കടത്തിവിടാത്തതിനാൽ വീടിനുള്ളിൽ ചൂട് കുറയ്ക്കാനും സഹായിക്കുന്നു.സെറാമിക് ടൈൽ കൊണ്ടാണ് ഫ്ലോറിങ് ചെയ്തത്. പ്രകൃതിയോടിണങ്ങിയ ഈ വീട് ചെലവു കുറയ്ക്കുന്നതിലും മാതൃകയാണ്.

ശാന്തിലാൽ
ആർക്കിടെക്ട്
കോസ്റ്റ്ഫോർഡ്
തൃശൂർ
ph: 9747538500