വേറെ എന്തില്ലെങ്കിലും വീടിനുള്ളിൽ പകൽവെളിച്ചത്തിനു കുറവുണ്ടാകരുത്. ഇതായിരുന്നു ഡോ. സനോജ് എടക്കണ്ടിയിലിന്റെയും ദീപയുടെയും ആഗ്രഹം. ഒരുഗ്രൻ കോർട്യാർഡ് വീടിനുള്ളിലെത്തിയതോടെ ഈ ആഗ്രഹം സഫലമായി എന്നുമാത്രമല്ല ബോണസ് ആയി മറ്റൊരു നേട്ടം കൂടി ലഭിക്കുകയും ചെയ്തു. ചെടികൾ ഒത്തിരി ഇഷ്ടമുള്ളവരാണ് രണ്ടുപേരും. കോർട്യാർഡിനുള്ളിലും ചുറ്റുമായി ഇഷ്ടംപോലെ ചെടികൾ വയ്ക്കാം. അതുകാരണം വീടിനുള്ളിലെ അന്തരീക്ഷം പ്രതീക്ഷച്ചതിലും സുന്ദരമായി. ഒപ്പം ചൂടും കുറഞ്ഞു.

ഡൈനിങ് സ്പേസ്, സ്റ്റെയർകെയ്സ്, മാസ്റ്റർ ബെഡ്റൂം എന്നിവയ്ക്കു നടുവിലായാണ് കോർട്യാർഡ്. ഡബിൾഹൈറ്റിലായതിനാൽ രണ്ടു നിലകളെ തമ്മിൽ ബന്ധിപ്പിക്കാനും വീടിനു വിശാലത തോന്നിക്കാനും കോർട്യാർഡ് സഹായിക്കുന്നു. രണ്ടാംനിലയിലെ ഫാമിലി ലിവിങ് സ്പേസ്, കിടപ്പുമുറി എന്നിവയാണ് കോർട്യാർഡിനോടു ചേർന്നു വരുന്നത്.

പുറംഭിത്തിയോടു ചേർന്നുവരുന്ന ഭാഗത്ത് സിഎൻസി കട്ടിങ് വഴി ജാളി വർക് ചെയ്ത സ്റ്റീൽ ഷീറ്റ് പിടിപ്പിച്ചിരിക്കുന്നതിനാൽ കാറ്റും വെളിച്ചവും സുഗമമായി വീടിനുള്ളിലെത്തും. കോർട്യാർഡിന്റെ ഒരുവശത്ത് ടെറാക്കോട്ട ജാളികൊണ്ടാണ് പാർട്ടീഷൻ നൽകിയിരിക്കുന്നത്. മുകളിൽ സ്റ്റീൽ ഗ്രിൽ ഇട്ട് ഗ്ലാസ് പിടിപ്പിക്കുകയായിരുന്നു. അതുവഴിയും വെളിച്ചം വീടിനുളളിലെത്തും. മാത്രമല്ല, മാനവും മഴയുമൊക്കെ കാണുകയും ചെയ്യാം. 2.7 ം 3.7 മീറ്റർ ആണ് കോർട്യാർഡിന്റെ വലുപ്പം.

കോഴിക്കോട് പന്തീരാങ്കാവിലെ 15 സെന്റിലാണ് വീട്. 2300 ചതുരശ്രയടിയാണ് വിസ്തീർണം. നാല് കിടപ്പുമുറികളടക്കം സൗകര്യങ്ങളെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചാണ് ഡിസൈനർ എ.കെ. ബിൻസ് ലാൽ വീടൊരുക്കിയത്.

ട്രോപ്പിക്കൽ കന്റെംപ്രറി ശൈലിയിലാണ് എലിവേഷൻ. ഗ്രേ - മഞ്ഞ നിറക്കൂട്ടിലാണ് ഇന്റീരിയർ.
Design - Aakar architectural solutions, Calicut, e mail- aakarclt@gmail.com