Thursday 04 February 2021 05:05 PM IST

ഫ്ലോറിങ് ചെയ്യാനൊരുങ്ങുകയാണോ? എങ്കിൽ എപ്പോക്സിയെ അറിഞ്ഞിരിക്കണം.

Sunitha Nair

Sr. Subeditor, Vanitha veedu

1

ഫ്ലോറിങ്ങുമായി ബന്ധപ്പെട്ട് സ്ഥിരം പറഞ്ഞു കേൾക്കുന്നതാണ് എപ്പോക്സി എന്ന വാക്ക്. എന്താണീ എപ്പോക്സി എന്നല്ലേ?  ടൈൽ വിരിക്കുമ്പോൾ ജോയിന്റുകൾ കാണരുതെന്നതാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. അതിനാണ് ജോയിന്റുകൾ അറിയാതിരിക്കാൻ ജോയിന്റ് ഫില്ലർ ഉപയോഗിക്കുന്നത്. എന്നാൽ ഈ ജോയിന്റ് ഫില്ലറിൽ അഴുക്കടിഞ്ഞ് വൃത്തികേടാകാനുള്ള സാധ്യതയുണ്ട്. ഇവിടെയാണ് എപ്പോക്സി രക്ഷകനായെത്തുന്നത്. ടൈൽ ഒട്ടിക്കാനും എപ്പോക്സി ഗ്രൗട്ട് ഉപയോഗിക്കുന്നു.

3


സിമന്റ് ബേസ്ഡ് ഗ്രൗട്ടിനു പകരം എപ്പോക്സി ബേസ്ഡ് ഗ്രൗട്ടാണ് ഇപ്പോൾ ജോയിന്റ് ഫില്ലറായി ഉപയോഗിക്കുന്നത്. റെസിനും ഹാർഡ്നറും ഫില്ലർ പൗഡറും ചേർത്തുണ്ടാക്കുന്ന ഉൽപന്നമാണിത്. കിലോയ്ക്ക് 900 രൂപ മുതലാണ് വില.  മികച്ച ഈട്, കറ പിടിക്കില്ല എന്നതാണ് എപ്പോക്സിയുടെ പ്രധാന ഗുണങ്ങൾ. സിമന്റ്  ബേസ്ഡ് ഗ്രൗട്ട് വാട്ടർപ്രൂഫ് അല്ല. അതിനാൽ വെള്ളവും കറയും ഇറങ്ങാനുള്ള സാധ്യതയുണ്ട്.
പലതരം എപ്പോക്സി വിപണിയിലുണ്ട്. കൂടുതൽ ഉപയോഗിക്കുന്നതും കൂടുതൽ വൃത്തിയും വേണ്ട ഇടങ്ങളിലേക്ക്, പ്രകാശം പ്രതിഫലിപ്പിച്ച് ആകർഷകത്വം കൂട്ടുന്നത്, ഫോട്ടോലൂമിനൻസ് വഴി രാത്രിയിൽ പ്രകാശിക്കുന്നത് എന്നിങ്ങനെ പുതുമയേറിയ എപ്പോക്സി ജോയിന്റ് ഫില്ലറുകളാണ് വിപണിയിലുള്ളത്.

2


ഇതുകൂടാതെ എപ്പോക്സി കൊണ്ട് ഫ്ലോറിങ്ങും ചെയ്യാം. എപ്പോക്സി ഫ്ലോറിങ്: വാണിജ്യസ്ഥാപനങ്ങളിലാണ് ഇതു കൂടുതലായും ചെയ്യുന്നതെങ്കിലും വീടുകളിലും ചെയ്തുവരുന്നുണ്ട്. പണി എളുപ്പം തീർക്കാം, ചെലവ് കുറവ്, ജോയിന്റുകളില്ല എന്നിവയാണ് ഗുണങ്ങൾ.
തറ കോൺക്രീറ്റ് ചെയ്തു കഴിഞ്ഞാൽ വെള്ളം നനച്ചതിനു ശേഷം എപ്പോക്സി ഫ്ലോറിങ് റോളർ ഉപയോഗിച്ച് പരത്താം. ധാരാളം ഉപയോഗം ഉള്ള ഇടങ്ങളിലാണ് കൂടുതൽ അനുയോജ്യം. ചതുരശ്രയടിക്ക് 35 രൂപ മുതലാണ് ചെലവ്.  ടെക്സ്ചർ ഫിനിഷ്, മെറ്റാലിക് ഫിനിഷ് എന്നിങ്ങനെ പലവിധത്തിൽ ചെയ്യാം.