നേരത്തെ കൺസ്ട്രക്‌ഷൻ രംഗത്തായിരുന്നതിനാൽ സ്വന്തം വീടിന്റെ കാര്യത്തിലും മറ്റൊരാളെ ശിവപ്രസാദിന് ആശ്രയിക്കേണ്ടി വന്നില്ല. പ്ലാനും ഡിസൈനുമൊക്കെ സ്വയം ചെയ്തു. ചേർത്തല തിരുനെല്ലൂരുള്ള വീട് തച്ചിന് ആളെ നിർത്തിയാണ് പണിതുയർത്തിയത്.
പഴയ രീതിയിൽ വരാന്തയുള്ള വീട് തന്നെയായിരുന്നു ആഗ്രഹം. 60 സെന്റുള്ള കുടുംബ പുരയിടത്തിൽ പഴയ വീട് നിലനിർത്തിയാണ് പുതിയ വീട് പണിതത്. മെയിൻറോഡിനോട് ചേർന്നാണ് പുതിയ വീട്. അധികം വീതിയില്ലാത്ത സ്ഥലമാണെന്ന വിഷമമാണ് ശിവപ്രസാദിന്. അല്ലെങ്കിൽ നാല് വശത്തും വരാന്ത കൊടുത്തേനെ.

കിഴക്കോട്ട് ദർശനമായ വീടിന് 2500 ചതുരശ്രയടി വിസ്തീർണവും അഞ്ച് ബെഡ്റൂമുകളും ഉണ്ട്. ഒരു ബെഡ്റൂമിനെ ഹോംതിയറ്ററായി മാറ്റിയെടുത്തു.

പഴയ വീടിന്റെ ലുക്ക് രണ്ട് കാര്യത്തിലാണ്. താഴെ വരാന്തയിലും മുകളിൽ വാർക്കാതെ കൊടുത്തിരിക്കുന്ന മേൽക്കൂരയിലും ഒാട് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നെ, വരാന്തയും. വരാന്തയിലെ ആറ് തൂണുകളും മുകളിൽ ടെക്സ്ചർ വർക്കിൽ കൊടുത്ത ചുവന്ന പെയിന്റും പഴയ വീടുകളുടെ ഒാർമ കൊണ്ടുവരും.

സൺഷേഡ് കൊടുത്തിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മുകളിലെ മൂന്ന് ബെഡ്റൂമിനും വരാന്തയുടെ സാമീപ്യവും കൊടുത്തു. ബെഡ്റൂമുകൾക്കൊക്കെ വെവ്വെറെ ടെക്സ്ചർ വർക് കൊടുത്തു.

ആഞ്ഞിലി, മഹാഗണി എന്നിവയിലാണ് തടിപ്പണി. എല്ലാ മുറികളിലും സീലിങ് വർക്കും അതിൽ ലൈറ്റിങ്ങും കൊടുത്തു മിന്നിച്ചു. സ്റ്റെയർകെയ്സിന്റെ പടികളിലും കാണാം ലൈറ്റിങ് പ്രഭ.

മുകളിലെ ലിവിങ് ഏരിയയിലാണ് പൂജാ ഏരിയ. ബാൽക്കണിയിലെ ചാരുപടിയും പഴയ രീതിയിലാണ്. പഴയ ചൂരൽ ഫർണിച്ചറുകളുമുണ്ട് മുകളിലെ ലിവിങ് ഏരിയയിൽ. ഒരു അക്വേറിയവും മറ്റു ചില പണികളുമൊക്കെ ശിവപ്രസാദിന്റെ മനസ്സിലുണ്ട്.