മഞ്ചേരിക്കടുത്ത് ചെരണിയിൽ ജംഷീദിന്റെ വീട് ആരെയും ഒന്നു കൊതിപ്പിക്കും. ഏകദേശം 20 ലക്ഷം രൂപ ചെലവിൽ അഞ്ച് സെന്റിനകത്ത് ചെയ്തിരിക്കുന്ന 1400 ചതുരശ്രയടി വീടാണിത്. ബന്ധുക്കൾ ഒരുമിച്ചു വാങ്ങിയ പ്ലോട്ടിന്റെ ഒരു ഭാഗമാണ് ജംഷീദിന് അവകാശപ്പെട്ടത്.
ജംഷീദിന്റെ സഹോദരൻ ഷാനവാസ് വീടിന്റെ നിർമാണം ഏറ്റെടുത്തപ്പോൾ കാര്യങ്ങൾ വേറെ ലെവലായി. കന്റെംപ്രറി ശൈലിക്കൊപ്പം സ്റ്റീൽ ട്രസ്സിൽ ഒാട് മേഞ്ഞ ഭാഗവും കൂട്ടിച്ചേർത്തപ്പോൾ ‘വീടിനൊരു ബോൾഡ് സ്റ്റേറ്റ്മെന്റ് കൊടുക്കാൻ കഴിഞ്ഞു’എന്ന് ഷാനവാസ് പറയുന്നു.
രണ്ട് പ്ലോട്ടിനെയും വേർതിരിക്കുന്ന മതിലിന് ഉയരം കൂട്ടി അവിടെ ചെറിയൊരു മുറ്റവും (yard space) ഉം സിറ്റ്ഒൗട്ടിനോട് േചർന്ന് മതിലിൽചാരി ഇരിക്കാനൊരിടവും (relaxing space) ഉം കൊടുത്തു. സിറ്റ്ഔട്ടും ലിവിങ് ഏരിയയും ഇതിനോടു ചേർന്നുവരുമ്പോൾ വീടിന് കൂടുതൽ വിസ്തൃതി അനുഭവപ്പെടുന്നു എന്നതാണ് ഇതിന്റെ ഗുണം.

എക്സ്റ്റീരിയർ ഭിത്തിയിലെ ‘ഗ്രൂവ്’ ഡിസൈനും അടുക്കളയുടെ ഭാഗത്ത് മുകളിലേക്ക് ഉയർത്തിയ പാരപ്പറ്റും ശ്രദ്ധിക്കപ്പെടാതെ തന്നെ വീടിന്റെ ആകർഷണീയത കൂട്ടുന്നു.
ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഭിത്തികൾക്ക് കോൺക്രീറ്റിന്റെ ഫിനിഷ് തന്നെ പലയിടത്തും നിലനിർത്തി. എന്നാൽ അതിന്റെ ടെക്സ്ചറുകളിൽ വ്യത്യാസം വരുത്തി.
മതിലിന്റെ ചാര നിറം കോൺക്രീറ്റിനോടു സാമ്യമുള്ളതാണ്. കോൺക്രീറ്റ് ഫിനിഷിലുള്ള മൂന്ന് ബീമുകൾ എക്സ്റ്റീരിയർ ഭിത്തിയുടെ ശ്രദ്ധ കവരുന്നു. തൂങ്ങിക്കിടക്കുന്ന (hanging) രീതിയിലുള്ള മുകളിലെ ബാൽക്കണിയുടെ സീലിങ് ശ്രദ്ധിച്ചാൽ കാണാം അതിലെ കലാവിരുതുകൾ. ഇലകൾ വച്ച് കോൺക്രീറ്റിങ് ചെയ്തതിനാൽ ഇലകളുടെ ആകൃതികൾ ഒത്തുചേർന്ന ‘ആർട്ടഡ് സ്ലാബ്’ ബാൽക്കണിക്കു മാത്രമല്ല, എക്സ്റ്റീരിയർ കാഴ്ചയ്ക്കും കൗതുകം നൽകുന്നുണ്ട്.

നിർമാണം ചെങ്കല്ല് വച്ച് സാധാരണ രീതിയിൽ ചെയ്തപ്പോൾ ഇൻറീരിയർ ഒരുക്കുന്നതിലാണ് ഷാനവാസ് ചെലവ് നിയന്ത്രിച്ചത്. എന്നാൽ, ഭംഗിയൊട്ടു കുറച്ചില്ലെന്നു മാത്രമല്ല, ഇന്റീരിയർ ആകർഷകമാക്കുകയും ചെയ്തു. മിക്ക മുറികളിലും ഒരു കോൺക്രീറ്റ് ചുവർ ടെക്സ്ചർ ചെയ്ത് നോട്ടപ്പുള്ളിയാക്കി. ഒാരോ ചുവരിനും കോൺക്രീറ്റിന്റെ ഒാരോ നിറഭേദങ്ങളാണ് എന്നതും ശ്രദ്ധേയം. ബാൽക്കണിക്കു പുറമേ, മറ്റു ചിലയിടത്തും സീലിങ് പെയിന്റ് ചെയ്യാതെ നിലനിർത്തി.
രണ്ട് കിടപ്പുമുറികളുള്ള വീടിന്റെ മുകൾനിലയിൽ ഒരു ലിവിങ് സ്പേസ് മാത്രമേയുള്ളൂ. ബാൽക്കണിയിലേക്കു തുറക്കുന്ന ജാളിയാണ് അവിടത്തെ അലങ്കാരം.
സിറ്റ്ഒൗട്ട് ഫ്ലോറിന് ബോർഡറിടാൻ ഗ്രാനൈറ്റ് ഉപയോഗിച്ചു. ബാക്കിയെല്ലായിടത്തും വിട്രിഫൈഡ് ടൈലുകളാണ്. ഗോവണിയുടെ പടികൾക്കാകട്ടെ ലപോത്ര ഫിനിഷിലുള്ള ഗ്രാനൈറ്റാണ്. കൈവരികൾ തീർത്തത് സ്റ്റെയിൻലെസ് സ്റ്റീലിന്റെ പട്ട കൊണ്ടാണെന്നത് കൗതുകം പകരുന്നു. ലിവിങ്ങിൽ വുഡ് ഫിനിഷിലുള്ള ടൈൽ ആണ് വിരിച്ചിരിക്കുന്നത്. അലുമിനിയം ഫാബ്രിക്കേഷനിലുള്ള ജനലുകൾ ഉപയോഗിച്ച് തടിയുടെ ഉപയോഗം കുറച്ചു.

ജംഷീദ് ആഗ്രഹിച്ച പോെല ഡൈനിങ് ഏരിയ നല്ല വലുപ്പത്തിലാണ് ചെയ്തിരിക്കുന്നത്. ആശയങ്ങൾ മാത്രമല്ല, ഇരട്ടവീട് എന്നർഥം വരുന്ന ‘ജോർവൻ മഖാൻ’ എന്ന വീടിന്റെ ഉർദു പേരുവരെ അനിയൻ ഷാനവാസിന്റേതാണെന്ന് ജംഷീദ് അഭിമാനത്തോടെ പറയുന്നു. ‘‘വീട് വിചാരിച്ചതിനേക്കാൾ ഉഷാറാക്കി’’, എന്നു തന്നെയാണ് ജംഷീദിന്റെയും വിരുന്നുകാരുടെയും കമന്റ്.