Saturday 22 May 2021 12:16 PM IST : By സ്വന്തം ലേഖകൻ

പുതിയ കിച്ചൻ ഇങ്ങനെയാണ്, കാബിനറ്റ് ഷട്ടറുകളിൽ ഈ മെറ്റീരിയലുകളാണ് ട്രെൻഡ്

കാബിനറ്റുകളാണ് അടുക്കളയുടെ ഭംഗിയും ചെലവും സൗകര്യവും നിശ്ചയിക്കുന്ന പ്രധാന ഘടകം.

തടി കൊണ്ടുള്ള കിച്ചൻ കാബിനറ്റിന് എക്കാലത്തും ആരാധകരുണ്ട്.

കൂടാതെ, മറൈൻ പ്ലൈവുഡ്, ഫൈബർ വുഡ് (മൾട്ടിവുഡ്), എംഡിഎഫ് എന്നിവയാണ് കാബിനറ്റ് പണിയാൻ പൊതുവേയുള്ള ബേസ് മെറ്റീരിയലുകൾ. മറൈൻ പ്ലൈയും ഫൈബർ വുഡുമാണ് കൂടുതൽ നല്ലത്. രണ്ടാണെങ്കിലും നിലവാരമുള്ളത് വാങ്ങാൻ ശ്രദ്ധിക്കണം. ഫൈബർ വുഡ് ചൂട് അടിക്കുമ്പോൾ വളയാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ചിതലുള്ള ഇടങ്ങളിൽ ഫൈബർ വുഡ് ആണ് കൂടുതൽ നല്ലത്. ഷട്ടറിന് പ്ലൈ, ബാക്ക് പാനലിന് ഫൈബർ വുഡ് എന്ന കോംബിനേഷനും പലരും നൽകി വരാറുണ്ട്. നിലവാരം കൂടിയ ഫൈബർ വുഡിന് പ്ലൈവുഡിനേക്കാൾ വില കൂടും.

kitchen 1

ബേസ് മെറ്റീരിയലിനു മുകളിൽ വരുന്ന മെറ്റീരിയലുകളിലാണ് പുതുമകൾ സംഭവിച്ചിരിക്കുന്നത്. മുകളിലെ മെറ്റീരിയലുകൾ ഒട്ടിച്ചതിനുശേഷം കണ്ടാൽ ബേസ് മെറ്റീരിയലിന്റെ ഗുണനിലവാരം അറിയാൻ സാധിക്കില്ല. പ്ലൈവുഡും മൾട്ടിവുഡുമെല്ലാം പല നിലവാരത്തിൽ ലഭിക്കുന്നതിനാൽ കബളിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

kitchen 3

മുകളിൽ ഒട്ടിക്കുന്ന സാമഗ്രികൾക്ക് നിശ്ചിത കനം ഇല്ലെങ്കിൽ ഗുണമേന്മയെ ബാധിക്കും. പക്ഷേ, നിർദിഷ്ട കനത്തിലാണോ അവ നിർമിച്ചിരിക്കുന്നതെന്ന് കാഴ്ചയിൽ അറിയാൻ സാധിക്കില്ല.

പിവിസി മെംബ്രേൻ: ഏറ്റവും പുതിയ സാമഗ്രിയാണ് ഇത്. പിവിസിയായതു കൊണ്ട് ചൂടടിക്കുമ്പോൾ പ്രശ്നമുണ്ടാകുമോ എന്ന് പറയാറായിട്ടില്ല. കാരണം, ഇത് ഉപയോഗിച്ചു തുടങ്ങിയിട്ടേയുള്ളൂ എന്നതു തന്നെ. മറ്റു മെറ്റീരിയലുകളിൽ എഡ്ജ് ബാൻഡ് ചെയ്യേണ്ടി വരുമ്പോൾ ഇത് മടക്കി വച്ച് നിർമിക്കാം എന്നതാണ് ഗുണം. മീറ്ററിന് 220 രൂപയാണ് വില.

ഗ്ലാസ്: ഗ്ലാസ് ഷട്ടറിനും ഇഷ്ടക്കാർ ഇഷ്ടം പോലെയാണ്. ഗ്ലാസ് പ്ലൈവുഡിനു മുകളിൽ ഒട്ടിക്കാം. അല്ലെങ്കിൽ അലുമിനിയം പ്രൊഫൈലിൽ ചെയ്യാം. പല നിറങ്ങളിൽ ലഭിക്കും. ഗ്ലാസ് ഷട്ടറുകൾ വൃത്തിയാക്കാൻ എളുപ്പമാണ്. പക്ഷേ, മുറിയാൻ സാധ്യതയുള്ളതിനാൽ പണിക്കൂലി കൂടും. അപൂർവമായ നിറങ്ങൾ തിരഞ്ഞെടുത്താൽ ഭാവിയിൽ ഇവ വാങ്ങേണ്ട ആവശ്യം വന്നാൽ ലഭ്യമാകുമോ എന്നറിയില്ല. ഇതിന്റെ അനുകരണമായ പെയിന്റഡ് ഗ്ലാസ് വിപണിയിൽ ലഭ്യമാണ്; കബളിപ്പിക്കപ്പെടാതെ ശ്രദ്ധിക്കുക.

kitchen 2



ലാമിനേറ്റ്: മൈക്ക ഒട്ടിക്കുന്നതാണ് ലാമിനേറ്റ് എന്നറിയപ്പെടുന്നത്. ഇത് ആർട്ടിഫിഷ്യൽ പ്രിന്റഡ് ഷീറ്റ് ആണ്. ഏതു ഫിനിഷും മൈക്കയില്‍ ലഭ്യമാണ്. നനഞ്ഞാലും കുഴപ്പമില്ല. ചൂട് കൂടുതലാണെങ്കിൽ പൊളിയാനുള്ള സാധ്യതയുണ്ട്. പൊളിഞ്ഞാലും വീണ്ടുമൊട്ടിക്കാം. ചതുരശ്രയടിക്ക് 50 രൂപ മുതൽ ലഭിക്കും.

വെനീര്‍: യഥാർഥ തടിയുടെ പാളികളാണ് വെനീർ. നാടൻ തടികളുടെയും വിദേശ തടികളുടെയും അതേ ഫിനിഷിൽ ലഭിക്കും. വെള്ളം വീണാൽ കേടാകാനുള്ള സാധ്യതയുണ്ട്. ചതുരശ്രയടിക്ക് 50 രൂപ മുതലാണ് വില.



ഹൈ ഗ്ലോസി ഫിനിഷ്: ഓട്ടമോട്ടീവ് പെയിന്റ് ചെയ്ത് പിയു കോട്ടിങ്ങിലൂടെ ഗ്ലോസി ഫിനിഷ് നൽകുന്നതാണ് ഹൈ ഗ്ലോസി ഫിനിഷ്. ‘ഗ്ലിറ്ററിങ് ഇഫക്ടി’ലും ഇതു ചെയ്യാൻ സാധിക്കും.

kitchen 4
Tags:
  • Vanitha Veedu