Friday 12 June 2020 11:59 AM IST

പഴയമുറിയെ കലക്കൻ അടുക്കളയാക്കി; ടെറസിൽ മോഡേൺ കഫേയൊരുക്കിയ ലക്ഷ്മി നായർ മാജിക്!

Sunitha Nair

Sr. Subeditor, Vanitha veedu

lekshmi-kitchen

ലക്ഷ്മി നായരുടെ കുക്കിങ് വ്ളോഗ് കാണുന്നവരുടെയെല്ലാം കണ്ണുകളാദ്യം എത്തുന്നത് മനോഹരമായ കിച്ചനിലേക്കാണ്. നിറങ്ങളെ സ്നേഹിക്കുന്ന ലക്ഷ്മി കളർഫുൾ ആയാണ് അടുക്കള ഒരുക്കിയിട്ടുള്ളത്. ടെറസിലാണ് ഈ കിച്ചൻ ക്രമീകരിച്ചിരിക്കുന്നതെന്നതാണ് രസകരമായ വസ്തുത. കുറച്ചു വർഷങ്ങൾക്കു മുൻപ് മനോരമ മ്യൂസിക്കിനു വേണ്ടി കുക്കിങ് സിഡി ചെയ്തപ്പോഴാണ് ലക്ഷ്മി ഇരുനില വീടിന്റെ ടെറസിൽ മുറി കെട്ടുന്നത്. അന്ന് അവിടെയാണ് ഷൂട്ടിനു വേണ്ടി കിച്ചൻ സെറ്റ് ചെയ്തത്. പിന്നീട് ആ മുറി ഉപയോഗശൂന്യമായ സാധനങ്ങൾ കളയാനുള്ള ഇടമായി മാറി. വീടിനു പുറത്തു നിന്ന് ഇവിടേക്ക് പടികളുണ്ട്.

lekshmi-kitchen-5
lekshmi-kitchen-7

ഒരു വർഷം മുൻപ് സ്വന്തമായി കുക്കിങ് വ്ളോഗ് തുടങ്ങാൻ തീരുമാനിച്ചപ്പോൾ ലക്ഷ്മിയുടെ മനസ്സിലേക്ക് ആദ്യമെത്തിയത് ഈ മുറിയാണ്. നിലവിൽ രണ്ട് അടുക്കളകളുണ്ടെങ്കിലും അതിൽ ഒന്നിലാണ് ടിവി ചാനലിനു വേണ്ടിയുള്ള കുക്കറി പ്രോഗ്രാം ഷൂട്ട് ചെയ്യുന്നത്. " അതിൽ തന്നെ ഷൂട്ട് ചെയ്താൽ കാണുന്നവർക്ക് വെറൈറ്റി ഫീൽ ചെയ്യില്ലല്ലോ. അവതരിപ്പിക്കുന്ന ആൾ ഒന്നു തന്നെ. പശ്ചാത്തലത്തിനെങ്കിലും മാറ്റം വേണ്ടേ?" ലക്ഷ്മി പറയുന്നു. അങ്ങനെ വീണ്ടും ലക്ഷ്മി ടെറസിലേക്കു കയറി. പഴയ മുറി പുതുക്കിയെടുത്ത് അടിപൊളി കിച്ചൻ ആക്കി. കഫേ മാതൃകയിലാണ് പുതിയ അടുക്കള ഒരുക്കിയത്. ലക്ഷ്മിയുടെ എറണാകുളത്തെ ഫ്ലാറ്റ് ഡിസൈൻ ചെയ്ത ആർക്കിടെക്ട് പി.എസ്. ബിനോയ് ആണ് ഈ അടുക്കളയുടെ ഭംഗിക്കു പിന്നിലും.

lekshmi-kitchen-8
lekshmi-kitchen2

കുറച്ചു ഷെൽഫുകളൊക്കെ തിരുവനന്തപുരത്തു തന്നെ ആദ്യം ചെയ്യിച്ചുവെങ്കിലും അടുക്കളയുടെ സൗന്ദര്യവത്കരണത്തിനായി ലക്ഷ്മി ബിനോയിയെ തന്നെ സമീപിക്കുകയായിരുന്നു. വോൾപേപ്പറാണ് അടുക്കളയുടെ ഭംഗിക്ക് പ്രധാനമായും ഉപയോഗിച്ചത്. പ്രത്യേകം പറഞ്ഞു ചെയിച്ച വോൾപേപ്പർ കൊൽക്കത്തയിൽ നിന്ന് വരുത്തുകയായിരുന്നു.

lekshmi-kitchen-1
lekshmi-kitchen-4

കറുപ്പിൽ വാചകങ്ങളെഴുതിയ വോൾപേപ്പറാണ് കിച്ചന് കഫേ ഫീൽ നൽകുന്നത്. ഐലൻഡ് കിച്ചൻ വേണമെന്നായിരുന്നു ലക്ഷ്മിയുടെ ആഗ്രഹമെങ്കിലും അതു നടന്നില്ല. വളരെ വീതി കൂട്ടിയാണ് കൗണ്ടർ ടോപ് നിർമിച്ചത്. പറോട്ട ഉണ്ടാക്കാനുള്ള സൗകര്യം വരെ മുൻകൂട്ടി കണ്ടാണ് ലക്ഷ്മി ഈ ആവശ്യം ഉന്നയിച്ചത്. ഷൂട്ടിനുള്ള സൗകര്യം പ്രമാണിച്ച് ഹുഡ് നൽകിയിട്ടില്ല. ഭാവിയിൽ ബോറടിച്ചാൽ അടുക്കള പുതുക്കാനും എളുപ്പമാണെന്ന് ലക്ഷ്മി പറയുന്നു. വോൾപേപ്പർ മാറ്റിയാൽ മതി, കുറഞ്ഞ ചെലവിൽ അടുക്കള നവീകരിച്ചെടുക്കാം. കാബിനറ്റ് ആക്സസറികളെല്ലാം ഗുണമേന്മയുള്ളവയാണ് ഉപയോഗിച്ചത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ധാരാളം യാത്രകൾ ചെയ്യുന്ന ലക്ഷ്മി പല രാജ്യങ്ങളിൽ നിന്ന് വാങ്ങിയ സാധനങ്ങൾ കൊണ്ടാണ് അടുക്കളയുടെ മോടി കൂട്ടിയത്. അങ്ങനെ ഇഷ്ടത്തിനനുസരിച്ച് ഒരുക്കിയ ഈ അടുക്കളയിൽ കേരളത്തിന്റെ പാചക റാണി ഹാപ്പിയാണ്.

Tags:
  • Architecture