തൃശൂർ പുഴയ്ക്കൽ പാടത്തിനു നടുവിലാണ് ശോഭാ സിറ്റി. അവിടത്തെ ഫ്ലാറ്റുകളുടെ ജാലകങ്ങൾ പച്ചപ്പിലേക്കും ജലാശയത്തിലേക്കുമാണ് തുറക്കുന്നത്. കാറ്റും കാഴ്ചകളും തഴുകുന്ന 26ാം നിലയിലെ പെന്റ്ഹൗസിന്റെ അകത്തളമാണിത്. ശ്രീജിത്ത് കേശവനും സംഗീതയുമാണ് ഫ്ലാറ്റിന്റെ ഉടമസ്ഥർ. 2000 ചതുരശ്രയടിയിൽ ഡിസൈനർ പി.ആർ.ജൂഡ്സൺ ഒരുക്കിയ ലക്ഷ്വറി അപാർട്മെന്റിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

ലക്ഷ്വറി അപാർട്മെന്റിനു യോജിച്ച ഫോയർ ആണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. വെനീർ ക്ലാഡിങ് ചെയ്ത ഫോയറിന്റെ ഭിത്തിയിൽ സ്വർണത്തിളക്കമുള്ള കണ്ണാടി.

ഫോയറിൽ നിന്ന് ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കാം. ഫോയറിനോടു ചേർന്ന ഭിത്തിയിൽ വോൾ പേപ്പർ ഒട്ടിച്ചു. മൾട്ടിവുഡ് കൊണ്ട് ഡിസൈൻ കൊടുത്ത ഭിത്തിയിലെ ചില്ലുകൂട്ടിലാണ് ടിവി. ഇംപോർട്ടഡ് ലെതർ സോഫയാണ് ഈ ലിവിങ്ങിന്റെ ആകർഷക ഘടകങ്ങളിലൊന്ന്.

വെനീറിൽ കണ്ണാടിക്കഷണങ്ങൾ പതിപ്പിച്ച് ലിവിങ്ങിന്റെ ഭിത്തികൾ മനോഹരമാക്കി. ഊരിയെടുക്കാൻ കൂടി കഴിയുന്ന രീതിയിലാണ് ജിപ്സം സീലിങ്ങിൽ ലൈറ്റ് ഘടിപ്പിച്ചത്. ലൈറ്റ് മാറ്റാനോ എന്തെങ്കിലും അറ്റകുറ്റപ്പണികൾക്കോ സാധിക്കുന്ന വിധത്തിലാണ് ഇത്തരം ഭിത്തികളുടെ ക്രമീകരണം. ഭിത്തിയുടെ തുടർച്ചയായി സീലിങ് വരുന്ന വിധത്തിലാണ് ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്.

തടികൊണ്ടുള്ള വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിളാണ്. ഫ്ലാറ്റിലെ സ്ഥലപരിമിതി മനസ്സിൽ വച്ചാണ് ഇവിടത്തെ ഡൈനിങ് ടേബിളും കസേരകളും ക്രമീകരിച്ചത്. മൾട്ടിവുഡ് കൊണ്ടുള്ള ക്രോക്കറി ഷെൽഫ് ഡൈനിങ്ങിനെ ആകർഷകമാക്കുന്നു. ഡൈനിങ്ങിൽ സ്റ്റോൺ ക്ലാഡിങ് ചെയ്തിട്ടുണ്ട്. കറുപ്പും വെളുപ്പും കോംബിനേഷനാണ് അടുക്കളയ്ക്ക്. സ്ഥലപരിമിതി ഒഴിവാക്കാൻ ഓപൻ കിച്ചൻ തിരഞ്ഞെടുത്തു.

മൂന്ന് കിടപ്പുമുറികളാണ്. തിരക്കുള്ള ദിവസങ്ങളുടെ അവസാനം മനസ്സിനെ ശാന്തമാക്കുന്ന ഒരു വിശ്രമമാകണം എന്ന ലക്ഷ്യത്തോടെയാണ് കിടപ്പുമുറികൾ ഡിസൈൻ ചെയ്തത്. ഇളം നിറങ്ങൾ കിടപ്പുമുറികൾക്കു നൽകിയത് ഈ ചിന്ത മനസ്സിലുള്ളതിനാലാണെന്ന് ജൂഡ്സൺ പറയുന്നു. കുട്ടികളുടെ കിടപ്പുമുറി പർപ്പിൾ നിറത്തിലാണ്. പൂക്കളെയും പൂമ്പാറ്റകളെയും ഓർമിപ്പിക്കുന്ന ഡിസൈനാണ് ഈ മുറിക്ക്. എല്ലാ കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂമും ഡ്രസിങ് ഏരിയയും ക്രമീകരിച്ചു.

കടപ്പാട്: പി.ആർ. ജൂഡ്സൺ, ജൂഡ്സൺ അസോഷ്യേറ്റ്സ്, കൊച്ചി ഫോൺ- 86061 06662
