Thursday 24 December 2020 10:45 AM IST : By സ്വന്തം ലേഖകൻ

കൗണ്ടർ ടോപ്പിനോട് ഒട്ടിനിൽക്കുന്ന അടുപ്പാണ് മോഡുലർ കിച്ചനിലെ തീപ്പൊരി താരം! ഒതുക്കമുള്ള ഡിസൈൻ, ഉയർന്ന കാര്യക്ഷമത.. അറിയാം പുതിയ മോഡൽ ഹോബിന്റെ വിശേഷങ്ങൾ

hob1

കൗണ്ടർ ടോപ്പിനോട് ഒട്ടിനിൽക്കുന്ന അടുപ്പാണ് മോഡുലർ കിച്ചനിലെ തീപ്പൊരി താരം! ‘ഹോബ്’ എന്നാണിതിന്റെ വിളിപ്പേര്. പാതകത്തിനു മുകളിൽ എവിടെയും വയ്ക്കാമായിരുന്ന ടേബിൾ ടോപ്പ് സ്റ്റൗവിന്റെ പിന്മുറക്കാരാണ് കക്ഷി. കൗണ്ടർടോപ്പിൽ കട്ടിങ് നൽകി അതിനുള്ളിലേക്ക് ഇറക്കി വയ്ക്കുന്ന ‘ഇൻ ബിൽറ്റ്’ രീതിയിലാണ് ഇവ പിടിപ്പിക്കുക. നല്ല ഒതുക്കമുള്ള ഡിസൈൻ, ഉപയോഗിക്കാനുള്ള സൗകര്യം, വൃത്തിയാക്കാൻ എളുപ്പം എന്നിവയാണ് സ്വഭാവഗുണങ്ങ‌‌ൾ. രണ്ട് അടുപ്പ് അഥവാ ബർണർ ഉള്ളതാണ് ഏറ്റവും ചെറിയ ഹോബ്. അഞ്ച് ബർണർ ഉള്ളത് ഏറ്റവും വലുതും. 60 സെമീ മുതൽ 90 സെമീ വരെ വലുപ്പത്തിലാണ് ഇവ ലഭിക്കുക. ഏതുതരം ഹോബ് ആണ് പിടിപ്പിക്കുന്നത് എന്ന് തീരുമാനിക്കുകയും അതനുസരിച്ച് കൗണ്ടർടോപ്പ് മുറിച്ചിടുകയും വേണമെന്നതാണ് ശ്രദ്ധിക്കേണ്ട ആദ്യ പോയിന്റ്.

hob2

പാചകരീതിയും ഉപയോഗിക്കുന്ന പാത്രങ്ങളുടെ വലുപ്പവും കണക്കിലെടുത്തു വേണം ഏതു ഡിസൈൻ വേണം എന്നു തീരുമാനിക്കാൻ. ബർണറുകൾ തമ്മിൽ അത്യാവശ്യം അകലമുള്ളതാണ് ഉപയോഗിക്കാൻ സൗകര്യപ്രദം. പെട്ടെന്ന് വൃത്തിയാക്കാവുന്ന ടെംപേർഡ് ഗ്ലാസ് പ്രതലം, ഊർജം ലാഭിക്കുന്നതും ഈടുനിൽക്കുന്നതുമായ ബ്രാസ് ബർണർ, പാത്രം വയ്ക്കാനായി തുരുമ്പിക്കാത്ത കാസ്റ്റ് അയൺ സ്റ്റാൻഡ് എന്നിവയെല്ലാം മികച്ച ഹോബിന്റെ ലക്ഷണങ്ങളാണ്. ലൈറ്റർ ഉപയോഗിക്കാതെ നോബ് തിരിച്ചാൽ ഉടൻ തീ കത്തുന്ന ‘ഓട്ടോ ഇഗ്നീഷൻ’, നിശ്ചിത സമയത്തിനു ശേഷം തനിയെ തീ അണയുന്ന ‘ഓട്ടോ കട്ട്’ സൗകര്യങ്ങൾ ഒട്ടുമിക്ക മോഡലുകളിലുമുണ്ട്.ഗ്യാസ് അടുപ്പും ഇലക്ട്രിക് (ഇൻഡക്‌ഷൻ) അടുപ്പുമുള്ള ‘കോംബി മോഡൽ’ ഹോബും ലഭ്യമാണ്. വീട്ടുകാരുടെ ഇഷ്ടമനുസരിച്ച് കോംബിനേഷൻ തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്.ഹോബിൽ തന്നെ ഇലക്ട്രിക് ചിമ്മിനി (ഹുഡ്) കൂടി വരുന്ന ‘ഡൗൺ ഡ്രാഫ്റ്റ്’ മോഡലാണ് വിപണിയിലെ പുതിയ കാഴ്ച.13,000 രൂപ മുതൽ 55,000 രൂപ വരെ വിലയിൽ ഹോബ് ലഭ്യമാണ്. ഡൗൺ ഡ്രാഫ്റ്റ് മോഡലിന് രണ്ട് ലക്ഷത്തിന് മുകളിലാണ് വില.

വിവരങ്ങൾക്കു കടപ്പാട്:

ഹാക്കർ കിച്ചൻ, വൈറ്റില, കൊച്ചി

ആർഎകെ ഇന്റീരിയേഴ്സ്, ഇടപ്പള്ളി, കൊച്ചി

Tags:
  • Vanitha Veedu