Monday 10 September 2018 02:05 PM IST : By സുനിത നായർ

ഫർണിച്ചറിൽ കലയുടെ കയ്യൊപ്പ്

കണ്ടാൽ സ്കൂൾകുട്ടിയെന്നേ തോന്നൂ. സംസാരിച്ചു തുടങ്ങുമ്പോൾ പക്വതയും ആത്മവിശ്വാസവും തുളുമ്പുന്ന വാക്കുകള്‍. ഇത് ഫർണിച്ചർ ഡിസൈനർ ഉത്തര എൽ. സഖറിയാസ്. എണ്ണൂറ് ടീമുകൾ മാറ്റുരച്ച ന്യൂയോർക്ക് ഡിസൈൻ വീക്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 29 ടീമിൽ ഒന്ന് ഉത്തരയുടേതായിരുന്നു. ആർക്കിടെക്ട് ലാലിച്ചൻ സഖറിയാസിന്റെയും ആർക്കിടെക്ട് ജബീൻ സഖറിയാസിന്റെയും മകളായ ഉത്തരയ്ക്ക് ഫർണിച്ചർ ഡിസൈനിങ്ങിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളുമുണ്ട്.

എങ്ങനെയാണ് ഫർണിച്ചർ ഡിസൈനിങ്ങിലേക്ക് എത്തിയത്?

മാതാപിതാക്കൾ ആർക്കിടെക്ടുമാരായതുകൊണ്ട് കണ്ടുംകേട്ടും വളർന്നത് ആർക്കിടെക്ചറായിരുന്നു. അമ്മയുടെ പ്രോജക്ടുകളുടെ മിനിയേച്ചറുകൾ വീട്ടിൽ വന്ന് ഉണ്ടാക്കുമ്പോൾ ഞങ്ങൾ കുട്ടികളും കൂടെ കൂടുമായിരുന്നു. ആർക്കിടെക്ചർ പോലെ വലിയ ഒരു ഫീൽഡ് തിരഞ്ഞെടുക്കുന്നതിനേക്കാൾ അതിന്റെ ചെറിയ ഭാഗങ്ങളിലേക്കു ശ്രദ്ധ പതിപ്പിക്കാനായിരുന്നു എനിക്ക് താൽപര്യം. ഡൽഹി നിഫ്റ്റിൽ ബിരുദത്തിനു ചേർന്നപ്പോഴാണ് ഫർണിച്ചർ ഡിസൈനിങ്ങിലേക്കു ശരിക്കും ആകൃഷ്ടയാകുന്നത്. സാങ്കേതികമായ കാര്യങ്ങളേക്കാൾ തൊട്ടും അനുഭവിച്ചും അറിയാൻ കഴിയുന്ന ഫർണിച്ചർ ഡിസൈനിങ് എന്റെ മനസ്സ് കീഴടക്കി. അങ്ങനെയാണ് ഞാൻ ഫർണിച്ചർ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം എടുക്കുന്നത്.

ഫർണിച്ചർ ഡിസൈനിങ് എന്ന പ്രഫഷനെക്കുറിച്ച് കേരളത്തിൽ അധികമാർക്കുമറിയില്ല. ഈ രംഗത്തുള്ള മലയാളികളും കുറവാണ്. എന്താണിതിനു കാരണം?

ഇവിടെയുള്ളവർക്ക് ഇതിനേക്കുറിച്ച് കൂടുതൽ അറിയില്ല എന്നതു ശരിയാണ്. സത്യത്തിൽ ഫർണിച്ചർ ഡിസൈനിങ് എന്നത് ഇവിടെ കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അത് ‘ഫർണിച്ചർ ഡിസൈനിങ്’ എന്ന പേരിൽ അറിയപ്പെടുന്നില്ലെന്നു മാത്രം. നമ്മുടെ ക്രാഫ്റ്റും മറ്റും വളരെ സമ്പന്നമാണ്. ഇവിടത്തെ പരമ്പരാഗത ഡിസൈനും വിദേശത്തെ അനുഭവങ്ങളും സമന്വയിപ്പിച്ചുള്ള ഡിസൈനാണ് എന്റെ ലക്ഷ്യം.

ഒരു ഫർണിച്ചർ ഡിസൈൻ ചെയ്യുമ്പോൾ അടിസ്ഥാനപരമായി ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

എണ്ണൂറോളം റീടെയ്ൽ കടകളിലേക്ക് ഫർണിച്ചർ വിതരണം ചെയ്യുന്ന ഒരു വലിയ സ്ഥാപനത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. 2020 ലേക്കു വേണ്ടിയുള്ള ഫർണിച്ചറാണ് ഇപ്പോൾ ഡിസൈൻ ചെയ്യുന്നത്. വേഗത്തിനാണ് അവിടെ പ്രാധാന്യം. ട്രെൻഡും ഫങ്ഷനൽ വിശദാംശങ്ങളും അവർ നൽകും. അതനുസരിച്ചു ഡിസൈൻ ചെയ്താൽ മാത്രം മതി. ഫങ്ഷനാലിറ്റിക്കുള്ള പ്രാധാന്യം കാരണം ആവർത്തന വിരസമായ ഡിസൈനുകളാണ് അവിടെ കൂടുതലും. അങ്ങനെയാണ് ‍ഞാനും എന്റെ സുഹൃത്ത് പലാഷ് ചൗധരിയും കൂടി ചേർന്ന് സോഫ്റ്റ് ‍‍‍ജ്യോമട്രി എന്ന പേരിൽ ഫർണിച്ചർ ഡിസൈനിങ് ബ്രാൻഡ് ആരംഭിച്ചത്.

ഫർണിച്ചർ ഡിസൈൻ ‘ഫങ്ഷനൽ ആർട്’ ആണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മെറ്റീരിയലുകളിലും മറ്റും ഒട്ടേറെ പരീക്ഷണങ്ങൾക്കുള്ള അവസരമുണ്ട്. ഞങ്ങൾ രണ്ടു പേരും സ്വന്തം കൈകൊണ്ട് ഫർണിച്ചർ ഉണ്ടാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ്. ഫർണിച്ചറിന്റെ കലാമൂല്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതാണ് ഞങ്ങളെ ആവേശം കൊള്ളിക്കുന്നത്. ഇന്ത്യയിലേക്കു മടങ്ങിയെത്തി പരീക്ഷണങ്ങൾ തുടരണമെന്നാണ് ആഗ്രഹം.

ന്യൂ യോർക്ക് ഡിസൈൻ വീക്കിന്റെ വിശേഷങ്ങൾ പറയൂ...

അതിലേക്ക് ഡിസൈൻ ചെയ്തതെല്ലാം ഞങ്ങളുടെ കൈ കൊണ്ടുണ്ടാക്കിയവയാണ്. മെറ്റൽ ഫ്രെയിം വെൽഡ് ചെയ്യിപ്പിച്ച് ബാക്കിയെല്ലാം തനിയെ ഉണ്ടാക്കി. ചൂരൽ മെടയുന്നത് എനിക്ക് എന്നും കൗതുകമായിരുന്നു. അതു ചെയ്യാൻ പറ്റി. കുഷൻ എല്ലാം മാറ്റാൻ പറ്റുന്നവയാണ്. അപ്പോൾ ഫർണിച്ചറിന്റെ ഭാവം തന്നെ മാറും. വൈകാരികമായ ബന്ധം തോന്നിയിട്ടാവണം ഞങ്ങളുടെ ഫർണിച്ചർ വാങ്ങേണ്ടത്.

എർഗണോമിക്സിന് ഫർണിച്ചർ ഡിസൈനിൽ എത്ര പ്രാധാന്യമുണ്ട്?

ഞാൻ പറഞ്ഞല്ലോ, റീടെയ്ൽ സ്ഥാപനത്തിലാണ് ജോലി എന്ന്. അവിടെ കസേര, ഊണുമേശ അങ്ങനെ ഓരോന്നിനും നിശ്ചിത അളവുകൾ പാലിക്കേണ്ടതുണ്ട്. ഏതുറക്കത്തിൽ വിളിച്ചു ചോദിച്ചാലും ആ അളവുകൾ എനിക്കു കാണാപ്പാഠമാണ്. എന്നാൽ, ചിലപ്പോഴൊക്കെ നമുക്കു തോന്നും ഈ നിയമങ്ങളെ ചോദ്യം ചെയ്യണമെന്ന്. ഒരു ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്ന് ചെയ്യുന്നതിന് പരിധികളുണ്ടാവുമല്ലോ. ഒരു കോഫിടേബിളിന് അതിനുള്ള മൂല്യമുണ്ടെങ്കിൽ കുനിഞ്ഞ് സാധനങ്ങൾ വയ്ക്കാനും നമ്മൾ മടിക്കില്ല, അല്ലേ?ഞങ്ങൾ സോഫ്റ്റ് ജ്യോമട്രിയിലൂടെ ശ്രമിക്കുന്നതും അതിനാണ്. ഉപയോഗത്തിന് എപ്പോഴും പ്രാധാന്യം വേണമെന്നില്ല. കൗതുകമുണർത്തുന്ന, ഇതെന്താണിങ്ങനെ എന്ന ചോദ്യങ്ങളുണർത്തുന്ന ഡിസൈനാണ് കൂടുതൽ ആവേശകരം.

നിങ്ങളുടെ ഓഫിസ് ചെയറിന്റെ അളവുകൾ ശരിയല്ലെങ്കിൽ കഴുത്തുവേദന വരും. അവിടെ പരീക്ഷണങ്ങൾ പാടില്ല. എന്നാൽ മേശകൾ, പ്രത്യേകാവസരങ്ങൾക്കുള്ള ഫർണിച്ചർ, ലിവിങ് റൂം ഫർണിച്ചർ എന്നിവയുടെ ഡിസൈനിൽ സ്വാതന്ത്ര്യമെടുക്കാം.

സോഫ്റ്റ് ജ്യോമട്രിയെക്കുറിച്ച്?

ഇന്ത്യൻ ഹാൻഡിക്രാഫ്റ്റ്സും മാസ് മാനുഫാക്ചറിങ്ങും സമന്വയിപ്പിക്കുകയാണ് ലക്ഷ്യം. മോഡേൺ, കറന്റ് ആയ ഫർണിച്ചറിനാണ് പ്രാധാന്യം. ചൂരൽ, ഇന്ത്യൻ ടെക്സ്റ്റൈൽ എന്നിവയൊക്കെ മോഡേൺ ആയി ഉപയോഗിക്കാനാണ് ശ്രമം. ഒരു ശിൽപമുണ്ടാക്കുന്നതു പോലെയാണ് ഞങ്ങൾ ഒരു ഫർണിച്ചർ ഡിസൈൻ ചെയ്യുന്നത്. ഒരു പെയിന്റിങ് വാങ്ങുന്നത് അത് എത്ര നാൾ ഉപയോഗിക്കും എന്നു നോക്കിയല്ല. പകരം കാഴ്ചയിൽത്തന്നെ അത് വാങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുകയാണ്. അത്തരം ഫർണിച്ചറാണ് ഞങ്ങളുടെ സ്വപ്നം. ആളുകൾക്ക് വൈകാരികമായി അടുപ്പം തോന്നുന്ന ഫർണിച്ചർ അവർ കൂടുതൽ കാലം ഉപയോഗിക്കും.

ഫർണിച്ചർ ഡിസൈനിലെ ആഗോള ട്രെൻഡ്?

ബ്രാൻഡുകളോടുള്ള താൽപര്യം കുറഞ്ഞു. പകരം പ്രാദേശികമായി അവരവർക്കു വേണ്ടത് ഡിസൈൻ ചെയ്യിക്കുകയോ ഫർണിച്ചർ ബുട്ടീക്കുകളിൽനിന്ന് മറ്റാർക്കുമില്ലാത്ത ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുകയോ ചെയ്യുന്നു. ലളിതമായ ആകൃതികളോടുള്ള താൽപര്യമാണ് ഡിസൈനിലെ ട്രെൻഡ്. Architectural, Basic shapes ആണ് പുതിയ ഡിസൈനുകളിൽ കാണാനാവുക. ■