അമ്മയെ ഈശ്വരനെപ്പോലെ കണ്ട മകൻ! അമ്മ ഈ ലോകത്തില്ല എന്ന് അറിഞ്ഞിട്ടും അമ്മയുമായി സംവദിക്കുന്നയാൾ!ഫൊട്ടോഗ്രഫറായ ഉണ്ണി കോട്ടയ്ക്കലിന്റെ പുതിയ വീട്ടിൽ മുക്കിലും മൂലയിലും അമ്മയുണ്ട്. ‘അമ്മ പൂംപുഹാർ’ എന്ന ഈ വീട്ടുപേര് മതി ഉണ്ണിയ്ക്ക് അമ്മയോടുള്ള അടുപ്പം തിരിച്ചറിയാൻ. പേരിലെ പൂംപുഹാർ എന്താണെന്ന് ഉണ്ണി തന്നെ പറഞ്ഞുതരും. ‘‘ചിലപ്പതികാരത്തിലെ കോവലനും കണ്ണകിയും താമസിച്ചിരുന്ന നഗരമാണ് പൂംപുഹാർ. ആ പേരിനൊപ്പം അമ്മ എന്നുകൂടി ചേർത്തു.’’ തൃശൂർ നഗരപ്രാന്തത്തിലുള്ള കുറ്റുമുക്കിലെ അഞ്ച് സെന്റിലാണ് അമ്മ പൂംപുഹാറിന്റെ നിർമാണം. ഉണ്ണി കോട്ടയ്ക്കലിന്റെ ചിന്തകളും സ്വപ്നങ്ങളും കെട്ടിട രൂപത്തിലാക്കിയത് തൃശൂർ ഡിഡി ആർക്കിടെക്ട്സിലെ ആർക്കിടെക്ട് എം. എം. വിനോദ് കുമാറും ടീമും ആണ്. ഉണ്ണിയും അ ച്ഛനും മാത്രമുള്ള കുടുംബം. അതുകൊണ്ടുതന്നെ കൂടുതൽ മുറികളോ അലങ്കാരങ്ങളോ ആവശ്യമില്ലായിരുന്നു.
ലളിതമായ ഘടനയും നിർമാണരീതികളും പിൻതുടർന്ന അമ്മ പൂംപുഹാറിനെ തേടി ദേശീയ തലത്തിലുള്ള പുരസ്കാരങ്ങളുമെത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സിന്റെ (IIID) ഇൗ വർഷത്തെ അവാർഡുകളിൽ റെസിഡൻഷ്യൽ വിഭാഗത്തിൽ പ്രത്യേക പരാമർശമാണ് ഈ വീട് നേടിയത്. 900 ചതുരശ്രയടിയുള്ള വീട് പൂർണമായും പഴയ നിർമാണസാമഗ്രികൾ പുനരുപയോഗിച്ചാണ് നിർമിച്ചത് എന്നതാണ് പ്രധാന കാര്യം. തൃശൂരിലെ ഒരു ഓട്ടുകമ്പനി പൊളിച്ചപ്പോൾ കിട്ടിയ, പഴയ രീതിയിൽ നിർമിച്ച ഇഷ്ടിക കൊണ്ടാണ് ഭിത്തികളുടെ നിർമാണം. മേൽക്കൂരയിൽ പതിച്ച ഓടിനും ട്രസ്സ് അകത്തുനിന്ന് കാണുന്നതിൽ നിന്നു മറയ്ക്കാൻ ഉപയോഗിച്ച സീലിങ് ഓടിനും വേണ്ടി വേറെയെങ്ങും അലയേണ്ടിവന്നില്ല. പൊളിച്ച ഓട്ടുകമ്പനിയിൽനിന്ന് അതും ലഭിച്ചു.
പഴയ നിർമാണവസ്തുക്കളുടെ വിപണിയിൽ നിന്നു ശേഖരിച്ചതാണ് ജനലുകളും വാതിലുകളും. ഫർണിച്ചർ വളരെ കുറവാണ്. മിക്കവയും ജനലിനോടു ചേർന്ന ഇൻ-ബിൽറ്റ് ഫർണിച്ചർ. തടി കൊണ്ടുള്ള ആട്ടുകട്ടിൽ പോലെ, പല ഫർണിച്ചറും പഴയ തടി വിപണിയിൽ നിന്നു കണ്ടെത്തിയവ. വീടിനകത്തേക്കു കയറുമ്പോൾ ആദ്യം ശ്രദ്ധ പതിയുക നിലത്തേക്കാണ്. ഗ്രീൻ ഓക്സൈഡ് വിരിച്ച നിലം ഒരു ജലാശയം പോലെ തോന്നിക്കുന്നു. പല ഭിത്തികളും പ്ലാസ്റ്റർ ചെയ്യാതെ തനതു സൗന്ദര്യം കാത്തു സൂക്ഷിച്ചിരിക്കുന്നു. കോൺക്രീറ്റിന്റെ ഉപയോഗം വളരെ കുറവായതുകൊണ്ടുതന്നെ വീടിനുള്ളിൽ ചൂടും കുറവാണെന്ന് വീട്ടുകാർ പറയുന്നു.
ഓപൻ സ്ട്രക്ചർ ആണ് അകത്തളത്തിൽ പിൻതുടർന്നിരിക്കുന്നത്. ‘L’ ആകൃതിയുള്ള വരാന്തയിൽ നിന്ന് അകത്തേക്കു കയറുമ്പോൾ സ്വീകരണമുറി. സ്വീകരണമുറിയുടെ ജനലിനോടു ചേർന്ന ഇൻബിൽറ്റ് ഇരിപ്പിടം ആവശ്യം വ ന്നാൽ ഒരാൾക്ക് കിടക്കാൻ കൂടി സൗകര്യമുള്ളതാണ്. ഒരു ട്രെയിൻ ബെർത്തിന്റെ നീളവും വീതിയുമുണ്ടിതിന്. സ്വീകരണമുറിയിൽ നിന്ന് രണ്ട് പടി താഴ്ത്തി, നടുമുറ്റത്തിനു ചുറ്റും ഡൈനിങ്ങും അടുക്കളയും ക്രമീകരിച്ചിരിക്കുന്നു. ഊണുമുറിക്ക് സ്ഥലം വിട്ടിട്ടുണ്ടെങ്കിലും ഊണുമേശയോ കസേരയോ ഇടുന്നതിനോട് ഉണ്ണിക്ക് യോജിപ്പില്ല. അതുകൊണ്ടുതന്നെ തുറന്ന അടുക്കളയുടെ സ്ലാബ്, ബ്രേക്ക്ഫാസ്റ്റ് ടേബിൾ പോലെ നിർമിച്ച് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കി. ഡൈനിങ് ഏരിയയിലും ജനലിനോടു ചേർന്ന് ഇൻബിൽറ്റ് സീറ്റിങ് ഉണ്ട്.ഈ വീടിന്റെ ശ്രദ്ധാകേന്ദ്രമാണ് കോർട്‌യാർഡ്. പകൽ കൃത്രിമവെളിച്ചം ആവശ്യമേയില്ലാത്ത വിധത്തിൽ വീടിനുള്ളിലേക്ക് പ്രകാശമെത്തിക്കുന്നു കോർട്‌യാർഡ്. മുകൾവശം തുറന്നിരിക്കുന്നതിനാൽ കാറ്റും നന്നായി കയറിയിറങ്ങും. കോർട്‌യാർഡിന്റെ ചുറ്റുമുള്ള തിണ്ണ പ്രധാന ഇരിപ്പിടമായി പ്രയോജനപ്പെടുത്തുകയുമാകാം.ബാത്റൂം അറ്റാച്ഡ് ആയ ഒരു കിടപ്പുമുറിയാണുള്ളത്. പൊതുവായി ഉപയോഗിക്കാവുന്ന മറ്റൊരു ബാത്റൂം കൂടിയുണ്ട്. കെ. ജി. രഘുറാം ആയിരുന്നു നിർമാണത്തിന്റെ കോൺട്രാക്ടർ.
പഴയ വീടുകളുടെ സ്വന്തമായിരുന്ന വിശറിയും അമ്മിയും ഉരലും തടുക്കപ്പായയും ചാരുകസേരയും തൂക്കുവിളക്കും ആട്ടുകട്ടിലും എല്ലാം ഇവിടെ കാണാം. പഴമയോടുള്ള ഉണ്ണിയുടെ താൽപര്യം തന്നെയാണ് ഇതിനു പിന്നിൽ. തെയ്യത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് ചെയ്ത സിമന്റ് റിലീഫ് വർക്കാണ് ഭിത്തികളിൽ ആകെയുള്ള അലങ്കാരം.നിർമാണച്ചെലവ് 12 ലക്ഷത്തിൽ ഒതുങ്ങാനുള്ള പ്രധാന കാരണം പഴയ നിർമാണവസ്തുക്കൾ പുനരുപയോഗിച്ചതും മുറികളുടെയും ഭിത്തികളുടെയും എണ്ണം കുറച്ചതുമൊക്കെ തന്നെ. ഭിത്തികളുടെ അ രികുകൾ മാത്രമാണ് തേച്ചത് എന്നതും ചെലവു കുറച്ചു. ഇതുവഴി പെയിന്റിങ് ചെലവും കുറവാണ്. വീട്ടുകാരുടെ ലളിത ജീവിതമാണ് ഇതിനെല്ലാം ആധാരം എന്നത് എടുത്തു പറയേണ്ടതാണ്. നിർമാണം കഴിഞ്ഞതോടെ അഞ്ച് സെന്റിലെ അവശേഷിച്ച സ്ഥലത്ത് ചെടികളും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് വീടിനെ പ്രകൃതിയുടെ ഭാഗമാക്കി.
ഡിസൈൻ: ആർക്കിടെക്ട് എം. എം വിനോദ് കുമാർ, ഡിഡി ആർക്കിടെക്ട്സ്, തൃശൂർ, mail@ddarchitects.in, 9895177532