വലിയ വീട്ടു വളപ്പ്. അതിനു നടുവിലെ വീടിനു മുന്നിൽ പൂച്ചെടികൾ നിറഞ്ഞ മുറ്റവും പിറകിൽ വാഴയും പച്ചക്കറിയും നിറഞ്ഞ പിൻമുറ്റവും. പത്തിരുപത് കൊല്ലം മുൻപ് വരെ ഇതായിരുന്നു കേരളത്തിലെ വീടുകൾ. ഇന്ന് പത്ത് സെന്റ് പോലും ലക്ഷ്വറിയാണ്. മുറ്റത്ത് സ്ഥലമുണ്ടെങ്കിലും നടക്കാൻ ആളില്ല, സമയമില്ല. ജീവിതശൈലിയിലെ ഈ മാറ്റങ്ങൾ വീടുകളിലും പ്രതിഫലിക്കുന്നുണ്ട്.
തൃശൂർ ജില്ലയിലെ ചൂണ്ടലിലുള്ള ഈ വീടിന് ആർക്കിടെക്ട് ടീം കൊടുത്ത പേര് ‘ഇൻവേഡ് (inward) ഹൗസ് എന്നാണ്. അകത്തേക്കു വിളിക്കുന്ന വീട് എന്നു തർജമ. സ്ഥലപരിമിതിയും വീട്ടുകാരുടെ ജീവിതരീതിയും പരിഗണിച്ചപ്പോൾ എല്ലാ ആവശ്യങ്ങളും അകത്തുതന്നെ ഉൾക്കൊള്ളുന്ന വീട് എന്ന ആശയം രൂപപ്പെട്ടു.
‘ആർക്സ്റ്റേഷൻ ആർക്കിടെക്ട്സി’ലെ രോഹിത്തിന്റെ കസിനാണ് വീട്ടുകാരി ദീപ. വീടുവയ്ക്കാനുള്ള സ്ഥലം വാങ്ങുന്ന ഘട്ടം മുതൽ വീട്ടുകാർ രോഹിത്തിന്റെ അഭിപ്രായം തേടിയിരുന്നു. ആറേമുക്കാൽ സെന്റ് ആണ് പ്ലോട്ട്. ഇത് ഹൗസിങ് കോളനിയിലായതിനാൽ ചുറ്റുപാടും വീടുകൾ തന്നെയാണ്. ആകർഷകമായ പുറംകാഴ്ചകൾക്ക് സാധ്യത കുറവാണ് എന്നതും, ജോലിക്കാരായ ദമ്പതികളും വിദ്യാർഥികളായ മക്കളും പകൽ സമയത്ത് വീട്ടിൽ ഉണ്ടാകില്ല എന്നതും വീടിന്റെ സൗകര്യങ്ങൾ അകത്തേക്കു കേന്ദ്രീകരിക്കുന്നതിനു കാരണമായി.
അധ്യാപകരായ ബിജുവിന്റെയും ദീപയുടെയും താൽപര്യപ്രകാരം, ട്രെഡീഷനൽ ഘടകങ്ങൾ ഇടകലർന്ന ട്രോപിക്കൽ കന്റെംപ്രറി ശൈലിയാണ് വീടിനു സ്വീകരിച്ചത്.
ഫ്ലാറ്റ് ആയതും ഓടിട്ടതുമായ മേൽക്കൂരകൾ ഇവിടെകാണാം. സിറ്റ്ഔട്ടിന്റെയും സ്വീകരണമുറിയുടെയും ഒരു കിടപ്പുമുറിയുടെയും മേൽക്കൂര ചരിച്ചു വാർത്ത് ഓടിട്ടതും മറ്റു ഭാഗങ്ങൾ നിരപ്പായി വാർത്തതുമാണ്. പുറത്തുനിന്നു കാണുമ്പോൾ രണ്ട് നിലകൾക്കുമിടയിൽ ഒരു ‘ഇന്റർമീഡിയേറ്റ്’ നില കൂടിയുണ്ടെന്നു തോന്നും. മുകളിലെ ബെഡ്റൂമിനോടു ചേർന്ന ബാത്റൂമിന്റെ മേൽക്കൂര, ഉയരം കുറച്ച് മുകളിലെയും താഴത്തെയും നിലകളുടെ മധ്യത്തിലാക്കിയതാണിത്. വീടിന്റെ പുറംകാഴ്ച കുറച്ചുകൂടി ആകർഷകമാക്കാൻ ഇടയിലെ ഈ നില സഹായിച്ചു. മാത്രമല്ല, ഓരോ മുറിയുടെയും ലിന്റലിനു മുകളിൽ ജനൽ കൊടുത്ത് ചൂടുവായു പുറത്തുകളയുന്നു.
വീടിനുള്ളിൽ വെളിച്ചവും വായുസഞ്ചാരവും നല്ലതുപോലെയുണ്ടാകണം എന്നത് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് തുടങ്ങിയ പബ്ലിക് ഏരിയകളിലെല്ലാം തന്നെ വലിയ ജനലുകളും സ്ലൈഡിങ് ഗ്ലാസ് വാതിലുകളും നൽകി ക്രോസ് വെന്റിലേഷനും വെളിച്ചവും ഉറപ്പുവരുത്തി.
ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വരുമ്പോൾ ഒരുമിച്ചിരുന്നു സംസാരിക്കാൻ ഇടമുണ്ടാകണം എന്നതായിരുന്നു വീട്ടുകാരുടെ ഒരു പ്രധാന ആവശ്യം. ലിവിങ്–ഡൈനിങ്– ഫാമിലി ലിവിങ് ഈ മൂന്ന് ഇടങ്ങളും പരസ്പരം തുറന്നിരിക്കുന്ന രീതിയിൽ നിർമിച്ചതിനാൽ ചെറിയ കൂട്ടായ്മകൾക്ക് മറ്റൊരു സ്ഥലം അന്വേഷിക്കേണ്ട. ഗോവണിയുടെ ആദ്യത്തെ രണ്ട് പടികൾ ഇരിക്കാനുള്ള സൗകര്യം കൂടിയുള്ളതാണ്.
കോർട്‌യാർഡിലും മറ്റ് ഏരിയകളിലും ഇൻഡോർ പ്ലാന്റ്സ് വച്ച് അകത്ത് പരമാവധി പച്ചപ്പ് ഉൾപ്പെടുത്തി. ഗോവണിയുടെ താഴെയും മാസ്റ്റർ ബെഡ്റൂമിലുമുള്ള കോർട്‌യാർഡുകൾ കൂടാതെ ഫാമിലി ലിവിങ്ങിൽ നിന്ന് പാഷ്യോയുമുണ്ട്.
താഴെയും മുകളിലും രണ്ട് കിടപ്പുമുറികൾ വീതമാണ്. എല്ലാ മുറികളിലും ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. വോക്ക്ഇൻ വാഡ്രോബുകൾ സജ്ജീകരിച്ച് ഈ ആവശ്യം നിറവേറ്റി. മുകളിലെ ലിവിങ്ങിലെ ഫർണിച്ചർ സ്റ്റോറേജ് സൗകര്യം കൂടിയുള്ളതാണ്.
അകത്തളം വിശാലമായി തോന്നിക്കാൻ ഇളംനിറങ്ങളാണ് ഉപയോഗിച്ചത്. ഫർണിഷിങ്ങിലൂടെയാണ് മുറിയിൽ നിറങ്ങൾ കൊണ്ടുവന്നത്. ഫ്ലോറിങ്ങിന് ഐവറി നിറമുള്ള വിട്രിഫൈഡ് ടൈൽ. ഒരേ നിറം ഉണ്ടാക്കുന്ന മടുപ്പ് ഇല്ലാതാക്കാൻ മുകളിലെ ലിവിങ്ങിന്റെ സീലിങ്ങിലും മാസ്റ്റർ ബെഡ്റൂമിലെ കോർട്‌യാർഡിലുമെല്ലാം സിമന്റ് ഫിനിഷ് നൽകി.
Design Details- Area: 2130 sqft Owner: കെ. എൻ. ബിജു & ദീപ Location: ചൂണ്ടൽ, കുന്നംകുളം, Design: ആർക്സ്റ്റേഷൻ ആർക്കിടെക്ട്സ്, പെരിന്തൽമണ്ണ archstationpmna@gmail.com