തൃപ്പൂണിത്തുറ മാമലയിലെ ആറ് സെന്റിൽ വീട് പണിയുമ്പോൾ മിഥുനും ശ്രീലക്ഷ്മിക്കും കുറെയേറെ ആഗ്രഹങ്ങളുണ്ടായിരുന്നു. നാല് കിടപ്പുമുറികള്‍, ഹോം തിയറ്റർ, പുറത്ത് ടോയ്‌ലറ്റ് എന്നിങ്ങനെ ആവശ്യങ്ങളുടെ പട്ടിക നീണ്ടപ്പോൾ ഡിസൈനർമാരായ ജിതിനും സൽജനും ആദ്യമൊന്നു പകച്ചു. ആറ് സെന്റിൽ ഇവയെല്ലാം എങ്ങനെ ഉൾക്കൊള്ളിക്കുമെന്നതായിരുന്നു ടെൻഷൻ.

എന്നാൽ വീതിയുള്ള പ്ലോട്ടായതിനാൽ 2750 ചതുരശ്രയടിയുള്ള വീട്ടിൽ എല്ലാം വളരെ ഭംഗിയായി ഉൾക്കൊള്ളിക്കാൻ പറ്റി എന്നാണ് ഇവർ പറയുന്നത്. മുന്നിൽ വീതി കൂടുതലും പിന്നിലേക്ക് കുറവുമായ പ്ലോട്ടാണ്. കിടപ്പുമുറികൾ ഒഴിച്ച് ബാക്കിയെല്ലാ ഇടങ്ങളും ഓപ്പൻ ആയതിനാൽ വീടിനുള്ളിൽ നിറയെ കാറ്റും വെളിച്ചവും ലഭിച്ചു.

വിശാലമായ സിറ്റ്ഔട്ടാണ്. ലിവിങ്ങും ഡൈനിങ്ങും തമ്മിൽ പാർട്ടീഷൻ നൽകിയിട്ടുണ്ട്. സ്റ്റെയർകെയ്സിനു താഴെ ഫാമിലി ലിവിങ് ഒരുക്കി. ഗോവണിയുടെ ആദ്യത്തെ കുറച്ചു പടികൾ ഗ്രാനൈറ്റിലും മധ്യഭാഗം തേക്കിലും ബാക്കി ഭാഗം വീണ്ടും ഗ്രാനൈറ്റിലുമാണ്. ഡൈനിങ്ങിൽനിന്ന് പുറത്തേക്ക് പാഷ്യോ ഉണ്ട്. സ്ലൈഡിങ് വാതിൽ വഴി ഇവിടേക്കിറങ്ങാം. ഇവിടെ പുറത്തെ മതിൽ ഉയരം കൂട്ടിയെടുത്ത് അതിൽ വെർട്ടിക്കൽ ഗാർഡൻ നൽകി. കൂടാതെ ചെറിയ ഉദ്യാനവും സജ്ജീകരിച്ചു. ഡൈനിങ്ങിലിരുന്നാൽ ഇവിടേക്കു കാഴ്ചയെത്തണമെന്ന വീട്ടുകാരുടെ ആഗ്രഹവും സാധിച്ചിട്ടുണ്ട്.

മുകൾനിലയിലാണ് ഹോം തിയറ്റർ. സാധാരണ തിയറ്ററിൽ ഉയരവ്യത്യാസത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതു പോലെയാണ് ഇവിടെ റിക്ലൈനർ ഇടാനുള്ള സൗകര്യം നൽകിയത്. ഫാമിലി ലിവിങ്ങിൽ ഊഞ്ഞാൽ കട്ടിലിട്ട് ഭംഗിയാക്കി; അവിടെ സ്റ്റഡി ഏരിയയും തയാറാക്കി.
ഓപ്പൻ ടെറസ്സിന് പ്ലാന്റർ ബോക്സുകളും ടെക്സ്ചറും അഴകേകുന്നു. ടെറസ്സിന്റെ മധ്യത്തിൽ പർഗോള നൽകി അതിനു താഴെ ഇരിപ്പിടമൊരുക്കുകയും കൃത്രിമപ്പുല്ല് വിരിച്ച് മനോഹരമാക്കുകയും ചെയ്തു.

വീടിനു മുന്നിൽ മൂന്ന് മീറ്റർ ഫ്രണ്ടേജ് വിട്ടിട്ടുണ്ട്. അവിടെ കട്ട വിരിച്ച് ഇടയിൽ പുല്ല് പിടിപ്പിച്ചു. മാവ്, പ്ലാവ് പോലെയുള്ള ഫലവൃക്ഷങ്ങളും ലാൻഡ്സ്കേപ്പിന്റെ ഭാഗമാണ്. മുറ്റത്ത് കിണറുമുണ്ട്.

കടപ്പാട്: ജിതിൻ എൽദോ തങ്കൻ & സൽജൻ രാജു, ട്രീ ടെറ ആർക്കിടെക്ചർ സ്റ്റുഡിയോ, കോതമംഗലം, ഫോൺ: 9846064024, jithinthankank@gmail.com, saljanraju06@gmail.com