Friday 02 June 2023 12:47 PM IST

ഇഷ്ടത്തിനനുസരിച്ച് പ്ലാൻ കിട്ടിയില്ല; വീട്ടുകാരി തന്നെ പ്ലാൻ വരച്ച വീടിന് സൂപ്പർ ലുക്ക്

Sunitha Nair

Sr. Subeditor, Vanitha veedu

Raj 1

പ്ലാൻ വരയ്ക്കാൻ പലരെയും സമീപിച്ചെങ്കിലും ഗോപകുമാർ - രാജശ്രീ ദമ്പതികൾക്ക് മനസ്സിനിണങ്ങിയതൊന്ന് വരച്ചു കിട്ടിയില്ല. ആർക്കിടെക്ടിന്റെയോ ഡിസൈനറുടെയോ ഇഷ്ടത്തിനല്ല വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ചു വേണം വീട് എന്നുറച്ചു വിശ്വസിക്കുന്ന ഇവർ ഒടുവിൽ ഒരു തീരുമാനമെടുത്തു. സ്വന്തമായി പ്ലാൻ വരയ്ക്കുക.

അങ്ങനെ കോളജ് അധ്യാപികയായ രാജശ്രീ സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും ചേർത്തു വച്ചൊരു പ്ലാൻ വരച്ചു. ഗോപകുമാറിന്റെ ബന്ധുവായ എൻജീനിയറെ കാണിച്ച് വാസ്തുവും കണക്കുകളും ശരിയാക്കി. താൻ വരച്ചതിൽ നിന്ന് വളരെ ചെറിയ മാറ്റങ്ങളേ വേണ്ടിവന്നുള്ളൂ എന്ന് രാജശ്രീ പറയുന്നു. എലിവേഷന്റെ രൂപകൽപനയും വീട്ടുകാർ തന്നെ നിർവഹിച്ചു. ഓൺലൈൻ സൈറ്റിൽ കണ്ടിഷ്ടപ്പെട്ട എലിവേഷൻ പ്ലാനിനുസരിച്ച് മാറ്റിയെടുക്കുകയായിരുന്നു. പണി ഏൽപിച്ച കോൺട്രാക്ടറുടെ നിർദേശങ്ങളും കണക്കിലെടുത്തു.

raj 3 ലിവിങ് സ്പേസ്

ആലപ്പുഴ മുതുകുളത്ത് 2473 ചതുരശ്രയടിയിലുള്ള ഈ വീട് കൊളോണിയൽ-കന്റെംപ്രറി ശൈലികളുടെ സമന്വയമാണെന്നു പറയാം. ഹരിപ്പാടുള്ള അമേസിങ് ഇന്റീരിയേഴ്സ് ആണ് വീട്ടുകാരുടെ നിർദേശങ്ങൾക്കനുസരിച്ച് അകത്തളം ഒരുക്കിയത്. വീട്ടുകാരും ഡിസൈനിങ് ടീമും പരസ്പരം ആശയങ്ങൾ പങ്കുവച്ച് ഡിസൈൻ ചെയ്തതിന്റെ ഗുണം വീടിനുണ്ട് താനും.

താഴത്തെ നിലയിൽ ഫോയർ, ലിവിങ്, കോർട്‌യാർഡ്, ഡൈനിങ്, ഓപ്പൻ കിച്ചൻ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണുള്ളത്. കോർട്‍യാർഡ് മറ്റു മുറികളുടെ അതേ നിരപ്പിൽ തന്നെയാണ് നൽകിയിട്ടുള്ളത്; താഴ്ത്തിയിട്ടില്ല. മുകളിൽ പർഗോള നൽകിയാണ് കോർട്‌യാർഡിന്റെ പ്രതീതി സൃഷ്ടിച്ചിരിക്കുന്നത്. ലിവിങ്ങിലിരുന്നാൽ ഊണുമുറിയോ അടുക്കളയോ കാണാത്ത വി‍ധം സ്വകാര്യത ഉറപ്പാക്കി. എന്നാൽ എല്ലാ മുറികളിൽ നിന്നും കോർട്‌യാർഡിലേക്ക് കാഴ്ചയെത്തും.

മുകളിലെ നിലയിൽ ഹാളും ഒരു കിടപ്പുമുറിയുമാണുള്ളത്. വശങ്ങളിൽ ഗ്ലാസ്സും മുകളിൽ പോളികാർബണേറ്റ് ഷീറ്റുമിട്ട ബാൽക്കണി ഏരിയയുമുണ്ട്. ചെടികൾ കൊണ്ട് അലങ്കരിച്ച ഈയിടം ചെറിയ കൂട്ടായ്മകൾക്ക് വളരെ അനുയോജ്യമാണ്.

raj 4 ഓപ്പൻ കിച്ചനും ടിവി ഏരിയയും

ഫ്ലോറിങ്ങിന് ടൈൽ ഉപയോഗിച്ചു. പ്രധാന വാതിലുകള്‍ തേക്കു കൊണ്ടും മറ്റു ജനലുകളും വാതിലുകളും ആഞ്ഞിലി കൊണ്ടുമാണ്. അടുക്കളയിലെ കാബിനറ്റും വാഡ്രോബുകളും മറ്റ് ഇന്റീരിയർ വർക്കും മറൈൻ പ്ലൈ കൊണ്ടാണ്. ജിെഎ പൈപ്പും ഗ്രാനൈറ്റും ഉപയോഗിച്ചാണ് ഗോവണി നിർമിച്ചത്. ഫർണിച്ചർ റെഡിമെയ്ഡ് വാങ്ങുകയായിരുന്നു.

raj 2 ഗോപകുമാറും രാജശ്രീയും മകളോടൊപ്പം

അച്ഛന്റെ ആന്റിക് കളക്ഷൻ ഭംഗിയായി വീട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം സവിശേഷതകൾ നിറഞ്ഞ മ്യൂറൽ പെയിന്റിങ്, കോർട്‌യാർഡിലെ ടർക്കിഷ് വിളക്ക് എന്നിവയും സന്ദർശകരുടെ മനം കവരുന്നു. നിറയെ കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിൽ ക്രോസ് വെന്റിലേഷൻ ഉറപ്പാക്കിയാണ് ഡിസൈൻ.

Tags:
  • Architecture