Saturday 08 June 2024 04:05 PM IST : By സ്വന്തം ലേഖകൻ

ഇവിടെ വിവാദങ്ങളില്ല; ഉള്ളത് ഒരു കിടപ്പുമുറി പിന്നെ ഇഷ്ടംപോലെ കാറ്റും വെളിച്ചവും. ബിഷപ് ഗീവർഗീസ് മാർ കൂറിലോസിന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ...

bishop 1

ഒരു കിടപ്പുമുറി. ധ്യാനത്തിനും പ്രാർഥനയ്ക്കുമുള്ള സൗകര്യങ്ങളും അത്യാവശ്യ പാചകത്തിന് ചെറിയൊരു അടുക്കളയും. യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനായിരുന്ന ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ ആവശ്യങ്ങൾ ഇതു മാത്രമായിരുന്നു. ചെലവ് പരമാവധി കുറച്ചും നിർമാണസാമഗ്രികൾ പുനരുപയോഗിച്ചും വേണം വീട് നിർമിക്കാനെന്ന ആഗ്രഹത്താലാണ് കോസ്റ്റ്ഫോർഡിനെ നിർമാണച്ചുമതല ഏൽ‌പിച്ചത്. കോസ്റ്റ്ഫോർഡ് നിർമിച്ച ഏതാനും വീടുകൾ നേരത്തേ തന്നെ മനസ്സിലിടം നേടിയിരുന്നു. 24 പഴയ കെട്ടിടങ്ങളിൽ നിന്ന് ശേഖരിച്ച വസ്തുക്കൾകൊണ്ട് വയോജനങ്ങൾക്കായി മല്ലപ്പള്ളിയിൽ നിർമിച്ച ‘ഊര്’ എന്ന വയോജനമന്ദിരവും കോസ്റ്റ്ഫോർഡിനോട് ഇഷ്ടം തോന്നാൻ കാരണമായി.

bishop 2

∙ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മലമുകളിലുള്ള സെന്റ് ഗ്രീഗോറിയോസ് ദയറായോടും അൻപ് വയോജനകേന്ദ്രത്തോടും ചേർന്നുള്ള സ്ഥലത്താണ് വീട്. 1100 ചതുരശ്രയടിയുള്ള വീടിന്റെ പ്ലാനാണ് ആദ്യം തയാറാക്കിയതെങ്കിലും വലുപ്പം 923 ചതുരശ്രയടിയായി ചുരുക്കിയ ശേഷമാണ് വീടുപണി തുടങ്ങിയത്.

bishop 3

∙ പൂമുഖം, നാലുചുറ്റുമുള്ള വരാന്ത, തേക്കാത്ത ഇഷ്ടികച്ചുമരുകൾ, ഓടുമേഞ്ഞ മേൽക്കൂര എന്നിവയാണ് വീടിന് മനോഹാരിത പകരുന്ന ഘടകങ്ങൾ. ലിവിങ്–ഡൈനിങ്– അടുക്കള എന്നിവ ഉൾപ്പെടുന്ന ഹാൾ, ലൈബ്രറി, ഒരു കിടപ്പുമുറി എന്നിവയാണ് വീട്ടിലുള്ളത്.

bishop 4

∙ സ്ഥലത്തിന്റെ ഒരുഭാഗം നിറയെ പാറയാണ്. ഇവിടെ നിന്നു ശേഖരിച്ച കരിങ്കൽക്കഷണങ്ങളും മട്ടിക്കല്ലുകളും ഉപയോഗിച്ചാണ് അടിത്തറ കെട്ടിയത്. മുറ്റത്ത് ഇരിപ്പിടങ്ങൾ ഒരുക്കാനും അതിരുതിരിക്കാനും ഇതേകല്ലുകൾ തന്നെ ഉപയോഗിച്ചു.

∙ പൂമുഖം ആദ്യം ഉദ്ദേശിച്ചിരുന്നതല്ല. നല്ല കാറ്റും ചുറ്റുപാടുമുള്ള കാഴ്ചകളുമാണ് പൂമുഖത്തിന് വഴിയൊരുക്കിയത്. രണ്ടര അടി പൊക്കത്തിൽ ഇഷ്ടികയും അതിനു മുകളിൽ പഴയ തടികൊണ്ടുള്ള തൂണുകളും നൽകിയാണ് ഇവിടം നിർമിച്ചത്. പൂമുഖത്തിന്റെയും വരാന്തയുടെയും മേൽക്കൂര കോൺക്രീറ്റ് ചെ യ്തിട്ടില്ല. സ്റ്റീൽ ട്രസ്സിൽ പഴയ ഓടുമേഞ്ഞിരിക്കുകയാണ്. ജി ഐ സ്ക്വയർ ട്യൂബ് കൊണ്ടാണ് വരാന്തയുടെ തൂണുകൾ.

∙ പ്രായമായവർക്കും മറ്റും വീടിനുള്ളിലേക്കു കടക്കാനായി വരാന്തയോടു ചേർന്ന് റാംപ് മാതൃകയിലുള്ള പാതയുണ്ട്.

∙ വയർകട്ട് ഇഷ്ടികയും സെമി വയർകട്ട് ഇഷ്ടികയും ഇടകലർത്തിയാണ് ചുമര് കെട്ടിയത്. കാഴ്ചയിൽ മുഴുവനും വയർകട്ട് ഇഷ്ടികയാണെന്നേ തോന്നൂ. പുറംഭാഗത്ത് പ്ലാസ്റ്റർ ചെയിതില്ല. ഉള്ളിൽ കുറച്ചിടത്ത് പ്ലാസ്റ്റർ ചെയ്ത് പെയിന്റടിച്ചു.

∙ പഴയ തടി ഉപയോഗിച്ച് പുതിയതായി പണിതതാണ് വാതിലുകളും ജനലുമെല്ലാം. ഫർണിച്ചർ, സ്വിച്ച് ബോർഡ്, ഷെൽഫ് തുടങ്ങിയവ നിർമിക്കാനും പഴയ തടി ഉപയോഗിച്ചു.

bishop 5

∙ കാറ്റും വെളിച്ചവും കടക്കാനായി എല്ലാ ജനലുകൾക്കു മുകളിലും അഴികൾ നൽകി. കാറ്റിന്റെ പാതയ്ക്കനുസരിച്ചാണ് വാതിലുകളുടെയും ജനലുകളുടെയും സ്ഥാനം.

∙ ബേവിൻഡോ രീതിയിലാണ് കിടപ്പുമുറിയിലെ ജനൽ. ഇവിടെയുള്ള ഗ്രാനൈറ്റ് സ്ലാബിൽ ഇരിക്കുകയും കിടക്കുകയുമൊക്കെയാകാം.

∙ പഴയ ഓട് വെച്ച് ഫില്ലർസ്ലാബ് രീതിയിലാണ് ഉൾഭാഗത്തിന്റെ മേൽക്കൂര വാർത്തത്. അതിനു മുകളിൽ ജിഐ ട്രസ് പിടിപ്പിച്ച് ഓടുമേഞ്ഞു. ഇതുകാരണം വീടിനുള്ളിൽ ചൂട് കുറവാണ്.

∙ പാറ ഉള്ളതിനാൽ മണ്ണിൽ മണലിന്റെ അംശം വളരെ കൂടുതലായിരുന്നു. ഇത് അരിച്ചെടുത്ത് കോൺക്രീറ്റിങ്ങിനും പ്ലാസ്റ്ററിങ്ങിനും ഉപയോഗിച്ചു.

∙ ഹാളിന്റെ ഒരറ്റത്തായാണ് ‘സ്ട്രെയിറ്റ് ലൈൻ കിച്ചൻ’. സിങ്ക്, അടുപ്പ് എന്നിവ ഇവിടെ ക്രമീകരിച്ചു. പഴയ തടി, പ്ലൈവുഡ് എന്നിവകൊണ്ടാണ് കാബിനറ്റ്.  ചിത്രങ്ങൾ: ഹരികൃഷ്ണൻ

Tags:
  • Architecture