Thursday 03 February 2022 02:55 PM IST

വാസ്തുനിയമങ്ങൾ തെറ്റിക്കാതെ 45 വർഷം പഴക്കമുള്ള വീട് പുതുക്കിയപ്പോൾ

Sunitha Nair

Sr. Subeditor, Vanitha veedu

renovation 7

പെരുമ്പാവൂരിനടുത്ത് കൂവപ്പടിയിലെ ഗ്രിഗി– അനുജ ദമ്പതികളുടെ 45 വർഷം പഴക്കമുള്ള വീടിനെ പുതുക്കിയെടുത്ത കഥയാണ് ഡിസൈനർമാരായ ജിതിനും സൽജനും പറയാനുള്ളത്. വീട് പുതുക്കാൻ വീട്ടുകാർക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ചെറിയ മുറികൾ, വെളിച്ചക്കുറവ് അങ്ങനെയങ്ങനെ...സത്യത്തിൽ പുതിയ വീട് പണിയുന്നതാണ് എളുപ്പവും ലാഭവുമെന്നു പറയാം. എന്നാൽ വീട്ടുകാരി അനുജയ്ക്ക് മാതാപിതാക്കൾ നൽകിയ വീട് പൊളിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ! അത്രയ്ക്കുണ്ട് ഈ വീടുമായുള്ള വൈകാരിക അടുപ്പം.

renovation 10

പുതുക്കുമ്പോൾ വാസ്തുവനുസരിച്ചുള്ള കണക്കിലും ചുറ്റളവിലും മാറ്റം വരരുതെന്നും വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം ഒരു വെല്ലുവിളി ആയിരുന്നുവെന്ന് ഡിസൈനിങ് ടീം ഓർമിക്കുന്നു. മാറ്റങ്ങളിൽ പ്രധാനം ചെറിയ മുറികൾ പൊളിച്ച് വലുതാക്കി എന്നതാണ്. ഉറപ്പിനായി ബീമുകൾ നൽകി. വെളിച്ചത്തിനായി ചെറിയ ജനാലകളെല്ലാം മാറ്റി വലുതാക്കി.

renovation 2

സിറ്റ്ഔട്ട്, ഫോർമൽ, ഫാമിലി ലിവിങ്ങുകൾ ചേർന്ന ഹാൾ, ഡൈനിങ്, കോർട്‌യാർഡ്, ഓപൻ കിച്ചൻ, വർക് ഏരിയ, നാല് കിടപ്പുമുറികൾ എന്നിവ ചേരുന്നതാണ് 2200 ചതുരശ്രയടിയുള്ള വീട്. ഫോർമൽ ലിവിങ്ങിനെയും ഫാമിലി ലിവിങ്ങിനെയും വേർതിരിക്കാൻ വു‍ഡൻ പാർട്ടീഷൻ നൽകി. പുതിയതായി നൽകിയ കോർട്‌യാർഡിന് സ്ലൈഡിങ് ഗ്ലാസ് ജനാലകളാണ്. അതുവഴി കാറ്റും വെളിച്ചവും അകത്തെത്തും. അടുക്കളയിൽ ഒരറ്റത്തായി നൽകിയിട്ടുള്ള പർഗോളയിലൂടെ സൂര്യപ്രകാശം ഉള്ളിലെത്തുന്നു. ഈ പർഗോള പെട്ടെന്ന് കാഴ്ചയിൽ പെടാത്ത വി‍ധമാണ് നൽകിയത്. കിടപ്പുമുറികൾ ഒന്നിച്ചു നൽകി. പൊതുവായ ഇടനാഴിയിൽ നിന്ന് ഇവയിലേക്ക് പ്രവേശിക്കാം. ബാത്റൂമുകളെല്ലാം ആധുനിക രീതിയിൽ വെറ്റ് ഏരിയ വേർതിരിച്ച് സജ്ജീകരിച്ചു.

renovation 3

ലൈബ്രറി കം ഗെസ്റ്റ് റൂം വേണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അതനുസരിച്ച് ആവശ്യാനുസരണം ഗെസ്റ്റ് റൂമാക്കാവുന്ന ലൈബ്രറി ഒരുക്കി.

renovation 1 jpg

ലൈറ്റിങ്ങിന് വളരെ പ്രാധാന്യം നൽകിയിട്ടുണ്ട്. ജിപ്സം ഫോൾസ് സീലിങ് നൽകിയാണ് ലൈറ്റിങ് ചെയ്തിരിക്കുന്നത്. സീലിങ്ങിൽ ഭംഗിക്കായി മൾട്ടിവുഡ് ബോക്സും നൽകിയിട്ടുണ്ട്.

renovation 8

മതിൽ പൊളിഞ്ഞു പോയിരുന്നു. അത് പുതിയതായി കെട്ടി. രണ്ട് കാർ പാർക്ക് ചെയ്യാൻ സാധിക്കുന്ന പുതിയ പോർച്ച് നൽകി. കുട്ടികൾക്കായി പ്ലേ ഏരിയയും പുറത്ത് ഒരുക്കി.

renovation 4

ഏഴ് ഏക്കറിലാണ് വീട്. വീടിനെ പറമ്പുമായി വേർതിരിക്കാൻ ചുറ്റും ഗ്രിൽ പോലെ കെട്ടി. മേൽക്കൂരയിൽ ട്രസ് വർക് ചെയ്ത് സെറാമിക് ഓട് പാകി. ഫ്ലോറിങ്ങിന് വിട്രിഫൈഡ് ടൈലാണ്. എക്സ്റ്റീരിയറിലെ ഒരു ചുമരും ടിവി യൂണിറ്റും ടെക്സ്ചർ ചെയ്തു. മുന്നിലെ തൂണിന് നാച്വറൽ സ്റ്റോൺ ക്ലാഡിങ് നൽകി. സിറ്റ്ഔട്ടിലെ പടികളിറങ്ങുമ്പോൾ നനയാതിരിക്കാൻ പർഗോള നൽകിയിട്ടുണ്ട്.

renovation 5

തേക്കിലാണ് ഇന്റീരിയർ പാനലിങ്ങും ഫർണിച്ചറുമെല്ലാം. പ്രധാന വാതിലിനൊപ്പം സുരക്ഷയ്ക്കായി ഗ്രിൽ നൽകിയിട്ടുണ്ട്. ഈ ഗ്രിൽ തേക്കു പോലെ പെയിന്റ് ചെയ്തെടുത്തു.

renovation 9

സിസിടിവി, സോളർ തുടങ്ങിയ സൗകര്യങ്ങളും നൽകി. എലിവേഷനിൽ പഴയ വീടിന്റെ ഛായ കാണാമെങ്കിലും അകമേക്ക് ഇതൊരു പുതിയ വീടാണ്.

കടപ്പാട്: ജിതിൻ എൽദോ തങ്കൻ, സൽജോ രാജു, jithinthankank@gmail.com, saljanraju06@gmail.com

 

Tags:
  • Architecture